നിരീക്ഷകരായി കലക്ടര്‍മാര്‍: കേരള ബാങ്ക് രൂപീകരണം രാഷ്ട്രീയ പോരാകുമോ?

By Web TeamFirst Published Mar 6, 2019, 10:27 AM IST
Highlights

നടപടികളില്‍ സുതാര്യത ഉറപ്പാക്കാന്‍ നിരീക്ഷകര്‍ യോഗങ്ങളില്‍ ഹാജരായി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. യോഗ നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും ദൃശ്യങ്ങളും റിപ്പോര്‍ട്ടും രഹസ്യമായി സമര്‍പ്പിക്കാനുമാണ് കോടതി നിര്‍ദ്ദേശം. യോഗ റിപ്പോര്‍ട്ടും ദൃശ്യങ്ങളും പ്രസിദ്ധപ്പെടുത്താനും പാടില്ല. പൊതുയോഗ നടപടിക്രമങ്ങളില്‍ അപാകത ചൂണ്ടിക്കാട്ടിയുളള നിരവധി ഹര്‍ജികളാണ് ഇപ്പോള്‍ കോടതിയുടെ പക്കലുളളത്. 

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട ജില്ലാ ബാങ്കുകളുടെ പൊതുയോഗങ്ങളില്‍ കലക്ടര്‍മാരെ സ്വതന്ത്ര നിരീക്ഷകരായി ഹൈക്കോടതി നിയമിച്ചു. ഏഴ് ജില്ലാ ബാങ്കുകളുടെ പൊതുയോഗങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കോടതിക്ക് മുന്നിലെത്തിയത്. കേരള ബാങ്ക് രൂപീകരവുമായി ബന്ധപ്പെട്ട ജില്ലാ സഹകരണ ബാങ്കുകളുടെ ലയന പദ്ധതി അംഗീകരിച്ചു പ്രമേയം പാസാക്കാനാണ് നാളെ പൊതുയോഗങ്ങള്‍ നടക്കുന്നത്.

ഇതോടെ, യുഡിഎഫിന് സ്വാധീനമുളള ജില്ലാ ബാങ്ക് പൊതുയോഗങ്ങള്‍ നാളെ രാഷ്ട്രീയ പോരാട്ട വേദിയാകാനുളള സാധ്യത വര്‍ദ്ധിച്ചു. കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍ തുടങ്ങിയ ജില്ലാ ബാങ്ക് പൊതുയോഗങ്ങളാണ് നാളെ ചേരുക. അതാത് ജില്ലകളിലെ കലക്ടര്‍മാരാണ് സ്വതന്ത്ര നിരീക്ഷകരാകുക.

നടപടികളില്‍ സുതാര്യത ഉറപ്പാക്കാന്‍ നിരീക്ഷകര്‍ യോഗങ്ങളില്‍ ഹാജരായി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. യോഗ നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും ദൃശ്യങ്ങളും റിപ്പോര്‍ട്ടും രഹസ്യമായി സമര്‍പ്പിക്കാനുമാണ് കോടതി നിര്‍ദ്ദേശം. യോഗ റിപ്പോര്‍ട്ടും ദൃശ്യങ്ങളും പ്രസിദ്ധപ്പെടുത്താനും പാടില്ല. പൊതുയോഗ നടപടിക്രമങ്ങളില്‍ അപാകത ചൂണ്ടിക്കാട്ടിയുളള നിരവധി ഹര്‍ജികളാണ് ഇപ്പോള്‍ കോടതിയുടെ പക്കലുളളത്. 14 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാന്‍ ഉപാധികളോടെ തത്വത്തില്‍ റിസര്‍വ് ബാങ്കും നബാര്‍ഡും അനുമതി നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായുളള നടപടികളുമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. 

click me!