Asianet News MalayalamAsianet News Malayalam

സീറ്റ് വിഭജനം, പ്രതിഷേധം, കേരളാ കോണ്‍ഗ്രസിന്‍റെ സ്വാധീനം; തുറന്നുപറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി

2021 കേരള നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. സിപിഎമ്മിന്‍റെ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നിരിക്കുന്നു. സ്ഥാനാർത്ഥിത്വത്തിനെതിരെ പലയിടങ്ങളിലും പ്രതിഷേധവും നടന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിന്‍റെ പൂർണ്ണരൂപം...

exclusive interview with a vijayaraghavan before assembly election 2021
Author
Trivandrum, First Published Mar 10, 2021, 11:18 PM IST

കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് പിസി ചാക്കോ രാജി വച്ചിരിക്കുകയാണ്. അദ്ദേഹം ബിജെപിയിലേക്കില്ല എന്ന സൂചന നല്‍കിക്കഴിഞ്ഞു. ഇടതുപക്ഷത്തേക്കാണോ പിസി ചാക്കോ?

പിസി ചാക്കോ ഇവിടെ ഒരു സന്ദേശം നല്‍കുന്നുണ്ട്. അത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം, ഇന്നത്തെ രാഷ്ട്രീയ വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ അപര്യാപ്തമായ ഒരു തലത്തിലെത്തിയിരിക്കുന്നു. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങളെ തെല്ലും പരിഗണിക്കാതെ ഗ്രൂപ്പ് സമവാക്യങ്ങളുടെ പങ്കുവയ്പ്പ് തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ കേരള നേതൃത്വം നടത്തുന്നത്.

സ്വന്തം ഗ്രൂപ്പിനപ്പുറത്ത് സ്വന്തം പാര്‍ട്ടിയെ പോലും അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. രാജ്യത്തിന്റെ രാഷ്ട്രീയഘടനയും അത് നേരിടുന്ന പ്രധാന പ്രതിസന്ധികളും അവര്‍ക്ക് മനസിലാകുന്നില്ല. ഞങ്ങളിവിടെ ഇടതുപക്ഷ മുന്നണി, എല്ലാ ഘടകകക്ഷികളും വിട്ടുവീഴ്ച ചെയ്ത് ഐക്യം ഊട്ടിയുറപ്പിച്ച് സ്ഥാനാര്‍ത്ഥിപ്പട്ടികയൊക്കെ പ്രസിദ്ധീകരിക്കുന്നത് യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ഇന്നത്തെ രാഷ്ട്രീയ സവിശേഷതകളില്‍ വലിയ തോതില്‍ ഈ സംഘപരിവാര്‍ ശക്തികള്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ്.

അതോടൊപ്പം തന്നെ സാമ്പത്തികരംഗത്തുള്ള അപര്യാപ്തമായ നയങ്ങളും ധനികവിഭാഗത്തിന്റെ മേല്‍ക്കോയ്മയും അതുണ്ടാക്കുന്ന പ്രശ്നങ്ങളും നേരിടുന്നതിന് വേണ്ടിയുള്ള ജനകീയ കൂട്ടായ്മക്ക് കൂടി വേണ്ടിയാണ്. ആ നിലയില്‍ വിപുലമായ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ അഭാവത്തില്‍ ഇവരിപ്പോഴും ഗ്രൂപ്പ് സമവാക്യങ്ങളുടെ തടവില്‍ കിടക്കുന്നു, അവരെ നേരിടാനോ നേര്‍വഴിക്ക് നയിക്കാനോ നമ്മുടെ കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം ഇന്ന് അപര്യാപ്തമാണ്.

ആ അപര്യാപ്തതയില്‍ നിന്ന് പിസി ചാക്കോയുടെ ഈ ശബ്ദം കേള്‍ക്കുന്നു. ഇവിടെ നിന്ന് കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിക്കാന്‍ പോകുന്നു. അതുകൂടി ചേരുന്നതാണ് പിസി ചാക്കോയുടെ രാജി.
exclusive interview with a vijayaraghavan before assembly election 2021

പിസി ചാക്കോ ഇടതുപക്ഷം അകറ്റിനിര്‍ത്തേണ്ട ഒരാളല്ല, മുമ്പ് ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എണ്‍പത്- എണ്‍പത്തിരണ്ട് കാലയളവില്‍ മന്ത്രിയായിട്ടുണ്ട്. അപ്പോള്‍ ഇടതുപക്ഷത്തേക്കാണോ പിസി ചാക്കോ വരുന്നത്? അതോ ഇടതുപക്ഷം മാറ്റിനിര്‍ത്തുമോ പിസി ചാക്കോയെ?

ഇപ്പോ അദ്ദേഹം ബിജെപിക്ക് എതിരായാണ് സംസാരിച്ചുകേട്ടത്. കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ നിന്ന് അദ്ദേഹം വ്യത്യസ്തത പുലര്‍ത്തുകയും ചെയ്തു. അദ്ദേഹം തുടര്‍ന്ന് എന്ത് പറയുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അക്കാര്യത്തില്‍ ഒരഭിപ്രായം പറയാന്‍ കഴിയുകയുള്ളൂ.

സ്വാഗതം ചെയ്യുന്നതില്‍ തടസമില്ല?

ഇന്നത്തെ ഒരു സാഹചര്യത്തില്‍ അഭിപ്രായപ്രകടനങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ആ അഭിപ്രായത്തെയാണ് നമ്മള്‍ പരിശോധിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ആ അഭിപ്രായപ്രകടനങ്ങള്‍ക്ക് മുമ്പിലെ രാഷ്ട്രീയം ആണ് ഞാന്‍ സൂചിപ്പിച്ചത്.

ഇന്നത്തെ ഏറ്റവും ശ്രദ്ധേയമായ വാര്‍ത്ത സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക തന്നെയാണ്. വിവിധ ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി വനിതകള്‍ക്കും യുവാക്കള്‍ക്കുമെല്ലാം മികച്ച പ്രാതിനിധ്യം നല്‍കി, നല്ല പകിട്ടുള്ളൊരു പട്ടികയാണ് സിപിഎം പ്രഖ്യാപിച്ചത്. അപ്പോഴും ചില സീറ്റുകളെ ചൊല്ലി തര്‍ക്കമുണ്ട്. അവിടെയൊക്കെ പ്രവര്‍ത്തകരുടെ ശബ്ദം പാര്‍ട്ടി കേള്‍ക്കാതെ പോയിട്ടുണ്ടോ? പ്രവര്‍ത്തകരുടെ ആശങ്കകള്‍ക്കുള്ള അടിസ്ഥാനം സത്യമാണോ?

പാര്‍ട്ടി ഒരു തീരുമാനത്തിലേക്ക് പോവുകയാണ്. വലിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അതിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. അതൊരു ജനാധിപത്യ പ്രക്രിയയാണ്. പാര്‍ട്ടി വിവിധ തലങ്ങളില്‍ നടത്തുന്ന ചര്‍ച്ചകളുണ്ട്. അതോടൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം കേരളത്തിന്റെ പൊതു അവസ്ഥയും ഇന്ത്യയുടെ പൊതു അവസ്ഥയും വിശകലന വിധേയമാക്കുന്നുണ്ട്.

കേവല പ്രാദേശികതകളിലല്ല, സ്ഥാനാര്‍ത്ഥിത്വം രൂപം കൊള്ളുന്നത്. അത് സമഗ്രമായ പരിശോധനകളിലൂടെയാണ്. ആ സമഗ്രമായ പരിശോധനകളില്‍ വിപുലമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ വിപുലമായ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ രൂപം കൊള്ളുന്ന യുക്തികളില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയെ രൂപപ്പെടുത്തിയെടുക്കുന്നത്. സ്വാഭാവികമായിട്ടും നമ്മള്‍ ആ നിലയില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചിട്ടുള്ളതാണ് പാനല്‍. ഇന്നത്തെ സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ ചിലപ്പോള്‍ പ്രാദേശികമായി അത് സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ മറ്റ് തരത്തില്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ടാകും. അതൊക്കെ സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നുകഴിഞ്ഞാല്‍ പൊതുവേ പാര്‍ട്ടി നിലപാടിനൊപ്പം തന്നെയാണ് പൂര്‍ണ്ണമായും പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടിയുടെ അനുഭാവികളും ബന്ധുക്കളും നിലയുറപ്പിക്കുക.
exclusive interview with a vijayaraghavan before assembly election 2021

ഇതൊരു അസാധാരണ സാഹചര്യമാണ്. ഇതിന് മുമ്പ് നമ്മള്‍ കണ്ടത് 2006ല്‍ വി എസിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടാണ്. അന്ന് വിഎസിനെതിരെ തെരുവിലിറങ്ങിയവര്‍ക്കെതിരെ പാര്‍ട്ടിയുടെ നടപടിയുണ്ടായി. ഇപ്പോള്‍ ഒരു മണ്ഡലത്തിലല്ല, അനവധി മണ്ഡലങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്. ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നതില്‍  ഉച്ചത്തിൽ അവര്‍ മുദ്രാവാക്യം വിളിക്കുന്നു. അത് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. ഒരുള്‍പ്പാര്‍ട്ടി പ്രശ്നമെന്ന് പറയുമ്പോഴും അവര്‍ തെരുവിലാണ് പ്രതിഷേധിക്കുന്നത്. നടപടിയുണ്ടാകുമോ അവര്‍ക്കെതിരെ?

