അച്ചടിപ്പിശക്, ബൈബിളിൽ 'നീ വ്യഭിചരിക്കരുത്' എന്നതിന് പകരം 'നീ വ്യഭിചരിക്കുക', കോപ്പി കണ്ടെത്തി

Published : May 03, 2022, 02:26 PM IST
അച്ചടിപ്പിശക്, ബൈബിളിൽ 'നീ വ്യഭിചരിക്കരുത്' എന്നതിന് പകരം 'നീ വ്യഭിചരിക്കുക', കോപ്പി കണ്ടെത്തി

Synopsis

പകർപ്പ് കണ്ടെത്തുമ്പോൾ, താരതമ്യേന മോശമായ അവസ്ഥയിലായിരുന്നു. കവറില്ലാതെ, കേടുപാടുകൾ സംഭവിച്ച്, അവസാനത്തെ ചില പേജുകൾ ഇല്ലാതെയായിരുന്നു അതുണ്ടായിരുന്നത്. 

അച്ചടിപ്പിശകിന്‍റെ പേരിൽ കുപ്രസിദ്ധിയാർജിച്ച ഒരു അപൂർവ ബൈബിൾ (rare bible) ന്യൂസിലാൻഡി(New Zealand)ൽ നിന്ന് കണ്ടെത്തി. 1631 -ൽ അച്ചടിച്ച ആ ബൈബിളിൽ വലിയൊരു അക്ഷരത്തെറ്റുണ്ടായി. ബൈബിൾ അച്ചടിച്ചപ്പോൾ ഏഴാമത്തെ കൽപ്പനയിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ട വാക്കായ 'അല്ല' എന്നത് അശ്രദ്ധ മൂലം ഒഴിവാക്കപ്പെട്ടു. ഇതോടെ 'നീ വ്യഭിചരിക്കരുത്' എന്നത്, അറിയാതെ 'നീ വ്യഭിചരിക്കുക' എന്നായി മാറി. ബൈബിളിന്റെ ഈ പകർപ്പ് 'വിക്കഡ് ബൈബിൾ' (“Wicked” Bible) എന്നാണ് അറിയപ്പെടുന്നത്.  

ജെയിംസ് ഒന്നാമന്റെ കീഴിൽ 1631 -ൽ ലണ്ടനിലാണ് ബൈബിൾ അച്ചടിച്ചത്. 'പാപികളുടെ ബൈബിൾ' എന്നറിയപ്പെടുന്ന പുസ്തകത്തിന്റെ ആയിരം കോപ്പികളാണ് ആ വർഷം പുറത്തിറങ്ങിയത്. രസകരമായ കാര്യം, അപ്പോഴൊന്നും ആരും അത് ശ്രദ്ധിച്ചില്ല. ഒടുവിൽ സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞപ്പോഴാണ് ഈ വാചകത്തിലെ പിശക് കണ്ടെത്തുന്നത്.  അബദ്ധം മനസിലാക്കിയപ്പോൾ, ചാൾസ് ഒന്നാമൻ ക്ഷുഭിതനായി. പുസ്തകം അച്ചടിച്ച റോബർട്ട് ബാർക്കറെയും, മാർട്ടിൻ ലൂക്കാസിനെയും ചാൾസ് ഒന്നാമൻ രാജസഭയിൽ വിളിച്ചുവരുത്തി. അപകീർത്തികരമായ അക്ഷരപ്പിശകിനും ജോലിയിലെ അശ്രദ്ധയ്ക്കും അവരെ ശാസിച്ചു. അവരുടെ പ്രിന്റിംഗ് ലൈസൻസ് എടുത്തുകളഞ്ഞു. വർഷങ്ങളോളം £300 പിഴയായി ചുമത്തി. കൂടാതെ, വ്യഭിചാരം ചെയ്യാൻ പ്രോൽസാഹിപ്പിക്കുന്ന ബൈബിളിന്റെ ഓരോ കോപ്പിയും ശേഖരിച്ച് കത്തിക്കാൻ ഉത്തരവിട്ടു. എന്നാൽ, എല്ലാ ബൈബിളും കണ്ടെത്താൻ സാധിച്ചില്ല. ഏകദേശം 20 എണ്ണത്തോളം അപ്പോഴും പ്രചാരത്തിൽ അവശേഷിച്ചു.  

