കേരള ബാങ്കിനൊപ്പം ഒന്‍പത് ജില്ലാ ബാങ്കുകള്‍: ഹൈക്കോടതി, റിസര്‍വ് ബാങ്ക് തീരുമാനം നിര്‍ണായകം

By Web TeamFirst Published Mar 8, 2019, 11:27 AM IST
Highlights

സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ സഹകരണ ബാങ്കുകളെ ലയപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് രണ്ട് ബാങ്കുകളുടെയും പ്രത്യേക പൊതുയോഗം ലയനവുമായി ബന്ധപ്പെട്ട പ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. മുന്‍പ് കേരള സഹകരണ സംഘം നിയമത്തിലും ഇതേ വ്യവസ്ഥയാണുണ്ടായിരുന്നത്. 

തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ച് കേരള ബാങ്ക് രൂപീകരിക്കാനുളള തീരുമാനത്തെ ഒമ്പത് ജില്ലാ സഹകരണ ബാങ്കുകള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. നാല് ജില്ലാ സഹകരണ ബാങ്കുകളുടെ പൊതുയോഗത്തില്‍ ലയനപ്രമേയം കേവല ഭൂരിപക്ഷത്തോടെ പാസായി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രമേയത്തെ പൂര്‍ണമായി എതിര്‍ക്കുകയും ചെയ്തു. ഇതോടെ റിസര്‍വ് ബാങ്ക്, ഹൈക്കോടതി തീരുമാനങ്ങള്‍ കേരള ബാങ്ക് രൂപീകരണത്തില്‍ നിര്‍ണായകമായി. 

സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ സഹകരണ ബാങ്കുകളെ ലയപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് രണ്ട് ബാങ്കുകളുടെയും പ്രത്യേക പൊതുയോഗം ലയനവുമായി ബന്ധപ്പെട്ട പ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. മുന്‍പ് കേരള സഹകരണ സംഘം നിയമത്തിലും ഇതേ വ്യവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍, നിയമ ഭേദഗതിയിലൂടെ ലയനപ്രമേയം കേവല ഭൂരിപക്ഷത്തോടെ പാസാക്കിയാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയിരുന്നു. ഈ നിയമ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് നിലപാടാണ് റിസര്‍വ് ബാങ്കിനും നബാര്‍ഡിനും ഉള്ളത്. 

ഇതോടൊപ്പം നിലവില്‍ കേരള ബാങ്ക് രൂപീകരണത്തിന് എതിരായി ഹൈക്കോടതിയില്‍ നിലവിലുളള കേസുകളില്‍ കോടതി സ്വീകരിക്കുന്ന നിലപാടും ബാങ്ക് രൂപീകരണത്തില്‍ നിര്‍ണായകമാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലാ ബാങ്കുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസായപ്പോള്‍. കോട്ടയം എറണാകുളം, വായനാട്, ഇടുക്കി എന്നിവടങ്ങളില്‍ പ്രമേയം കേവല ഭൂരിപക്ഷത്തോടെ പാസായി. മലപ്പുറത്ത് വോട്ട് ചെയ്ത 129 പേരില്‍ 32 പേര്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത് 97 പേരാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. കാസര്‍ഗോഡ് വോട്ടെടുപ്പിനെ ബിജെപി അനുകൂല അംഗങ്ങള്‍ ബഹിഷ്കരിച്ചിരുന്നു. ഇതോടെയാണ് ഇവിടെ പ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസായത്. സംസ്ഥാനത്ത് ഏറ്റവും കുറച്ച് പേര്‍ വോട്ട് രേഖപ്പെടുത്തിയതും കാസര്‍ഗോഡാണ്. ആകെ 50 പേര്‍ മാത്രമാണ് കാസര്‍ഗോഡ് വോട്ട് ചെയ്തത്. അതില്‍ 34 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 16 പേര്‍ എതിര്‍ത്തു. 

കേവല ഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയം റിസര്‍വ് ബാങ്ക്, നബാര്‍ഡ്, ഹൈക്കോടതി തൂടങ്ങിയവര്‍ അംഗീകരിക്കാതെ വന്നാല്‍ കേരള ബാങ്ക് രൂപീകരണം വലിയ നിയമപോരാട്ടമായി മാറാന്‍ സാധ്യതയുണ്ട്. ഇത് കൂടാതെ സംസ്ഥാന സഹകരണ ബാങ്കിന്‍റെ പൊതുയോഗവും പ്രമേയം അംഗീകരിക്കണം. മലപ്പുറം ജില്ലാ ബാങ്കിന്‍റെ എതിര്‍പ്പും മറ്റ് നാല് ബാങ്കുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം പ്രമേയത്തിന് നേടാനാകാത്തതും കേരള ബാങ്ക് രൂപീകരണത്തില്‍ സര്‍ക്കാരിന് തലവേദനയാകും. ഇതോടെ, കേരള ബാങ്ക് രൂപീകരണത്തില്‍ ഇനിയുളള ഓരോ നീക്കവും സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകമായി മാറും.  

click me!