ഇതിനകത്ത് പാര്‍ട്ടിയംഗങ്ങള്‍ അത്യപൂര്‍വ്വമായേ ഉണ്ടെങ്കില്‍- ഉണ്ടാകാറുള്ളൂ. അത് നമുക്കറിയില്ല. പിന്നെ, ഇത് പ്രാദേശികമായിട്ടുള്ള ഒരു സംഭവമാണ്. ഇതിനെക്കാള്‍ വലിയ പ്രകടനങ്ങള്‍ പല സന്ദര്‍ഭങ്ങളില്‍ മുമ്പുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ മാത്രം മുപ്പത്തിരണ്ട് പ്രകടനങ്ങളാണ് സ്ഥാനാര്‍ത്ഥിക്കെതിരായി നടന്നത്. അതിന് ശേഷം ഈ പ്രകടനങ്ങള്‍ നടത്തിയവരെല്ലാം നന്നായി പ്രവര്‍ത്തിച്ചാണ് അവിടെ നാല്‍പത് കൊല്ലത്തെ ചരിത്രം മാറ്റിയെഴുതിയത്. അവിടെ ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകനെ തോല്‍പിച്ചില്ലേ, ഇതിനെയെല്ലാം ഇങ്ങനെ കണ്ടാല്‍ മതി, അതിനപ്പുറത്തേക്കുള്ള ആഴവും പരപ്പും ഒന്നും ഈ വിഷയങ്ങള്‍ക്കില്ല.

എന്തായാലും ഒരു നടപടിയിലേക്ക് പോകുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനകള്‍ തന്നെയാണ് താങ്കള്‍ നല്‍കുന്നത്?

ഇതില്‍ പാര്‍ട്ടിയംഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. നാട്ടിലുള്ള പാര്‍ട്ടി അനുഭാവികള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമോ? ഇല്ലല്ലോ! കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ചെയ്യുക. കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ സ്വാഭാവികമായും അത് അംഗീകരിക്കപ്പെടും. അതൊരു വലിയ പ്രയാസമായിട്ടോ പ്രശ്നമായിട്ടോ ഇന്നത്തെ സാഹചര്യത്തില്‍ നമ്മള്‍ കാണേണ്ടതില്ല.

പൊന്നാനി മണ്ഡലത്തിലാണ് പ്രശ്നമുണ്ടായത്. പി നന്ദകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം ഉറച്ചുനില്‍ക്കുന്നു. കുറ്റ്യാടി കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ എന്ന് ഉറച്ച് വ്യക്തമാക്കുന്നതാണ് താങ്കളുടെ ഇന്നത്തെ പട്ടിക. മൂന്നാമത്തെ കാര്യം കാസര്‍കോടാണ്. കാസര്‍കോട് മഞ്ചേശ്വരത്ത് വീണ്ടുമൊരു പുനപരിശോധനയ്ക്ക് തയ്യാറായിട്ടുണ്ടോ?

ഇതൊക്കെ പാര്‍ട്ടിയുടെ പരിശോധനകളിലൂടെ കടന്നുവരേണ്ടതാണ് പാനല്‍. നമ്മള്‍ തയ്യാറാക്കുന്ന സ്ഥാനാര്‍ത്ഥിപ്പട്ടികയാണ്.വിശദമായ ചര്‍ച്ച നടത്തേണ്ടിവരും. ആ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പൊതു തീരുമാനങ്ങളിലെത്തി എന്നേയുള്ളൂ. രണ്ട് നിയോജകമണ്ഡലങ്ങള്‍ ഞങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്. പ്രധാനമായിട്ടും അത് ഭാഷാന്യൂനപക്ഷങ്ങളുടെ സ്ഥലങ്ങളാണ്. അതുകൊണ്ടാണത്. സ്ഥാനാര്‍ത്ഥികളൊക്കെ ഏതാണ്ട് ആയിവന്നിട്ടുണ്ട്.

ഞാന്‍ പറഞ്ഞുവല്ലോ, ഇതൊന്നും വ്യക്തിയില്‍ കേന്ദ്രീകരിച്ചല്ല, പാര്‍ട്ടി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. നമ്മളിവിടത്തെ പൊതു സവിശേഷതകളെ പരിശോധിച്ചും പരിഗണിച്ചുമാണ് സ്ഥാനാര്‍ത്ഥികളെ നമ്മള്‍ അംഗീകരിക്കുന്നത്. രണ്ട് ദിവസത്തിനകം നമ്മള്‍ പുതിയ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും.
exclusive interview with a vijayaraghavan before assembly election 2021

പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അവസാനത്തെ ചോദ്യമാണ്. താങ്കള്‍ നേരത്തേ സൂചിപ്പിച്ചു, അനുഭാവികളാണ് പ്രകടനം നടത്തുന്നതെന്ന്, പാര്‍ട്ടിയംഗങ്ങളുണ്ടെങ്കില്‍ അതിലൊരു പരിശോധനയുണ്ടാകുമോ?

ഇത് നമ്മള്‍ കാണേണ്ടത് എന്താണെന്നറിയാമോ, ഇന്നാണ് നമ്മുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആ സ്ഥാനാര്‍ത്ഥിപ്പട്ടിക ആളുകളുടെയും സമൂഹത്തിന്റെയും മുന്നില്‍ ഇപ്പോള്‍ എത്തിയിട്ടേ ഉള്ളൂ. ബാക്കി ഊഹാപോഹങ്ങളുടേതാണ്. അതിന്റെ അടിസ്ഥാനത്തില്‍ വരുന്ന ഏതെങ്കിലും തരത്തിലുള്ള വൈകാരികതയെ നമ്മള്‍ രാഷ്ട്രീയവുമായിട്ടും അച്ചടക്കവുമായിട്ടും കൂട്ടിക്കെട്ടേണ്ടതില്ല. ഇന്ന് നമ്മള്‍ ഔപചാരികമായി സ്ഥാനാര്‍ത്ഥിപ്പട്ടിക പറഞ്ഞിട്ടുണ്ട്. ആ പട്ടികയ്ക്കൊപ്പമാണ് പൊന്നാനി നില്‍ക്കുന്നതെന്ന് എനിക്കറിയാം. ഞാനിന്ന് പൊന്നാനി പാര്‍ട്ടി ഏരിയ സെക്രട്ടറി കലീമുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. നിങ്ങളത് പരിശോധിക്കൂ. പാര്‍ട്ടി എവിടെയാണ് നില്‍ക്കുന്നതെന്ന് ഏരിയ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

സിദ്ധീഖും പ്രവര്‍ത്തകരോട് സംസാരിച്ചുവെന്ന് തോന്നുന്നു. ഈ പ്രതിഷേധമുയര്‍ന്നത് സിദ്ധീഖിന് വേണ്ടിയായിരുന്നുവല്ലോ. മറ്റൊന്ന് ഇത്തവണ പാര്‍ട്ടി കര്‍ശനമായി നടപ്പിലാക്കിയൊരു നയമാണ്, തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കട്ടെ എന്നുള്ളത്. അതില്‍ പാര്‍ട്ടി സുവ്യക്തമാക്കുന്നത് പുതിയ തലമുറ വരട്ടെ, പുതിയ പ്രവര്‍ത്തകര്‍ നേതാക്കളായി വരട്ടെ എന്നുള്ളതാണ്. പിണറായിക്കുള്ള അംഗീകാരം പൊതുവില്‍ അണികളെല്ലാം നല്‍കിയിരുന്നത് ടീം പിണറായിക്കായിരുന്നു. അപ്പോഴും ഐസക്, ഒപ്പം ജി സുധാകരന്‍ അടക്കമുള്ള തലയെടുപ്പുള്ള നേതാക്കള്‍- അവരുടെ കൂടി പ്രയത്നങ്ങളുടെ ഫലമാണ്, ഈ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയെന്ന് അണികള്‍ സമ്മതിക്കുന്നുണ്ട്. അവരെ മാറ്റിനിര്‍ത്തിയത് ഒരു ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ടോ?

ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. യാതൊരു ആശയക്കുഴപ്പവും അക്കാര്യത്തിലില്ല. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നമ്മള്‍ അവസരങ്ങള്‍ പാര്‍ട്ടി നല്‍കുന്നതാണ്. ഏത് ചുമതല നിര്‍വഹിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുന്നതാണ്. പാര്‍ട്ടി നല്‍കുന്ന ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുകയാണ് പാര്‍ട്ടി സഖാക്കള്‍ ചെയ്യുക. അതില്‍ മികച്ച തരത്തില്‍ ആ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നോട്ട് പോയവരായിരിക്കാം പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നത്. കുറെക്കൂടി ആ വിഷയങ്ങള്‍ നല്ലനിലയില്‍ നമ്മള്‍ കൈകാര്യം ചെയ്യുന്നതോടെയാണ് നേതൃത്വത്തിലേക്ക് വരുന്നത്.  

ഇവിടെ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ കിട്ടുന്ന അംഗീകാരം മാത്രമല്ല, കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളമുള്ളത് സമൂഹത്തിലെ പൊതു അംഗീകാരം കൂടിയാണ്. എന്നാല്‍ പാര്‍ലമെന്ററി സ്ഥാനങ്ങളെന്നത് മോശവുമല്ല. ഇത് രണ്ടും കൂട്ടിക്കലര്‍ത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തനം വരുന്നത്. ഇവിടെ നമ്മുടെ ഏതാനും സഖാക്കള്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് മാറി നിയമസഭയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതില്‍ കുറച്ച് ആളുകളെ നമ്മള്‍ പാര്‍ട്ടി സംഘടനാ രംഗത്തേക്ക് മാറ്റുന്നു. പാര്‍ട്ടിയുടെ ലീഡര്‍ഷിപ്പില്‍ തന്നെയുള്ള വളരെ പ്രഗത്ഭരായ ഏതാനും ആളുകളെ നമ്മള്‍ ഇതിലേക്ക് മാറ്റുന്നു. അത്രയേ ഉള്ളൂ അതിലെ കാര്യം. പാര്‍ട്ടിക്കാണെങ്കില്‍ കൃത്യമായ ചില നിലപാടുകളുണ്ട്. അത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ രാഷ്ട്രീയ ഉള്ളടക്കവും അതുപോലെ തന്നെ സംഘടന ഉള്ളടക്കത്തിന്റെ --- ബന്ധപ്പെടുത്തിയാണ്. അത് ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിത്തന്നെ നിലനില്‍ക്കണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്.

ആ ധാരണയില്‍ നിന്ന് ഞങ്ങള്‍ ഞങ്ങളുട സഖാക്കളുടെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നു. അത് സ്വാഭാവികമാണ്. ഇവിടെയാകട്ടെ ഞങ്ങള്‍ ഏറ്റവും മികച്ച പുതിയ കുറെ സഖാക്കളെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളില്‍ ഏറ്റവും ശരിയായ ഇടതുപക്ഷ രാഷ്ട്രീയം നല്ല നിലയില്‍ പ്രചരിപ്പിക്കാനും. ആ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രാപ്തമാക്കുക എന്ന സമീപനത്തിന് മുന്‍ഗണന നല്‍കുന്നുണ്ട് ഇവിടെ. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല.

അപ്പോഴും ഉയരുന്നൊരു ചോദ്യം, രണ്ട് ടേം വ്യവസ്ഥ എന്നതില്‍ നിന്നും തുടര്‍ച്ചയായി രണ്ട് ടേം എന്ന വ്യവസ്ഥ പാര്‍ട്ടി നടപ്പിലാക്കുന്നു. അത് ഈ നയത്തിനുള്ളിലെ ഒരടവ് നയമാണോ? കാരണം മറ്റ് പല നേതാക്കളും ഈ രണ്ട് ടേം വ്യവസ്ഥയില്‍ ഭാഗമായി വരുന്നുണ്ട്.

ടേം എന്നത് ഒരു മാനദണ്ഡം തന്നെ. ആ ഒരൊറ്റ മാനദണ്ഡത്തില്‍ അല്ല കാര്യങ്ങള്‍ തീരുമാനിച്ചുപോവുന്നത്.  ഒരു ടേം ആയ ആളുകളും മാറ്റപ്പെട്ടിട്ടുണ്ടല്ലോ. അതും സംഭവിക്കാം. പാര്‍ട്ടിക്കങ്ങനെ രണ്ട് ടേം എന്നൊന്നും ഇല്ല. ഇവിടെ ഞാന്‍ പറഞ്ഞുവല്ലോ, നമ്മുടെ പാര്‍ട്ടിയില്‍ പുതിയ ഒരു നേതൃത്വം പാര്‍ലമെന്ററി രംഗത്ത് രൂപപ്പെട്ട് വരട്ടെ. അവര്‍ക്ക് അവസരം കൊടുക്കുമ്പോള്‍ അവര്‍ ഭംഗിയായിട്ട് ചെയ്യും. അങ്ങനെയാണ് നമ്മള്‍ കാണേണ്ടത്. അതില്‍ കോണ്‍ഗ്രസിലെപ്പോലെ 'മരിച്ച് പിരിയുക' - അങ്ങനെയൊക്കെയുണ്ടല്ലോ... എത്രയോ വര്‍ഷങ്ങള്‍ .. ആ ഒരു രീതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്റേതായ വിപ്ലവ ഉള്ളടക്കത്തെ സൂക്ഷിക്കേണ്ടതുണ്ട്.

മികച്ച പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുന്ന പുതിയൊരു തലമുറയെ വാര്‍ത്തെടുക്കകയാണ് നമ്മള്‍ ചെയ്യുന്നത്. ആ പ്രക്രിയയെ മറ്റുള്ളവര്‍ മാനദണ്ഡം എന്നൊരു വാക്കില്‍ വിശേഷിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ നിങ്ങളിപ്പറയുന്ന മാനദണ്ഡത്തില്‍ നമ്മള്‍ സമൂഹത്തിലെ വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളുകളെ കൊണ്ടുവരിക എന്നത് കൂടി കലര്‍ന്ന മാനദണ്ഡത്തിലെ ഒരിനം മാത്രമാണ്.

ഇപ്പോഴീ തുടര്‍ഭരണം പറയുമ്പോള്‍ ഒരു കണക്കെടുക്കുകയായിരുന്നു. കോഴിക്കോട് നോര്‍ത്ത്, അമ്പലപ്പുഴ, ആലപ്പുഴ... ഇങ്ങനെ ഇരുപതോളം മണ്ഡലങ്ങളില്‍ പാര്‍ട്ടി റിസ്‌കെടുക്കുകയല്ലേ?

നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യം, വ്യക്തി പ്രഭാവത്തിലല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, രാഷ്ട്രീയ നിലപാടുകളിലാണ് അതിന്റെ അസ്തിത്വം ഉറപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നൂറ് കണക്കിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് നമ്മുടെ തെരഞ്ഞെടുപ്പ് യന്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ആ നിലയിലുള്ള പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനം, അതിന്റെ വേഗത വര്‍ധിപ്പിക്കുന്ന രാഷ്ട്രീയ ഘടകങ്ങള്‍, മികച്ച സംഘടനാ സംവിധാനം ഇതെല്ലാം ചേര്‍ന്നതാണ് ഒരു സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് വിജയം എന്നത്. തീര്‍ച്ചയായും നല്ല സ്ഥാനാര്‍ഥികളാവുക എന്നതും പ്രാധാന്യമുള്ളതാണ്. ആ നിലയില്‍ തന്നെയാണ് നമ്മളിക്കാര്യം ചര്‍ച്ച ചെയ്യുന്നത്.
exclusive interview with a vijayaraghavan before assembly election 2021

അങ്ങനെയെങ്കില്‍ തവനൂരില്‍ എന്തിനാണ് മന്ത്രി കെ ടി ജലീലിന് ഒരിളവ്, അദ്ദേഹം നാലാം തവണ മത്സരിക്കാന്‍ തയാറെടുക്കുകയാണ്.

സ്വതന്ത്ര സ്ഥാനാര്‍ഥികളെ പാര്‍ട്ടി അച്ചടക്കത്തിന് വിധേയമാക്കുന്ന രീതി സിപിഎമ്മിനില്ല. അതുതന്നെയാണ് കാരണം.

