മിറ്റ്‌സ്‌കി ഇനിയൊരു സിനിമ; സംഗീത പരിപാടിയുടെ തീവ്രതയുമായി 'ദി ലാന്‍ഡ്' തിയറ്ററുകളിലേക്ക്

Published : Oct 16, 2025, 05:39 PM IST
Mitsuki Laycock

Synopsis

'മിറ്റ്‌സ്‌കി: ദി ലാന്‍ഡ്' എന്നാണ് ഒരു മണിക്കൂര്‍ 18 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ പേര്. തന്റെ പ്രശസ്തമായ 'ദി ലാന്‍ഡ് ഈസ് ഇന്‍ഹോസ്പിറ്റബിള്‍ ആന്‍ഡ് സോ ആര്‍ വി'എന്ന ഏഴാമത്തെ ആല്‍ബത്തിന്റെ ഭാഗമായി, 2024 സെപ്റ്റംബറില്‍ അറ്റ്ലാന്റയിലെ….

ന്യൂയോര്‍ക്ക്: അഗാധം, വൈകാരികം. ഉള്ളുതൊടുന്ന വരികളിലൂടെയും ആകര്‍ഷകമായ ഈണങ്ങളിലൂടെയും പുതുതലമുറയുടെ ഹൃദയമിടിപ്പായി മാറിയ ജാപ്പനീസ്-അമേരിക്കന്‍ ഗായിക മിറ്റ്‌സ്‌കിയെ വിശേഷിപ്പിക്കാന്‍ ഈ രണ്ടു വാക്കുകള്‍ മതി. ലോകമെമ്പാടും ആരാധകരുള്ള മിറ്റ്‌സ്‌കിയുടെ സംഗീത ജീവിതവുമായി ബന്ധപ്പെട്ട് പുതിയ ഒരു ഡോക്യുമെന്ററി സിനിമ വരികയാണ് ഇപ്പോള്‍.

'മിറ്റ്‌സ്‌കി: ദി ലാന്‍ഡ്' എന്നാണ് ഒരു മണിക്കൂര്‍ 18 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ പേര്. തന്റെ പ്രശസ്തമായ 'ദി ലാന്‍ഡ് ഈസ് ഇന്‍ഹോസ്പിറ്റബിള്‍ ആന്‍ഡ് സോ ആര്‍ വി'എന്ന ഏഴാമത്തെ ആല്‍ബത്തിന്റെ ഭാഗമായി, 2024 സെപ്റ്റംബറില്‍ അറ്റ്ലാന്റയിലെ ഫോക്‌സ് തിയേറ്ററില്‍ മിറ്റ്‌സ്‌കി നടത്തിയ മൂന്ന് സംഗീത പരിപാടികളില്‍നിന്നുള്ള ദൃശ്യങ്ങള്‍ സംയോജിപ്പിച്ചാണ് കണ്‍സേര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.

'മിറ്റ്സ്‌കി: ദി ലാന്‍ഡ്' തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുകയെന്ന് മിറ്റ്സ്‌കി ഔദ്യോഗിക ന്യൂസ് ലെറ്ററിലൂടെ ആരാധകരെ അറിയിച്ചു. ഒക്ടോബര്‍ 22 മുതല്‍ ചെറിയ കാലയളവിലാണ് ചിത്രത്തിന്റെ തിയേറ്റര്‍ പ്രദര്‍ശനം നടക്കുകയെന്ന് വിതരണക്കാരായ ട്രാഫല്‍ഗര്‍ റിലീസിംഗ് അറിയിച്ചു. ഒരു ലൈവ് മിറ്റ്സ്‌കി ഷോയുടെ മനോഹരമായ കാഴ്ചകളും ശബ്ദാനുഭവങ്ങളും അതേ തീവ്രതയോടെ ഈ ഫീച്ചര്‍-ലെങ്ത് കണ്‍സേര്‍ട്ട് ഫിലിം പ്രേക്ഷകരിലേക്ക് എത്തിക്കും.

എന്തൊക്കെ പ്രത്യേകതകള്‍?

മിറ്റ്‌സ്‌കിയും, മോണികര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ഗ്രാന്റ് ജെയിംസ് ആണ് സംവിധായകന്‍. ഗായികയുടെ സ്വപ്നതുല്യമായ, വേറിട്ട പ്രകടന ശൈലിക്ക് പ്രാധാന്യം നല്‍കുന്നതാണ് ഈ ചിത്രം. പാട്രിക് ഹൈലാന്‍ഡ് ആണ് തത്സമയ ഓഡിയോ മിക്‌സിംഗ് നിര്‍വ്വഹിച്ചത്. ഏഴ് അംഗങ്ങളുള്ള ബാക്കിംഗ് ബാന്‍ഡും, ആന്‍ഡി വാട്‌സണ്‍ രൂപകല്‍പ്പന ചെയ്ത മിനിമലിസ്റ്റ് സ്റ്റേജ് സജ്ജീകരണവും ചിത്രത്തിലുണ്ട്. മിറ്റ്‌സ്‌കിയുടെ ചലനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയില്‍ മോണിക്ക മിറാബിലി ആണ് നൃത്തസംവിധാനം നിര്‍വ്വഹിച്ചത്.

ഏതൊക്കെ ഗാനങ്ങള്‍?

മിറ്റ്സ്‌കിയുടെ ഏറ്റവും ജനപ്രിയമായ ഗാനങ്ങളായ 'മൈ ലവ് മൈന്‍ ഓള്‍ മൈന്‍', 'നോബഡി,' 'ഐ ബെറ്റ് ഓണ്‍ ലൂസിംഗ് ഡോഗ്സ്' എന്നിവ കൂടാതെ, 2023-ല്‍ പുറത്തിറങ്ങിയ ആല്‍ബം 'ദി ലാന്‍ഡ് ഈസ് ഇന്‍ഹോസ്പിറ്റബിള്‍ ആന്‍ഡ് സോ ആര്‍ വി'എന്ന ആല്‍ബത്തിലെ അധികം അറിയപ്പെടാത്ത ട്രാക്കുകളുടെ പുനഃസൃഷ്ടികളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മിറ്റ്‌സ്‌കി ദീര്‍ഘവീക്ഷണമുള്ള കലാകാരിയാണെന്നും അവരുടെ ആദ്യ കണ്‍സേര്‍ട്ട് ചിത്രം വളരെ സവിശേഷമാണെന്നും ട്രഫാല്‍ഗര്‍ റിലീസിംഗിന്റെ സിഇഒ മാര്‍ക്ക് അലെന്‍ബി പറഞ്ഞു. ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് ഈ ചിത്രം എത്തിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്