സിപിഎം സമ്മര്‍ദഗ്രൂപ്പുകള്‍ക്ക് വഴങ്ങിയോ? എറണാകുളത്തെ സ്ഥാനാര്‍ഥി വിവാദത്തില്‍ പ്രതികരിച്ച് പി രാജീവ്

By Web TeamFirst Published Mar 20, 2021, 11:27 AM IST
Highlights

കളമശ്ശേരിയിലെ ലീഗ് സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പ്രതികരിക്കുകയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ്. 

കളമശ്ശേരി: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കളമശ്ശേരി. പാലാരിവട്ടം പാലം ഉയര്‍ത്തിവിട്ട അഴിമതി വിവാദങ്ങളില്‍ പ്രതിക്കൂട്ടിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് പകരം മകന്‍ അബ്‌ദുള്‍ ഗഫൂറാണ് ലീഗ് സ്ഥാനാര്‍ഥി. കളമശ്ശേരിയിലെ ലീഗ് സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പ്രതികരിക്കുകയാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിനായി അങ്കത്തിനിറങ്ങുന്ന പി രാജീവ്. എറണാകുളത്ത് സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുകയായിരുന്നു സിപിഎം എന്ന ആരോപണത്തിനും അദേഹം മറുപടി പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മുന്‍ രാജ്യസഭാംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവുമായി വിനു വി ജോണ്‍ നടത്തിയ അഭിമുഖം പൂര്‍ണ രൂപത്തില്‍. 

ശ്രീ രാജീവ്, പൊതുവേ പല ജില്ലകളിലും പല റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു എറണാകുളം ജില്ലയുടെ സ്ഥിതി എന്താണ്?

എറണാകുളത്ത് പൊതുവേ നല്ലൊരു റിപ്പോര്‍ട്ടാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. വികസനവുമായി ബന്ധപ്പെട്ട പശ്‌ചാത്തല കാര്യങ്ങളും മറ്റ് കാര്യങ്ങളും എറണാകുളത്തെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടമാണ്. ഈ സര്‍ക്കാര്‍ തുടരണം, ഇച്ഛാശക്തിയുള്ള ഭരണസംവിധാനം വേണം എന്ന അഭിപ്രായം അത്തരം വിഭാഗത്തിനിടയില്‍ വളരെ ശക്തമാണ്. 

പാലാരിവട്ടം പാലം കളമശ്ശേരി മണ്ഡലത്തില്‍ അല്ലെങ്കില്‍ പോലും പാലാരിവട്ടം ഉയര്‍ത്തുന്ന അഴിമതി പ്രശ്‌നം ഒരു വിഷയമാകുന്നുണ്ടോ മണ്ഡലത്തില്‍?

തീര്‍ച്ചയായും. ഭരണമികവിന് തുടര്‍ച്ച വേണോ, അഴിമതിക്ക് പിന്തുടര്‍ച്ച വേണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. സാധാരണ അവരുടെ മാനദണ്ഡം അനുസരിച്ച് ഇവിടുത്തെ എംഎല്‍എയെ മാറേണ്ടതില്ലായിരുന്നു. അദേഹത്തെ മാറ്റിയിരിക്കുന്നു. എന്നിട്ട് പിന്തുടര്‍ച്ചാസംവിധാനമായി മാറുന്നു. അത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമായിട്ടാണ്. 

എറണാകുളത്ത് പല സ്ഥാനാര്‍ഥികളും വന്നത് എങ്ങനെയെന്ന ചോദ്യം ഉയരുന്നുണ്ട്. പല സമ്മര്‍ദ ഗ്രൂപ്പുകള്‍ക്ക് വഴങ്ങി സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുകയായിരുന്നോ?

എറണാകുളത്ത് ഞങ്ങള്‍ എപ്പോഴും പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഈ പാനലിലുള്ള പ്രത്യേകത എറണാകുളം പോലൊരു ജില്ലയുടെ പ്രാതിനിധ്യം അതിലുണ്ട് എന്നതാണ്. അഭിഭാഷകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഡോക്‌ടര്‍മാര്‍, ആര്‍ക്കിടെക്‌റ്റുമാര്‍, എഞ്ചിനീയര്‍മാര്‍ എല്ലാം സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.