സ്ഥാനാര്‍ത്ഥിത്വ പട്ടികയാണ് നമ്മള്‍ ഇത്രനേരം ചര്‍ച്ച ചെയ്തത്. അതില്‍ രണ്ട് സ്ഥാനാര്‍ത്ഥിത്വമാണ് പൊതുവില്‍ വിവാദമായത്. അതിലൊന്ന് ഏഷ്യാനെറ്റ് ന്യൂസ് കാര്യമായി ഉള്‍ക്കൊണ്ടതല്ല, കാരണം ഡോ ആര്‍ ബിന്ദുവിന്റെ സ്ഥാനാര്‍ത്ഥിത്വം, അവര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തന്നെയാണ്. തൃശൂര്‍ ജില്ലയില്‍ വിവിധ ബഹുജന സംഘടനാരംഗത്ത് സജീവമാണ്. അത് എതിരാളികള്‍ക്ക് പോലും ആയുധമാകുന്നൊരു സാഹചര്യമുണ്ടായി. സംസ്ഥാന നേതൃത്വത്തില്‍ നിന്നാണോ ആ നിര്‍ദേശം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ എത്തിയത്?

ഇപ്പോള്‍ ആ ചര്‍ച്ച അപ്രസക്തമാണ്. എന്തുകൊണ്ടെന്നാല്‍ ഇവിടെ പാനലില്‍ പല പേരുകള്‍ ചര്‍ച്ച ചെയ്യും. ആ പല പേരുകള്‍ ചര്‍ച്ച ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഒറു തീരുമാനത്തിലെത്തുമ്പോഴാണ് അത് സ്ഥാനാര്‍ഥികളുടെ നിര്‍ദേശമായും അതിന്റെ തീരുമാനമായും വരുന്നത്. ആ തിരുമാനത്തില്‍ ഈ പേരില്ലാത്തപ്പോ പിന്നെ അതിലൊരു ചര്‍ച്ച അപ്രസക്തമായ കാര്യമാണ്. ചര്‍ച്ച ചെയ്തുകൂടി നമ്മള്‍.
exclusive interview with a vijayaraghavan before assembly election 2021

സമ്മതിക്കുന്നു, എന്നാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളുടെ പാര്‍ട്ടിയാണ് ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള വിഷയമാണത്. അങ്ങനെയൊരു പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നോ, എന്തായിരുന്നു അതിന്റെ അടിസ്ഥാനം?

അതെ, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പല പേരുകള്‍ നമ്മള്‍ ചര്‍ച്ച ചെയ്യുമല്ലോ. നമ്മുടെ ചര്‍ച്ചകളില്‍ എത്ര പേരുകള്‍ കടന്നുപോവും. ആര്‍ക്കും പേര് പറയാം. സ്വയം പേരു പറയാം. അങ്ങനെയാണ് പാര്‍ട്ടി. ഞാനാദ്യമേ പറഞ്ഞു, നമ്മള്‍ പല പല പേരുകള്‍ ചര്‍ച്ച ചെയ്യും. അതിന്റെ വ്യത്യസ്തമായ കാര്യങ്ങള്‍ വിവിധ ഘടകങ്ങള്‍ ചര്‍ച്ച ചെയ്യും. ആ ചര്‍ച്ചയില്‍ നിന്നാണ് തീരുമാനത്തിലെത്തുന്നത്. ആ തീരുമാനങ്ങളുടെ യുക്തിയാണ് ഞാന്‍ പറഞ്ഞത്. അങ്ങനെ പാര്‍ട്ടിക്കകത്തുള്ള ചര്‍ച്ചകള്‍, വ്യത്യസ്ത ഘടകങ്ങളുടെ പരിശോധനകള്‍, വളരെ ജനാധിപത്യപരമായ അഭിപ്രായ പ്രകടനങ്ങള്‍, അതിലൂടെ രൂപപ്പെടുന്ന സമന്വയമാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി എന്നത്. അതുകൊണ്ട് അതിന്റെ ഇടയില്‍ വരുന്ന കാര്യത്തെക്കുറിച്ച് ഞാനഭിപ്രായം പറയാന്‍ പാടില്ല.അത് ശരിയുമല്ല, ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ  നന്‍മകളെ തകര്‍ക്കുന്ന ഒന്നായിരിക്കും അത്.

പാര്‍ട്ടിക്ക് ക്ഷീണമായോ ആ വിവാദം ?

ഒരിക്കലുമില്ല, പാര്‍ട്ടിയെക്കുറിച്ച് എതിരാളികള്‍ പ്രചരിപ്പിക്കുന്ന ചില ഘടകങ്ങള്‍ ഇല്ലാതായി. ജനാധിപത്യം ആര്‍ക്കാണ് എന്നുള്ളത് സമൂഹത്തിന് ബോധ്യപ്പെട്ടു. ഞങ്ങളുടെ ഈ പാനലിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ ഞങ്ങളുയര്‍ത്തിപ്പിടിച്ച ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാണ്.

സ്ഥാനാര്‍ത്ഥിപ്പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ നമുക്കിവിടെ അവസാനിപ്പിക്കാം. എല്‍ഡിഎഫിലെ സീറ്റ് വിഭജനമാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു പ്രധാന വിഷയം. ജോസ് കെ മാണിയുടെ പാര്‍ട്ടി എല്‍ഡിഎഫില്‍ വരുന്നതിന്റെ ശില്‍പ്പികളില്‍ ഒരാള്‍ താങ്കളാണല്ലോ. താങ്കള്‍ എല്‍ഡിഎഫ് കണ്‍വീനറായശേഷമാണ് രണ്ട് പാര്‍ട്ടികള്‍ എത്തുന്നത്. പക്ഷേ ശ്രദ്ധേയമായ ഒന്ന് നെടുകെ പിളര്‍ന്നുവന്ന ഒരു യുഡിഎഫ് കക്ഷി എല്‍ഡിഎഫിലേക്ക് എത്തുമ്പോള്‍ 13 സീറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നു. അതിനുള്ള സംഘടനാശേഷി, ജനപിന്തുണ, ആ പാര്‍ട്ടിക്കുണ്ടോ ?

ഇതിനെ മറിച്ചിട്ടാണ് നമ്മള്‍ പരിശോധിക്കേണ്ടത്. അതായത് കേരളത്തിലെ യുഡിഎഫ് എന്നത് കേരളത്തിലെ പ്രതിലോമ രാഷ്ട്രീയത്തെയാണ് കൈകാര്യം ചെയ്യുന്നത്. ആ യുഡിഎഫ് ദുര്‍ബലപ്പെടുമ്പോഴാണ്, കേരളം ശരിയായ രാഷ്ട്രീയദിശയിലേക്ക് നീങ്ങുക. അപ്പോള്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്തലാണ് ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ ദൗത്യം എന്നു പറയുന്നത്. ഇപ്പോള്‍ സംഭവിച്ചത് എന്താ, യുഡിഎഫ് എന്ന് പറയുന്ന ആ മുന്നണി, അതിലെ രണ്ട് പ്രധാന പാര്‍ട്ടികള്‍ മുന്നണി വിട്ടുപോയി. ശിഥിലമായി അത്. ആ ശിഥിലീകരണത്തില്‍ നിന്നാണ് നമ്മള്‍ കേള്‍ക്കുന്ന ഈ വാര്‍ത്തയൊക്കെ വരുന്നത്. യുഡിഎഫ് ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. ആ പ്രക്രിയയുടെ വേഗത വര്‍ധിപ്പിച്ച സുപ്രധാന തീരുമാനമാണ് കേരളാ കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടത്. എല്‍ഡിഎഫിനത് പൊതുവെ ഗുണം ചെയ്തു. അതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും അത് സഹായകരമായിട്ടുണ്ട്. രാഷ്ട്രീയമായിട്ടാണ് ഞങ്ങളക്കാര്യത്തെ പരിശോധിച്ചിട്ടുള്ളത്. അല്ലാതെ സീറ്റുകളുടെ എണ്ണത്തിലല്ല.

അങ്ങനെയെങ്കില്‍ യുഡിഎഫിനെ ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണോ കേരള കോണ്‍ഗ്രസ് എമ്മിന് വാരിക്കോരി സീറ്റുകള്‍ നല്‍കുന്നത്. 2016ല്‍ 15 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിയാണ്, പകുതിയായി എല്‍ഡിഎഫില്‍ വന്നശേഷം 13 സീറ്റുകള്‍ നേടിയെടുക്കുന്നത്.

