ക്രിസ്റ്റഫർ കൊളംബസിനും 470 വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ എത്തിച്ചേർന്ന സാഹസികര്‍ ആരാണ്?

By Web TeamFirst Published Oct 21, 2021, 12:53 PM IST
Highlights

വൈക്കിങ്ങുകൾ താമസിച്ചിരുന്ന കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലെ എൽ ആൻസ് ഓക്സ് മെഡോസിലെ മരങ്ങൾ പരിശോധിച്ചപ്പോഴാണ് ശാസ്ത്രജ്ഞർക്ക് കൃത്യമായ വർഷം തിരിച്ചറിയാൻ കഴിഞ്ഞത്. 

അമേരിക്കൻ ഭൂഖണ്ഡങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച സാഹസികനായ ഇറ്റാലിയൻ കടൽ സഞ്ചാരിയാണ്‌ ക്രിസ്റ്റഫർ കൊളംബസ്(Christopher Columbus). 1492 -ലാണ് കൊളംബസ് അമേരിക്ക(America)യിലെത്തിയത് എന്നാണ് വിശ്വാസം. എന്നാൽ, പുതിയൊരു പഠനത്തിന് പിന്നാലെ ചരിത്രകാരന്മാർ പറയുന്നത് നോർഡിക് യാത്രികർ അതിന് ഏകദേശം 470 വർഷങ്ങൾക്ക് മുമ്പ് തന്നെ അമേരിക്കയിൽ എത്തിച്ചേർന്നു എന്നാണ്. വടക്കേ അമേരിക്കയിൽ ആദ്യമായി കാലുകുത്തിയത് ഐസ്ലാൻഡിക് പര്യവേക്ഷകനായ ലീഫ് എറിക്സന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വൈക്കിങ്ങുകളാണ്(Vikings) എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അത് എ ഡി 1021 -ലായിരുന്നു എന്നാണ് അനുമാനിക്കുന്നത്. സ്കാൻഡിനേവിയൻ ജനതയിലെ ഒരു വിഭാഗമാണ് വൈക്കിങ്ങുകൾ.  

വൈക്കിങ്ങുകൾ താമസിച്ചിരുന്ന കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലെ എൽ ആൻസ് ഓക്സ് മെഡോസിലെ മരങ്ങൾ പരിശോധിച്ചപ്പോഴാണ് ശാസ്ത്രജ്ഞർക്ക് കൃത്യമായ വർഷം തിരിച്ചറിയാൻ കഴിഞ്ഞത്. ഇന്ന് ആ സ്ഥലം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്നു. അവിടെ ഉണ്ടായിരുന്ന മൂന്ന് വ്യത്യസ്ത മരങ്ങളിൽ നിന്ന് ശേഖരിച്ച മൂന്ന് തടിചീന്തുകൾ ഗ്രോണിൻഗൻ സർവകലാശാലയിലെ ഭൂമിശാസ്ത്രജ്ഞരായ മൈക്കൽ ഡി, മാർഗോട്ട് കോയ്റ്റംസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സൂക്ഷ്മമായി പരിശോധിച്ചു. അത് വൈക്കിങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഗവേഷകർ മനസ്സിലാക്കി. ഓരോ മരക്കഷണവും ലോഹത്താൽ നിർമ്മിച്ച ബ്ലേഡുകൾ ഉപയോഗിച്ച് മുറിച്ചിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി. അക്കാലത്ത് പ്രദേശത്തെ തദ്ദേശവാസികൾ ഉപയോഗിച്ചിട്ടില്ലാത്ത ലോഹ ഉപകരണങ്ങളായിരുന്നു അത്. അതുകൊണ്ട് തന്നെ ഇത് വൈക്കിംഗുകളുടേതാണെന്ന് ശാസ്ത്രജ്ഞർ ഉറപ്പിച്ചു.  

അതേസമയം, ഇപ്പോൾ മാത്രമാണ് വൈക്കിങ്ങുകൾ അമേരിക്കയിൽ എത്തിയ സമയം ശാസ്ത്രീയമായി കണ്ടെത്താൻ സാധിച്ചത്. മുൻപ് പറഞ്ഞ് പ്രചരിച്ച ചരിത്രങ്ങൾ മാത്രമായിരുന്നു ആധാരം. 992 AD -ൽ ഒരു വലിയ സൗര കൊടുങ്കാറ്റ് രൂപപ്പെട്ടിരുന്നു. അതേ തുടർന്നുണ്ടായ റേഡിയോകാർബൺ സിഗ്നൽ പരിശോധിച്ചപ്പോഴാണ് കൃത്യമായ വർഷം നിർണ്ണയിക്കാനായത്. ഈ കണ്ടെത്തൽ യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്ക് മനുഷ്യർ വന്നതിന്റെ ആദ്യകാല രേഖയാണെന്ന് അനുമാനിക്കുന്നു. ഈ പഠനം നേച്ചർ ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.  

click me!