ഷാജി ജോര്‍ജിന്‍റെ കാര്യത്തില്‍ ഒരു ബിഷപ്പാണ് നിര്‍ദേശിച്ചത് എന്ന് പറയുന്നു. സിപിഎമ്മിന് പരിചിതമായ കാര്യമാണോ ഇത്?

അങ്ങനെയല്ലത്, പേര് നിര്‍ദേശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. മണ്ഡലം ജയിക്കാനുള്ള ഏറ്റവും നല്ല സ്ഥാനാര്‍ഥിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും അടക്കം എല്ലാ ഇലക്ഷനിലും ഞങ്ങള്‍ക്കായി വിശ്രമഹരിതമായി പ്രവര്‍ത്തിച്ച ആളാണ് ഷാജി ജോര്‍ജ്. 

ഡോ. ജേക്കബിന്‍റെ കാര്യത്തിലും പല കഥകള്‍ പ്രചരിക്കുന്നുണ്ട്?

കാക്കനാട് മുതല്‍ പനമ്പള്ളി നഗര്‍ വരെയുള്ള പ്രത്യേക ഏരിയ വരുന്ന ഭാഗമാണ് തൃക്കാക്കര. വന്ന് താമസിക്കുന്നവരാണ് കൂടുതല്‍. ഐടി പ്രൊഫഷണല്‍സ്, ഡോക്‌ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍...അവരുടെയിടയിലേക്കുള്ള കടന്നുകയറ്റവും ഞങ്ങളുടെ സാധ്യതകളും കണ്ടുകൊണ്ടാണ് ആ പേരിലേക്ക് എത്തിയത്. 

വോട്ട് കച്ചവടം, ഒത്തുതീര്‍പ്പ്, സിപിഎം-ബിജെപി ഒത്തുകളി...ഇത്തരം ആരോപണങ്ങള്‍ സജീവമായി നില്‍ക്കുകയാണ്. അവരവര്‍ അവരവരുടെ വോട്ടുകള്‍ സമാഹരിക്കുകയാണോ. അതോ ഇത്തരം ധാരണകളുണ്ടോ?

ഞങ്ങളുടെ കാര്യത്തില്‍ ഇത്തരം ആരോപണങ്ങള്‍ സാധാരണഗതിയില്‍ ആരും വിശ്വസിക്കില്ല. കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ടാകുന്ന ബന്ധം കണക്കുകള്‍ നിരത്തി, അനുഭവങ്ങള്‍ ആധാരമാക്കിയാണ് ഞങ്ങള്‍ കാണിക്കുന്നത്. തോറ്റ് കഴിഞ്ഞാല്‍ ബിജെപിയാകും എന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. തോറ്റാല്‍ വ്യക്തിയേ ബിജെപിയാകൂ. ജയിച്ചൊരു സര്‍ക്കാര്‍ തന്നെ ബിജെപിയാകുന്നതാണ് ഇപ്പോള്‍ കാണുന്നത്. മധ്യപ്രദേശിലും മണിപ്പൂരിലും അരുണാചല്‍പ്രദേശിലും പുതുച്ചേരിയിലും നാം കണ്ടതാണ്. വലിയൊരു അപകടമാണത്. അത്തരം വിട്ടുവീഴ്‌ചകള്‍ക്കും സിപിഎം തയ്യാറായിട്ടില്ല. രാജ്യത്തിന്‍റെ മതനിരപേക്ഷത സംരക്ഷിക്കാന്‍ ഏറ്റവും ശക്തമായ നിലപാടെടുത്തത് കേരളമാണ്. ആശയപരമായി സിപിഎമ്മും ബിജെപിയും രണ്ട് ധ്രുവങ്ങളിലാണ്. അതിനാല്‍ തന്നെ ഇത്തരം പ്രചാരണവേലകള്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ബോധപൂര്‍വമായ വിവാദം സൃഷ്‌ടിക്കലാകാം. ആസൂത്രീതമായ നീക്കമാകാം. ഇടതുപക്ഷത്തിന് എതിരെയാകാം. 

അതാണ് യുഡിഎഫ് ഇപ്പോള്‍ ഏറ്റവും വലിയ പ്രചാരണ ആയുധമാക്കുന്നത്? 

കേരളത്തില്‍ ബിജെപിയുടെ പ്രതീകമായിരുന്ന ഒരാള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നടത്തിയ വെളിപ്പെടുത്തലാണ് കൂടുതല്‍ ചര്‍ച്ചയാവേണ്ടത് എന്ന് എനിക്ക് തോന്നുന്നു. 