അല്ല, ഞങ്ങളതെല്ലാം പരിശോധിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ സ്വാധീനം സംബന്ധിച്ച പരിശോധനകളൊക്കെ സ്വാഭാവികമാണ്. പിന്നെ രാഷ്ട്രീയമുണ്ട്. അതും പ്രാധാന്യമുള്ളതാണ്. അങ്ങനെയൊക്കെയുള്ള പരിശോധനകളിലൂടെ ഞങ്ങള്‍ ചര്‍ച്ച ചെയ്ത് എത്തിച്ചേര്‍ന്നൊരു സമീപനമാണ്. പുതിയ പാര്‍ട്ടികള്‍ എല്‍ഡിഎഫിലേക്ക് വരിക എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം. അതിനെ ആധാരമാക്കിയാണ് സീറ്റ് വിഭജനം നടക്കുന്നത്. അത് തൂക്കി നോക്കിയല്ല കാര്യങ്ങള്‍ ചെയ്യുന്നത്. അതിന്റെ രാഷ്ട്രീയം മറ്റ് കാര്യങ്ങള്‍ ഇതെല്ലാം നോക്കി ഞങ്ങളെടുത്ത തീരുമാനമാണ്. അവര്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ്, അത് നിരാകരിക്കാന്‍ പറ്റില്ല.
exclusive interview with a vijayaraghavan before assembly election 2021

സ്വാധീനം സമ്മതിക്കുന്നു, കേരള രാഷ്ട്രീയത്തില്‍ 13 സീറ്റിനുള്ള അര്‍ഹത കേരള കോണ്‍ഗ്രസ് എമ്മിനുണ്ടോ ?

അത് ഓരോ വീക്ഷണങ്ങളാണ്. നിങ്ങള്‍ നോക്കുമ്പോ അത് കാണുന്നില്ല. ഞങ്ങളൊരു പരിശോധനയിലൂടെ എടുത്ത തീരുമാനമല്ലെ. അപ്പോ ആ തീരുമാനത്തെ സംബന്ധിച്ച് ഞാന്‍ തൂക്കി നോക്കി പറയേണ്ട ആവശ്യം വരുന്നില്ല. ഞങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തിട്ടുള്ളതാണ് ഇത്തരം കാര്യങ്ങളെല്ലാം. അത് പുതിയതായൊരു വിഷയമല്ല. മാധ്യമങ്ങളാണ് അത് പുതിയൊരു വിഷയമാക്കിയത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് പുതിയൊരു വിഷയമേയല്ല.

സമ്മതിക്കുന്നു, പക്ഷെ ഇക്കാര്യം വീണ്ടും ചോദിക്കാന്‍ കാരണം എല്‍ഡിഎഫിനൊപ്പമുള്ളൊരു ഘടകകക്ഷി സ്‌കറിയാ തോമസിന്റെ പാര്‍ട്ടി പുതിയ കേരളാ രാഷ്ട്രീയത്തില്‍ സംപൂജ്യരാകുമ്പോഴാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് 13 സീറ്റുകള്‍ കിട്ടുന്നത്. കേരളാ കോണ്‍ഗ്രസിന് 13 സീറ്റുകള്‍ കിട്ടുമ്പോള്‍ മെലിഞ്ഞത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമാണ്. എല്‍ഡിഎഫില്‍ സിപിഎം 85 ആയി കുറയുന്നു. സിപിഐ 27ല്‍ നിന്ന് 25 ആയി കുറയുന്നു. അപ്പോള്‍ ജനാധിപത്യകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നത് ഇടതുമുന്നണിയ്ക്ക് ഭാവിയില്‍ ഗുണമാകുമോ ?

ഞങ്ങളുടെ പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍, ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യത്തെയാണ് പ്രധാനമായും കണ്ടത്. ഞങ്ങളുടെ പാര്‍ട്ടി അയച്ച സര്‍ക്കുലറിലെ വാചകങ്ങള്‍ പരസ്യമായി പറയാമോ എന്ന് എനിക്കറിഞ്ഞുകൂടാ. എങ്കിലും ഒന്ന് പറയാം, കൃത്യമായി ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്, 140 നിയോജക മണ്ഡലങ്ങളിലും മത്സരിക്കുന്നത് എല്‍ഡിഎഫാണ്. ആ സമീപനമാണ് സിപിഎമ്മിനുള്ളത്. സിപിഎം കേഡര്‍മാരോടും അംഗങ്ങളോടും ബന്ധുക്കളോടും ഞങ്ങള്‍ നല്‍കിയ സന്ദേശമതാണ്. ഈ തെരഞ്ഞെടുപ്പിന്റെ ഓരോ നിയോജകമണ്ഡലങ്ങളെയും സംബന്ധിച്ചും എല്‍ഡിഎഫ് എന്ന പരിഗണനയില്‍ നമ്മള്‍ കേന്ദ്രീകരിക്കും എന്നതാണ്. അത് സിപിഎം ചിഹ്നത്തില്‍ മത്സരിക്കുന്ന കേന്ദ്രങ്ങളിലും ഞങ്ങളുടെ ചിഹ്നമില്ലാതെ മത്സരിക്കുന്ന മറ്റ് ഘടകകക്ഷികളുടെ സീറ്റുകളിലും സിപിഎം നല്‍കാന്‍ പോകുന്നത് ഇതേ സമീപനമാണ്. ആ സമീപനത്തില്‍ നിന്നാണ് ഈ തീരുമാനം.

സിപിഎമ്മിനുള്ള ഈ വിശ്വാസം സിപിഐഎക്ക് ഇല്ല എന്നതാണ് ശ്രദ്ധേയം. ഇന്നലെ കാനം രാജേന്ദ്രന്‍ ഈ സീറ്റ് നേടിയെടുക്കുന്നതിലല്ല ശക്തി തെളിയിക്കേണ്ടത്, ജയിച്ചുവരുന്നതില്‍ എന്നതിലാണ്. സിപിഐക്കില്ലാത്ത വിശ്വാസം സിപിഎം നല്‍കുന്നതിന്റെ അടിസ്ഥാനം എന്താണ് ?

അതിപ്പോ കാനം എന്നൊക്കെ പറയുമ്പോ അദ്ദേഹമൊക്കെ തഴക്കം വന്ന രാഷ്ട്രീയ നേതാവാണ്. അദ്ദഹം ഒരു പത്രസമ്മേളനത്തില്‍ പല തരത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടാവും. അതിലൊരു ഭാഗം അടര്‍ത്തി നമ്മള്‍ അഭിപ്രായം പറയാന്‍ പാടില്ല. ഞാന്‍ അദ്ദേഹത്തിന്റെ ആ പത്രസമ്മേളനത്തെ വിലയിരുത്തുമ്പോള്‍ നമ്മുടെ ഐക്യത്തെ ശക്തിപ്പെടുത്തുന്ന വാക്കുകളാണ് ഞാന്‍ കേട്ടത്.

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പം ഏറെക്കാലം ഉറച്ചുനില്‍ക്കുമെന്ന പ്രതീക്ഷ എല്‍ഡിഎഫ് കണ്‍വീനര്‍ക്കുണ്ടോ ?

എല്‍ഡിഎഫില്‍ ഇനിയും കൂടുതല്‍ കക്ഷികള്‍ ചേരും യുഡിഎഫ് കൂടുതല്‍ ശിഥിലമാകും എന്ന വിശ്വാസമാണ് എനിക്ക്.

ലീഗാണോ എല്‍ഡിഎഫിലേക്ക് വരുന്നത് ?

അത് ഒരു പ്രത്യേക പാര്‍ട്ടി എന്ന നിലയിലല്ല. യുഡിഎഫ് ശിഥിലമാകുമ്പോള്‍ അതിന്റെ പിന്നില്‍ നില്‍ക്കുന്ന ജനങ്ങളെ കാണണം. രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണരുത്. അതിന്റെ പിന്നില്‍ നില്‍ക്കുന്ന ജനങ്ങളെക്കുറിച്ചാണ് ഞങ്ങള്‍ ഏറ്റവും ഗൗരവപൂര്‍വം കാണുന്നത്. യുഡിഎഫില്‍ ഒരു ഘടകപാര്‍ട്ടി മാറി എന്നല്ല. യുഡിഎഫിന്റെ പിന്നില്‍ നില്‍ക്കുന്നവരില്‍ ധാരാളം സാധാരണക്കാരുണ്ട്. കൃഷിക്കാരുണ്ട്, തൊഴിലാളികളുണ്ട്, വളരെ പാവങ്ങളുമുണ്ടാകാം.അവര്‍ മറ്റ് ചില കാരണങ്ങളാല്‍ ഞങ്ങളുടെ കൂടെയല്ല. അവരിപ്പോള്‍ യുഡിഎഫിന്റെ പിന്നിലാണ്. ആ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം വരണമെന്നത് അതിപ്രധാനമാണ്.

