
ബെയ്ജിംഗ്: ചൈനയുടെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ജിഡിപി കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയതെന്ന് പഠന റിപ്പോര്‍ട്ട്. 2008 മുതല്‍ 2016 വരെയുളള കാലയളവിലെ ചൈനയുടെ ജിഡിപി നിരക്കുകളാണ് യഥാര്‍ത്ഥ സാമ്പത്തിക വളര്‍ച്ചയെക്കാളും 1.7 ശതമാനം പെരുപ്പിച്ച് കാട്ടിയത്.
ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോംഗിലെയും ചിക്കാഗോ യൂണിവേഴ്സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നിക്ഷേപക ലക്ഷ്യങ്ങള്‍, സാമ്പത്തിക വളര്‍ച്ചാ തുടങ്ങിയവ കൈവരിച്ചുവെന്ന് കാണിക്കാനായി ചൈനയിലെ പ്രാദേശിക സര്‍ക്കാരുകളാണ് കണക്കുകള്‍ പെരുപ്പിക്കുന്നത്. ഇതേക്കുറിച്ച് രാജ്യത്തിന്‍റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിക്സിനും (എന്‍ബിഎസ്) അറിവുളളതായി പഠന റിപ്പോര്‍ട്ടിലുണ്ട്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച് കഴിഞ്ഞ ആഴ്ച്ച ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട് ചൈനീസ് നിക്ഷേപകരില്‍ വ്യാപകമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.