'ജയിച്ച് കയറണം'; ലീഗിന്റെ ഒരേയൊരു വനിതാ സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ് പറയുന്നു...

By Web TeamFirst Published Mar 12, 2021, 8:39 PM IST
Highlights

എം കെ മുനീറിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്തിലാണ് നൂര്‍ബിന റഷീദ് മത്സരിക്കുക. വിജയം ഏതാണ്ട് ഉറപ്പാക്കാന്‍ സാധിക്കുന്ന സീറ്റ് തന്നെ തങ്ങളുടെ ഏക വനിതാ സ്ഥാനാര്‍ത്ഥിക്ക് ലീഗ് നല്‍കിയെന്നതും ശ്രദ്ധേയമായ കാര്യമാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പുറത്തുന്ന ശേഷം തന്റെ പ്രതീക്ഷകളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയാണ് അഡ്വ. നൂര്‍ബിന റഷീദ്

'ഇക്കുറിയെങ്കിലും മുസ്ലീം ലീഗിന് വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുമോ?' നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം കൊട്ടിക്കയറുന്നതിന് മുമ്പ് തന്നെ എതിര്‍ച്ചേരിയിലുള്ളവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചൊരു ചോദ്യമായിരുന്നു ഇത്. എത്ര മുന്നോട്ട് പോയാലും ലീഗിനെ പോലൊരു സംഘടനയ്ക്ക് വനിതകളെ മുന്‍നിരയില്‍ നിര്‍ത്താനാകില്ലെന്ന വിമര്‍ശനവും ശക്തമായിരുന്നു. 

എന്നാല്‍ ഈ ചര്‍ച്ചകളെയെല്ലാം അസാധുവാക്കിക്കൊണ്ട് 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് മുസ്ലീം ലീഗ്. 2018ല്‍ ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയ അഡ്വ. നൂര്‍ബിന റഷീദിനാണ് ഈ സുവര്‍ണാവസരം ലഭിച്ചിരിക്കുന്നത്. 

എം കെ മുനീറിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്തിലാണ് നൂര്‍ബിന റഷീദ് മത്സരിക്കുക. വിജയം ഏതാണ്ട് ഉറപ്പാക്കാന്‍ സാധിക്കുന്ന സീറ്റ് തന്നെ തങ്ങളുടെ ഏക വനിതാ സ്ഥാനാര്‍ത്ഥിക്ക് ലീഗ് നല്‍കിയെന്നതും ശ്രദ്ധേയമായ കാര്യമാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പുറത്തുന്ന ശേഷം തന്റെ പ്രതീക്ഷകളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയാണ് അഡ്വ. നൂര്‍ബിന റഷീദ്. 

എത്രയോ വര്‍ഷത്തെ ആവശ്യമാണ് പരിഗണിക്കപ്പെടുന്നത്. അതിന്റെ സന്തോഷമുണ്ടായിരിക്കും, ഒപ്പം തന്നെ എത്രത്തോളം വിജയപ്രതീക്ഷയുണ്ട്? 

എന്റെ നേതാവ് ജനാബ് ഡോ. എം കെ മുനീര്‍ സാഹിബ് പ്രതിനിധാനം ചെയ്‌തൊരു മണ്ഡലമാണ്. അദ്ദേഹം തുടങ്ങിവച്ച ഒരുപാട് പ്രവര്‍ത്തനങ്ങളുണ്ട്. അദ്ദേഹത്തിന്റെ ഒരു പിന്തുടര്‍ച്ചാവകാശി എന്ന രീതിയിലാണ് ഞാനിവിടെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വന്നത്. എന്തുകൊണ്ടും നന്നായി പ്രവര്‍ത്തിക്കാന്‍ പറ്റും എന്ന ഉറച്ച വിശ്വാസത്തിലാണ്. വിജയിച്ച് കയറുമെന്ന ആത്മവിശ്വാസമുണ്ട്, അതോടൊപ്പം ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. 

എല്ലാ തെരഞ്ഞെടുപ്പിലും ലീഗിന് വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യമുണ്ടാകാറുണ്ട്. അത് നടപ്പാകാറില്ല, ഇത്തവണ അത് പ്രതീക്ഷിച്ചിരുന്നോ? 

എല്ലാ പ്രാവശ്യവും പ്രതീക്ഷിക്കാറുണ്ട്. ഇപ്രാവശ്യവും പ്രതീക്ഷിച്ചിരുന്നു. സമയമായപ്പോള്‍ നേതൃത്വം അത് അംഗീകരിച്ചു, തെളിയിക്കുകയും ചെയ്തു. 

മതസംഘടനകളുടെ എതിര്‍പ്പായിരുന്നു നേരത്തേ വനിതാ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ലീഗ് പറയാറുണ്ടായിരുന്ന കാരണം. ഇപ്പോഴത് മാറി, അവരുടെ കൂടി പിന്തുണ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടോ?

എല്ലാ മതസംഘടനകളും എല്ലാ മതവിഭാഗങ്ങളും എല്ലാ ജനവിഭാഗങ്ങളും എന്നെ പിന്തുണയ്ക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ഞാന്‍ പ്രചരണത്തിലേക്കിറങ്ങുന്നത്. 

ഇതൊരു തുടക്കമാണ്, ഇനി വരും തെരഞ്ഞെടുപ്പുകളിലെല്ലാം ലീഗിനെ പ്രതിനിധീകരിക്കാന്‍ വനിതകളുണ്ടാകുമെന്നതിലേക്കുള്ള സൂചനയാണോ ഇത്?

ഉണ്ടാകും എന്ന വിശ്വാസത്തിലാണല്ലോ പാര്‍ട്ടി നമ്മളെ ഏല്‍പിക്കുന്നത്. ഉണ്ടാകുമെന്ന് തന്നെ വിശ്വസിക്കുന്നു. ജയിച്ച് കയറണം..

 

Also Read:- സീറ്റ് വിഭജനം, പ്രതിഷേധം, കേരളാ കോണ്‍ഗ്രസിന്‍റെ സ്വാധീനം; തുറന്നുപറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി...

click me!