13 സീറ്റില്‍ മത്സരിക്കുന്നു, നാലോ അഞ്ചോ സീറ്റൊക്കെ നേടിക്കഴിഞ്ഞാല്‍, എല്‍ഡിഎഫ് ആശിക്കുംപോലെ തുടര്‍ഭരണം സാധ്യമായാല്‍ രണ്ട് മന്ത്രി സ്ഥാനങ്ങളുടെയെങ്കിലും മിനിമം ക്ലെയിം ജോസ് കെ മാണിക്ക് മുന്നോട്ടുവെക്കാം. അപ്പോള്‍ അതടക്കം ഭാവിയില്‍ എല്‍ഡിഎഫിനെ ഏത് ദിശയിലേക്ക് കൊണ്ടുപോകും ?

അതൊന്നും ഇപ്പോ ചര്‍ച്ച ചെയ്യേണ്ട വിഷയമേയല്ല.

അല്ല ഉറപ്പിക്കുകയല്ലേ എല്‍ഡിഎഫ്?

അല്ല, തുടര്‍ഭരണം വരട്ടെ, അപ്പോ ഈ ആശങ്കയൊന്നും ഉണ്ടാകുകയില്ല.

പുന:ക്രമീകരണം ഈ മന്ത്രിപദിവകളിലും ഉണ്ടാകും, പലര്‍ക്കും എണ്ണം കുറയും, അങ്ങനെയെങ്കില്‍ അല്ലെ?

ഇപ്പോ നമ്മള്‍ അതിനെക്കുറിച്ചൊരു ചര്‍ച്ച വേണ്ട. വരാന്‍ പോവുന്നൊരു കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതുകൊണ്ട് പ്രത്യേക പ്രയോജനമില്ലല്ലോ. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതുവരെ നമുക്കിപ്പോ ചര്‍ച്ച ചെയ്താ മതി. ജയിച്ചതിനുശേഷമുള്ള കാര്യം തെരഞ്ഞെടുപ്പ് കഴിയട്ടെ.

മധ്യകേരളത്തിലെയൊക്കെ അല്ലെങ്കില്‍ മധ്യതിരുവിതാംകൂറിലൊക്കെ കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ ന്യായീകരണമുണ്ട് സമ്മതിക്കുന്നു. പക്ഷെ ഈ കുറ്റ്യാടിയിലെ പാര്‍ട്ടിയുടെ സീറ്റ്, കഴിഞ്ഞ തവണ ഏതാനും വോട്ടുകള്‍ക്ക് പാര്‍ട്ടി തോറ്റതാണ് പക്ഷെ, കുറ്റ്യാടി ഒരു ഉറച്ച മണ്ഡലമായി അവിടുത്തെ പ്രവര്‍ത്തകര്‍ കാണുന്നത്, അത് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് പ്രവര്‍ത്തകരെ മുറിവേല്‍പ്പിച്ചിട്ടുണ്ട് ?

പാര്‍ട്ടി, സംസ്ഥാന കേന്ദ്രം കാണുമ്പോള്‍ ഒരു പ്രത്യേക പ്രദേശത്തെ കണ്ടിട്ടല്ല തീരുമാനം എടുക്കുന്നതും നയരൂപീകരണങ്ങള്‍ നടത്തുന്നതുമൊക്കെ. സീറ്റ് വിഭജനം നടത്തുമ്പോഴും അങ്ങനെ നോക്കിയാല്‍ ഒരു സീറ്റും കൊടുക്കാന്‍ പറ്റില്ല. അങ്ങനെ നോക്കിയാല്‍ പ്രയാസങ്ങള്‍ പലതുമുണ്ടാകും. പാര്‍ട്ടി ആകെ കാര്യങ്ങള്‍ നോക്കിയാമ് ചെയ്യുന്നത്. അങ്ങനെ എടുക്കുന്നൊരു തീരുമാനമാണ്. അതിലൊരു സംശയവുമില്ല. ഇതൊക്കെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെയൊന്നുമില്ല.

അല്ല കണക്കുകളുടെ അടിസ്ഥാനത്തിലാണ്, കണ്‍വീനര്‍ സംസാരിക്കുന്നത്. ഏറ്റവും പ്രധാനം 2016ല്‍ വിജയിച്ച റാന്നി, കഴിഞ്ഞ മൂന്നോ നാലോ തവണയായി ജയിക്കുന്നൊരു മണ്ഡലമാണ്, ചാലക്കുടി മണ്ഡലം സിപിഎം നല്‍കി. പാലാ സീറ്റ് എന്‍സിപിയില്‍ നിന്നും പിടിച്ചുവാങ്ങി കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയെന്നുവരെ പറയാം. കുറ്റ്യാടിയില്‍ സിപിഎമ്മിന്റെ ഉറച്ച സീറ്റ് എന്ന് ഇപ്പോള്‍ പ്രവര്‍ത്തകര്‍ പറയുന്നു. അവിടെ ബൂത്തിലിരിക്കാന്‍ പോലും കേരളാ കോണ്‍ഗ്രസ് എമ്മിന് ആളില്ലെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത പാര്‍ട്ടിക്കാരൊക്കെ പറയുന്നത്, അങ്ങനെയെങ്കില്‍ സിപിഎമ്മിന്റെ ചെലവിലാണ് കേരളാ കോണ്‍ഗ്രസ് എമ്മിനെ വളര്‍ത്തേണ്ടത് ?

പാര്‍ട്ടി ഒരു തീരുമാനമെടുക്കുമ്പോള്‍ ഒട്ടേറെ ഘടകങ്ങള്‍ പരിശോധിക്കും. ഞാനാദ്യമേ പറഞ്ഞു അതൊക്കെ, കേരള രാഷ്ട്രീയത്തില്‍ ഏതെല്ലാം തിരുമാനങ്ങള്‍ ഞങ്ങള്‍ ഇതിനു മുമ്പെടുത്തിട്ടുണ്ട്. മാടായി, ഞങ്ങള്‍ ഏറ്റവും കൂടുതല്‍ വോട്ടിന് ജയിക്കുന്ന മണ്ഡലം, ഇപ്പോ കല്യാശേരിയുടെ ഭാഗമാണ്, അവിടെ മത്തായി മാഞ്ഞൂരാനെ നിര്‍ത്തിയിട്ടില്ലെ. അപ്പോ അങ്ങനെയൊക്കെ ചെയ്യാറില്ലെ നമ്മള്‍. മണ്ണാര്‍ക്കാട് നമ്മള്‍ ജോണ്‍ മാഞ്ഞൂരാനെ നിര്‍ത്തിയിട്ടുണ്ട്. ജോണ്‍ മാഞ്ഞൂരാന്റെ പാര്‍ട്ടിയില്‍ ആരെങ്കിലുമുണ്ടോ മണ്ണാര്‍ക്കാട്ട്. ഞങ്ങളുടെ ഉറച്ച സീറ്റാണ് അന്നത്തെ മണ്ണാര്‍ക്കാട്. ഇപ്പോഴത്തെ ശ്രീകൃഷ്ണപുരം മലമ്പുഴ ഭാഗങ്ങളിലെ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ്. അതിന് തൊട്ടുമുമ്പ് ഇമ്പിച്ചി ബാവയായിരുന്നു അവിടെ സ്ഥാനാര്‍ഥി. അദ്ദേഹം മാറിയിട്ടാണ് ജോണ്‍ മാഞ്ഞൂരാന്‍ മത്സരിച്ചത്. രാഷ്ട്രീയത്തില്‍ ഇങ്ങനെ ഒരുപാട് സംഭവങ്ങളുണ്ട്. അതൊക്കെ ആകെ സംസ്ഥാനത്തെ കാര്യങ്ങള്‍ സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ്. അതിനെ പ്രാദേശികവല്‍ക്കരിക്കരുത്.

പക്ഷെ ഈ ചരിത്രമൊന്നും പ്രവര്‍ത്തകര്‍ക്ക് ദഹിക്കുന്നില്ല എന്നതാണ് സമീപകാല യാഥാര്‍ത്ഥ്യം. ഇന്നും കുറ്റ്യാടിയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടെന്നാണ് നമുക്ക് ലഭിക്കുന്ന വാര്‍ത്തകള്‍...

