
ദില്ലി: ജനുവരി വരെയുളള കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്‍റെ ധനക്കമ്മി ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ചതിന്‍റെ 121.5 ശതമാനമായി ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പുതുക്കിയ ലക്ഷ്യപ്രകാരം ധനക്കമ്മി 6.34 ലക്ഷം കോടിയില്‍ നിയന്ത്രിച്ച് നിര്‍ത്താനായിരുന്നു പദ്ധതി.
എന്നാല്‍, ഈ സാമ്പത്തിക വര്‍ഷത്തെ പത്ത് മാസത്തെ കണക്കെടുപ്പില്‍ തന്നെ ധനക്കമ്മി 7.7 ലക്ഷം കോടിയായി ഉയര്‍ന്നു. 2018 ജനുവരി അവസാനം പ്രതീക്ഷിച്ചിരുന്നതിന്‍റെ 113.7 ശതമാനമായിരുന്നു ധനകമ്മി. കേന്ദ്ര സര്‍ക്കാരിന്‍റെ വരുമാനവും ചെലവും തമ്മിലുളള വ്യത്യാസമാണ് ധനക്കമ്മി.
കംപ്ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ജനുവരി വരെ 11.81 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന്‍റെ മൊത്ത വരുമാനം. എന്നാല്‍, സര്‍ക്കാരിന്‍റെ മൊത്തം ചെലവ് ആകട്ടെ 20.01 ലക്ഷം കോടിയും. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ (ജിഡിപി) 3.3 ശതമാനമായി ധനക്കമ്മി നിയന്ത്രിച്ച് നിര്‍ത്തനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.