
ഇന്റർനെറ്റിൽ തരംഗമായി തായ്‌വാനീസ് പോപ്പ് സെൻസേഷൻ ജോളിൻ സായ്‍യുടെ പുതിയ പെർഫോമൻസിന്റെ വീഡിയോ. 30 മീറ്റർ നീളമുള്ള ഭീമാകാരമായ പാമ്പിന്റെ തലയുള്ള ഒരു വേദിയിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി മാറിയത്. ഡിസംബർ 30 മുതൽ ജനുവരി 1 വരെ തായ്‌പേയിൽ ആരംഭിച്ച 'പ്ലെഷർ' വേൾഡ് ടൂറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായിരുന്നു ആളുകളെ ആവേശത്തിലാഴ്ത്തിയ വ്യത്യസ്തമായ ഈ പ്രകടനം. കോടികൾ ചെലവഴിച്ച് നടത്തുന്ന പ്ലഷർ വേൾഡ് ടൂർ ഏറെ പ്രതീക്ഷയോടെയാണ് ജോളിൻ സായും ആരാധകരും കാണുന്നത്.
ഏഷ്യയിലെ ഏറ്റവും ക്രിയേറ്റീവ് ആൻഡ് ബോൾഡ് ലൈവ് പെർഫോമർമാരിൽ ഒരാളായിട്ടാണ് ജോളിൻ സായ്‍യെ കാണക്കാക്കുന്നത്. പാമ്പിന്റെ തലയ്ക്ക് സമാനമായ ഈ പുതിയ സ്റ്റേജ് കാണികളെ ശരിക്കും അമ്പരപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്രൂ അംഗങ്ങളാണ് തത്സമയം ഈ പാമ്പിന്റെ തല വിവിധ ദിശകളിലേക്ക് ചലിപ്പിക്കുന്നത്. പാമ്പിന്റെ മുകളിൽ നിന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പാടുന്ന ജോളിൻ സായ്‍യെ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ കാണാം. 'സിനിമാറ്റിക്', 'ബോൾഡ്', 'ഫിയർലെസ്' എന്നൊക്കെയാണ് ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നത്.
തായ്‌പേയിലെ ഒരു പ്രധാന സ്റ്റേഡിയത്തിൽ നടന്ന മൂന്ന് രാത്രിയിലെ പരിപാടിയിൽ 120,000-ത്തിലധികം ആരാധകർ പങ്കെടുത്തു. ഓരോ രാത്രിയിലും ഏകദേശം 40,000 പേരാണ് പങ്കെടുത്തത്. അതിനാൽ തന്നെ ഏറ്റവും വലിയ പോപ്പ് ഇവന്റുകളിൽ ഒന്നായി ഇത് മാറുകയും ചെയ്തു. തായ്‌വാനീസ് മാധ്യമമായ കെബിസൂമിന്റെ റിപ്പോർട്ട് പ്രകാരം, ഈ ടൂറിന്റെ പ്രൊഡക്ഷനായി സായ് 900 മില്യൺ NT$ (ഏകദേശം 200 കോടി രൂപ) നിക്ഷേപിച്ചതായിട്ടാണ് പറയുന്നത്. ഇത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ ഏഷ്യൻ പോപ്പ് ടൂറുകളിൽ ഒന്നായി മാറും ഇതോടെ.