അത് നിങ്ങള്‍ക്കാണ് ദഹിക്കാത്തത്. പ്രവര്‍ത്തകര്‍ക്ക് ആ വിഷയം വരില്ല.
exclusive interview with a vijayaraghavan before assembly election 2021

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കാര്യം വരുമ്പോള്‍ മറ്റൊരു അനീതി എല്‍ജെഡി ഉയര്‍ത്തുന്നുണ്ട്. തെക്കന്‍ കേരളത്തില്‍ ഒരു സീറ്റ് നേമമായിരുന്നു, എന്നാല്‍ സിപിഎം തന്നില്ല, എം വി ശ്രേയംസ്‌കുമാറടക്കം എല്‍ഡിഎഫ് യോഗം ബഹിഷ്‌കരിച്ചു...

നമ്മളിപ്പോള്‍ ആ വിഷയത്തിലേക്ക് പോകേണ്ട. ഇപ്പോള്‍ എല്‍ഡിഎഫ് 140 സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എല്‍ജെഡിയും അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നു. തെരഞ്ഞെടുപ്പില്‍ സ്വാഭാവികമല്ലെ. 140 സീറ്റ് വിതിച്ചെടുക്കുമ്പോള്‍ രണ്ട് പുതിയ പാര്‍ട്ടികള്‍ കൂടി എല്‍ഡിഎഫില്‍ വന്നു ചേര്‍ന്നിരിക്കെ എല്ലാവര്‍ക്കും അവര്‍ അര്‍ഹിച്ച തരത്തിലോ ആഗ്രഹിച്ച തരത്തിലോ സീറ്റുകള്‍ കൊടുക്കാന്‍ പറ്റിയില്ല എന്ന് വരും. അതൊക്കെ സ്വാഭാവികമാണ്. പക്ഷെ എല്ലാ ഘടകക്ഷികളും ത്യാഗം ചെയ്തിട്ടുണ്ട്. എല്ലാവരുടെയും ത്യാഗമുണ്ട് ഈ ഐക്യത്തില്‍. അതാണ് സ്വാഭാവികമായും കാണേണ്ടത്.

നേട്ടം മുഴുവന്‍ ഒരു പാര്‍ട്ടിക്കാണെന്നതാണ് യാഥാര്‍ത്ഥ്യം, മെലിഞ്ഞത് സിപിഐയും സിപിഎമ്മുമാണ്. കരുത്തരാകുന്നത് ജോസ് കെ മാണിയും...

എല്‍ഡിഎഫ് ശക്തമാകുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. കാരണം എല്‍ഡിഎഫിന് ഏറ്റവും പ്രസക്തമായൊരു രാഷ്ട്രീയമുണ്ട്. ആ രഷ്ട്രീയമാണ് ഇപ്പോള്‍ വിജയിക്കേണ്ടത്.

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കാര്യം ഒരുഭാഗത്ത് നില്‍ക്കട്ടെ, ജെഡിഎസിന്റെ വടകര സീറ്റ് എല്‍ജെഡിക്ക് നല്‍കുന്നത് സിപിഎം നേരിട്ട് നടപ്പിലാക്കിയ തീരുമാനമാണോ അതോ ഇരുപാര്‍ട്ടികരളെയും വിശ്വാസത്തിലെടുത്ത് നടപ്പാക്കിയ തീരുമാനമാണോ ?

എല്ലാ തീരുമാനങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തുന്നതാണ്. അല്ലാതെ പാര്‍ട്ടി ഒറ്റക്ക് ഒരു തീരുമാനം ഒരിക്കലും എടുത്തിട്ടില്ല.

പ്രീ പോള്‍ സര്‍വെ ഫലങ്ങളൊക്കെ വരുന്നുണ്ട്. സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ്, ഈ പ്രീ പോള്‍ സര്‍വെ ഫലങ്ങളൊന്നും സിപിഎം പൊതുവില്‍ അംഗീകരിക്കാറില്ല. എങ്കിലും ഈ ട്രെന്‍ഡൊക്കെ കാണുമ്പോള്‍ സെക്രട്ടറിക്ക് എന്താണ് തോന്നുന്നത്.

പ്രീ പോള്‍ കണ്ടു, കേള്‍ക്കാന്‍ സുഖമുണ്ട്, പക്ഷെ ഒരു തെരഞ്ഞെടുപ്പില്‍ കഠിനാധ്വാനം അനിവാര്യമാണ്. തെരഞ്ഞെടുപ്പ് എന്നത് ഒട്ടും ഗൗരവം കുറച്ചു കാണേണ്ട ഒന്നല്ല. ഇതൊരു വലിയ ആശയ പ്രത്യയശാസ്ത്ര സമരമാണ്. ഇടതുപക്ഷ തുടര്‍ഭരണം എന്നത് ഏഴു തവണ അധികാരത്തില്‍ വന്ന ഇടതുപക്ഷത്തിന് ഒരിക്കലും സാധിച്ചിട്ടില്ലാത്ത ഒരു കാര്യമാണ്. അപ്പോ അങ്ങനെ ഒരു വിഷയം വരുമ്പോള്‍ എതിരാളികള്‍ അത് ഇല്ലാതാക്കാന്‍ ശ്രമിക്കും. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ധനിക വര്‍ഗവുമായുള്ള ഒരു സംവാദപരത ഇതിലുണ്ട്, സംഘര്‍ഷത്തിന്റെ രൂപവുമുണ്ട്. അപ്പോള്‍ സ്വാഭാവികമായും ഞങ്ങളെ എതിര്‍ക്കുന്നവര്‍ ഞങ്ങള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ ശ്രമിക്കുമല്ലോ.അതിനെ മുറിച്ചു കടക്കേണ്ടതുണ്ട്.അതുകൊണ്ട് അതീവ ഗൗരവത്തോടുകൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ സിപിഎം കാണുന്നത്.

തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം താഴെത്തട്ടില്‍ ഒരു അമിത ആത്മവിശ്വാസമുണ്ടോ പ്രവര്‍ത്തകര്‍ക്കിടയില്‍

അങ്ങനെ ഒരു അമിത ആത്മവിശ്വാസം വരാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഈ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സിപിഐഎമ്മിന്റെ സംസ്ഥാന നേതൃത്വം സംസ്ഥാന കമ്മിറ്റി എല്ലാ പ്രാദേശിക പാര്‍ട്ടി കമ്മിറ്റികളിലും പങ്കെടുക്കുയുണ്ടായി. ഞങ്ങളുടെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളാണ് പ്രാദേശിക പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുത്തത്. എല്ലാ ഏരിയാ കമ്മിറ്റികളിലും അവര്‍ പോവുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് കിട്ടിയ വോട്ടുകളും ഞങ്ങള്‍ക്ക് സംഭവിച്ച പരിമിതികളും പരിശോധിച്ചുകൊണ്ട് നമുക്ക് എവിടെയെങ്കിലും വോട്ട് കുറഞ്ഞിട്ടുണ്ടെങ്കില്‍ അത് കുറയാനിടയായ കാരണങ്ങള്‍ പരിശോധിച്ച് നമുക്ക് അകന്നുപോയ ആളുകളെ തിരിച്ചുകൊണ്ടുവരാനും കൂടിയുള്ള പ്രവര്‍ത്തനമാണ് തദ്ദേശതെരഞ്ഞെടുപ്പിനുശേഷം നടത്തിയിട്ടുള്ളത്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം തന്നെ പ്രത്യേക താല്‍പര്യമെടുത്തുകൊണ്ടു നടത്തിയ പ്രവര്‍ത്തനമാണത്. അങ്ങനെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത്. സംഘടനാപരമായി പാര്‍ട്ടിയെ ജാഗ്രതപ്പെടുത്തിയും ആരെങ്കിലും പാര്‍ട്ടിയില്‍ നിന്നകന്നുപോവുന്നുണ്ടെങ്കില്‍ അവരെ അടുപ്പിക്കാനുള്ള കൂടുതല്‍ കടുത്ത പ്രയത്‌നം നടത്തിയും മുന്നോട്ടുപോവേണ്ടതുണ്ട്. അതാണ് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പിന് മുമ്പ് താഴെത്തട്ടില്‍ നടത്തിയിട്ടുള്ള പ്രധാന പാര്‍ട്ടി പ്രവര്‍ത്തനം. അല്ലാതെ അയത്‌ന ലളിതമായൊരു തെരഞ്ഞെടുപ്പ് വിജയം എന്ന സന്ദേശമല്ല പാര്‍ട്ടി താഴെത്തട്ടില്‍ നല്‍കുന്നത്.

ഈ സ്വര്‍ണക്കടത്ത് -ഡോളര്‍ക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് തദ്ദേശതെരഞ്ഞെടുപ്പിനുശേഷം ഒരു രണ്ടുമാസം നിശബ്ദതയായിരുന്നു. പുറമെ നമ്മളൊന്നും കണ്ടില്ല. എന്നാലിപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ മുഖ്യമന്ത്രിക്കെതിരെയും പിബി അംഗത്തിന്റെ ഭാര്യക്കെതിരെയുമൊക്കെ അന്വേഷണ ഏജന്‍സികള്‍ രംഗത്തെത്തിയിട്ടുണ്ട്...