നേരത്തെ, വിഎസിന്‍റെ മുഖം കാണുമ്പോള്‍ വെറുപ്പ് തോന്നിയിരുന്നു എന്ന് പറയുന്ന ആളുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദേഹം ജനകീയനായ പ്രതിപക്ഷനേതാവായി. പ്രിയപ്പെട്ട മുഖ്യമന്ത്രിയായി. പിണറായി വിജയന്‍റെ മുഖം കാണുന്നത് ഇഷ്‌ടമല്ലാത്ത ഒരുപാട് കുടുംബങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീടുകളില്‍ പോകുമ്പോള്‍ ആറുമണി വാര്‍ത്താസമ്മേളനങ്ങള്‍ ആളുകള്‍ കാണുന്നതിനെ കുറിച്ച് രാജീവും പറയുന്നു. പിണറായി വിജയന്‍റെ കാര്യത്തിലും ഒരു പ്രത്യേക മാറ്റം ആളുകള്‍ക്കുണ്ടായിട്ട് എന്നാണോ?

ഓരോ ഉത്തരവാദിത്വം നിര്‍വഹിക്കലാണ്. കേരളത്തിലെ പാര്‍ട്ടിയുടെ ഏറ്റവും മികച്ച സെക്രട്ടറിമാരില്‍ ഒരാളാണ് പിണറായി വിജയന്‍. നല്ല വൈദ്യുതി മന്ത്രിയായിരുന്നു. സെക്രട്ടറിയായിരിക്കുമ്പോള്‍ സ്വാഭാവികമായും വലിയ ആക്രമണങ്ങള്‍ക്ക് വിധേയമാകും. ഇതാണ് നേരത്തെയുണ്ടായ ആക്രമണങ്ങള്‍ക്കാധാരം എന്ന് എനിക്ക് തോന്നുന്നു.  

പെന്‍ഷനും ഭക്ഷ്യക്കിറ്റുമെല്ലാം വോട്ടര്‍മാര്‍ വലിയ മനസോടെ ഉള്‍ക്കൊള്ളുന്നു എന്നാണ് എനിക്കും മനസിലായത്. എന്നാല്‍ കിഫ്‌ബിയിലൂടെ 10000 കോടിയില്‍ താഴെ രൂപയുടെ പദ്ധതികളാണ് പൂര്‍ത്തിയായിട്ടുള്ളത്. സങ്കല്‍പങ്ങളുണ്ട് പ്രഖ്യാപനങ്ങളുണ്ട്, പരസ്യങ്ങളുണ്ട്. യാഥാര്‍ഥ്യത്തിലേക്ക് വരുമ്പോള്‍ പദ്ധതികള്‍ കുറവാണോ? 

അല്ല, ഇത്രയും കേരളത്തില്‍ നടന്നല്ലോ എന്നാണ് നാം ആലോചിക്കേണ്ടത്. ആദ്യം പൂര്‍ത്തീകരിച്ചത് ജനറല്‍ ആശുപത്രി വികസനമാണ്. ഞാനന്ന് ഡിപിആര്‍ തയ്യാറാക്കാന്‍ പുറകില്‍ നിന്നതാണ്. ഇത് കിഫ്‌ബിയിലൂടെ വന്ന പദ്ധതിയാണ്. പാലാരിവട്ടത്തെ മാറ്റം കണ്ടില്ലേ, ഇച്ഛാശക്തിയോടുകൂടി നിര്‍മ്മാണം നടന്നു. കുണ്ടന്നൂര്‍ മേല്‍പാലം, ഗെയ്‌ല്‍ പദ്ധതി ഒക്കെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലേ. 

പഠിച്ച ഇക്കണോമിക്‌സ് പാഠങ്ങള്‍ മറന്നിട്ടില്ല എന്ന് പറഞ്ഞു. അതുകൊണ്ട് ഭാവി ധനമന്ത്രിയാണോ? 

എന്നെ സംബന്ധിച്ച് ഇതെല്ലാം പാത്രത്തിലൊഴുകുന്ന വെള്ളം പോലെയാണ്. ഏത് ചുമതല ഏല്‍പിക്കുന്നു, അതിനനുസരിച്ച് മാറുക എന്നതാണ്.  

കാണാം വീഡിയോ

'വേണ്ടിവന്നാല്‍ ഉപാധികളോടെ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കും; തീരുമാനം ഒറ്റക്കെട്ടായി എടുക്കും'

click me!