അവശേഷിക്കുന്ന ബൈബിൾ പകർപ്പുകൾ കാലാകാലങ്ങളിൽ ബ്രിട്ടനിലോ യുഎസ്സിലോ ലേലത്തിൽ വരാറുണ്ട്. എന്നാൽ, ന്യൂസിലാൻഡിൽ ഇതാദ്യമായാണ് ഒരെണ്ണം കണ്ടെത്തുന്നതെന്ന് ക്രൈസ്റ്റ് ചർച്ചിലെ കാന്റർബറി സർവകലാശാല പറയുന്നു. 2018 -ലാണ് സർവകലാശാല ഇതിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. എന്നാൽ, പുസ്തകത്തെ കുറിച്ച് കൂടുതായി പഠിക്കാൻ ഗവേഷകരും പുസ്തക സംരക്ഷകരും അത് ഒരു രഹസ്യമാക്കി വച്ചു. ഒരു മുൻ വിദ്യാർത്ഥിയാണ് ഇത് തനിക്ക് കൊണ്ടുത്തന്നതെന്ന് കാന്റർബറി യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി അസോസിയേറ്റ് പ്രൊഫസറായ ക്രിസ് ജോൺസ് പറഞ്ഞു. ഒരു ബുക്ക്‌ബൈൻഡറുടെ എസ്റ്റേറ്റ് വാങ്ങിയപ്പോൾ അവിടെ നിന്ന് ലഭിച്ചതാണ് ഇതെന്ന് വിദ്യാർത്ഥി പറഞ്ഞു. 1950 -കളുടെ അവസാനത്തിൽ യുകെയിൽ നിന്ന് ന്യൂസിലാൻഡിൽ എത്തിയ ബുക്ക് ബൈൻഡർ 2009 -ൽ ക്രൈസ്റ്റ് ചർച്ചിൽ വച്ച് മരണമടഞ്ഞു.  

വിക്കഡ്‌ ബൈബിളിൽ മറ്റൊരു അക്ഷരപ്പിശക് കൂടിയുണ്ട്. ആവർത്തനപുസ്‌തകം 5:24 ദൈവത്തിന്റെ മഹത്വം പ്രഖ്യാപിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ, വിക്കഡ് ബൈബിളിൽ മഹത്വത്തെ സൂചിപ്പിക്കുന്ന വാക്കായ ഗ്രേയ്റ്റ്നെസ്സ് എന്നതിന് പകരം ഗ്രേയ്റ്റ് ആസ്‌ എന്നായിരുന്നു അച്ചടിച്ചത്. പല ബൈബിളുകളിലും കുടുംബ പരമ്പര, തീയതികൾ, സ്ഥലങ്ങൾ, ജനനമരണങ്ങളുടെ റെക്കോർഡിംഗുകൾ എന്നിവയുടെ വിശദമായ വിവരണങ്ങൾ അടങ്ങിയിരിക്കുന്നിടത്ത്, ഈ പകർപ്പിന് ഒരു അവ്യക്തമായ പേര് മാത്രമേയുള്ളൂ.

പകർപ്പ് കണ്ടെത്തുമ്പോൾ, താരതമ്യേന മോശമായ അവസ്ഥയിലായിരുന്നു. കവറില്ലാതെ, കേടുപാടുകൾ സംഭവിച്ച്, അവസാനത്തെ ചില പേജുകൾ ഇല്ലാതെയായിരുന്നു അതുണ്ടായിരുന്നത്. ബുക്ക് ആൻഡ് പേപ്പർ കൺസർവേറ്റർ സാറാ അസ്‌കി ഇതിനെ നന്നാക്കി, പുതിയ കവർ നൽകി. പുസ്തകം ഇപ്പോൾ പൂർണ്ണമായി ഡിജിറ്റൈസ് ചെയ്‌തിട്ടുണ്ട്. വരും മാസങ്ങളിൽ ഒരു വെബ്‌സൈറ്റ് വഴി പൊതുജനങ്ങൾക്ക് ഇത് സൗജന്യമായി ലഭ്യമാക്കും.  

PREV
Read more Articles on
click me!

Recommended Stories

നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്