സ്വാഭാവികമാണ്. അവരത് ചെയ്യും എന്ന് ഞങ്ങള്‍ കാണുന്നുണ്ട്. കാരണം കേന്ദ്ര ബിജെപി അതിന്റെ അധികാരത്തെ തെറ്റായ രൂപത്തില്‍ വിനിയോഗിക്കും എന്ന തിരിച്ചറിവ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. സ്വാഭാവികമായും കേരളത്തില്‍ സുസ്ഥിരമായൊരു ഇടതുപക്ഷ സര്‍ക്കാരാണ് ഇപ്പോഴുള്ളത്. ബിജെപിയെ സംബന്ധിച്ചിടത്തോളും ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ല. അപ്പോള്‍ അവര്‍ സ്വാഭാവികമായും കേന്ദ്ര അധികാരം ഉപയോഗിച്ച് എന്തെല്ലാം കേരളത്തില്‍ ചെയ്യാന്‍ പറ്റോ അതെല്ലാം ചെയ്യും.

തെറ്റായ രൂപത്തില്‍ കേന്ദ്ര ഏജന്‍സികളെ വിനിയോഗിക്കുന്നു എന്നതാണ് വിഷയം. കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ തന്നെ അതിന് നേതൃത്വം നല്‍കുന്നു എന്നതാണ് അദ്ദേഹത്തിന്റെ തിരുവനന്തപുരം പ്രസംഗം ബോധ്യപ്പെടുത്തുന്നത്.ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗങ്ങളുണ്ട്. വളരെ വ്യക്തമാണ്, ഞങ്ങളുടെ നയങ്ങളെ സംബന്ധിച്ച് യാതൊരു സംശയവുമില്ലാതെ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കാര്യങ്ങള്‍ വ്യക്തമായിട്ടുമുണ്ട്. കാരണം, കേന്ദ്ര ഏജന്‍സികള്‍ ഈ സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെടുത്തിയിട്ടുള്ള പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തി മുഖ്യമന്ത്രിക്കെതിരായി സംസാരിക്കാന്‍ വേണ്ടി നിര്‍ബന്ധിപ്പിച്ചു.  ഇത് ഇവിടെ തെളിവുകളല്ലെ രംഗത്തുവന്നിരിക്കുന്നത്. അപ്പോള്‍ ദുര്‍വിനിയോഗത്തിന്റെ തെളിവുകള്‍ സമൂഹത്തിന് മുന്നിലുണ്ട്.

ഞങ്ങള്‍ ചെയ്യാന്‍ പോകുന്നത് എന്താ, സമൂഹത്തിന് മുന്നില്‍ ഇക്കാര്യങ്ങള്‍ തുറന്നുകാണിക്കുക. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും അഴിമതിക്കോ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കോ വിധേയമാകുന്നവരല്ല കമ്മ്യൂണിസ്റ്റുകള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എത്രയോ ദശകങ്ങളായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ വിചാരിച്ചാല്‍ ഞങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കാനാവില്ല. ജനങ്ങള്‍ക്ക് കേരളത്തിലെ ഇടതുപക്ഷത്തെയും വിശേഷിച്ച് സിപിഎമ്മിനെയും അതിന്റെ നേതൃത്വത്തെയും അറിയാം. അതുകൊണ്ടുതന്നെ ഇതൊക്കെ പാഴ്വേലകളായി മാറും. പിന്നെ അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

exclusive interview with a vijayaraghavan before assembly election 2021

അമിത് ഷാ ശംഖുമുഖം കടപ്പുറത്ത് പ്രസംഗിച്ചപ്പോള്‍ പറഞ്ഞത് ചില വിവരങ്ങള്‍ അദ്ദേഹത്തിന്റെ കൈയിലുണ്ട്, എന്നാല്‍ പറയുന്നില്ല എന്നതാണ്, അപ്പോഴാണ് യുഡിഎഫ് ആക്ഷേപിക്കുന്നത്, ബിജെപിയും സിപിഎമ്മും തമ്മില്‍ ഒത്തുകളി ഉണ്ടെന്ന്...

തിരിച്ചും പറയുന്നുണ്ട്. അമിത് ഷാ ഇവിടെ വന്ന് രാഹുല്‍ ഗാന്ധിക്കോ കോണ്‍ഗ്രസിനോ എതിരായി ഒന്നും പറഞ്ഞിട്ടില്ല. ഒക്കെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെയാണ് പറഞ്ഞത്. രാഹുല്‍ ഗാന്ധി ഇവിടെ വന്നു, അതേ ശംഖുമുഖത്ത് പോയി. ബിജെപിക്കെതിരെ ഒന്നും പറയുന്നില്ല. ഞങ്ങള്‍ക്കെതിരായിട്ടാണ് പറയുന്നത്. രണ്ടും വ്യക്തമാണല്ലോ, രണ്ടു കൂട്ടരും തമ്മിലുള്ള ബന്ധം പാരസ്പര്യങ്ങളിലെ സൗഹൃദമാണ് ഇവിടെ വ്യക്തമാവുന്നത് അതുകൊണ്ടു ഞങ്ങള്‍ക്ക് ആ കാര്യത്തില്‍ ഭയാശങ്കകളോ ഞങ്ങളോട് തര്‍ക്കിച്ച് ജയിക്കാനോ അവര്‍ക്ക് കഴിയില്ല. കാരണം വസ്തുത തൊട്ടുമുന്നില്‍ നില്‍ക്കുകയല്ലെ.

ഈ പോരാട്ടത്തില്‍ പ്രധാനപ്പെട്ട എതിരാളിയായി ബെജിപിയെ സിപിഎം കാണുന്നുണ്ടോ ?, അതോ ഒരു യുഡിഎഫ്, എല്‍ഡിഎഫ് നേര്‍ക്കുനേര്‍ മത്സരമാണോ?.

കേരളത്തിന്റെ രാഷ്ട്രീയ പരിസ്ഥിതിയില്‍ യുഡിഎഫ് എപ്പോഴും പ്രധാന പ്രതിപക്ഷമാണ്. നമ്മളെപ്പോഴും കണ്ടുപോന്നിട്ടുള്ളതാണ് അത്. പലതരത്തില്‍ യുഡിഎഫ് മേധാവിത്വം സ്ഥാപിക്കാന്‍ ശ്രമിക്കാറുണ്ട്. പല ഘടകങ്ങളെയും അവര്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ബിജെപിയെപോലും അവര്‍ സ്വന്തം വരുതിയില്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. സ്വാഭാവികമായും ആ നിലയിലാണ് കേരളത്തില്‍ ഇടതുപക്ഷ വിരുദ്ധ കൂട്ടുകെട്ടുകള്‍ വന്നിട്ടുള്ളത്. ബിജെപിക്ക് കേരളത്തില്‍ നിയമസഭയില്‍ പ്രാതിനിധ്യം ഉണ്ടാക്കാനുള്ള കാര്യങ്ങള്‍ കൂടി ചെയ്തവരാണ് യുഡിഎഫുകാര്‍. ആ നിലയില്‍ യുഡിഎഫിനെ കാണേണ്ടിവരും. അതേസമയം ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ ഉള്ള പാര്‍ട്ടിയാണ്. ആ അധികാരം ഉപയോഗിച്ച് ഇന്ത്യയിലെ ജനാധിപത്യത്തിനുനേരെയും മതനിരപേക്ഷതക്കു നേരെയും അവര്‍ നടത്തുന്ന അതിക്രമങ്ങളുണ്ട്. ഏകാധിപത്യപരമായ നീക്കങ്ങള്‍ ധാരാളം നടത്തുന്നുണ്ട്. കേന്ദ്ര ഏജന്‍സിയെ അവർ ദുരുപയോഗം ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ബിജെപിയെ നമ്മള്‍ എതിര്‍ക്കേണ്ടതുണ്ട്. അതേസമയം മതനിരപേക്ഷത സംരക്ഷിക്കുക എന്ന വിഷയം വരുമ്പോള്‍ ബിജെപി മുഖ്യ എതിരാളി തന്നെയാണ്.

താങ്കളുടെ എല്‍ഡിഎഫ് ജാഥയൊക്കെ വിജയമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ സിപിഎം സെക്രട്ടറി സ്ഥാനത്ത് ഉടനൊരു മാറ്റമുണ്ടാകുമോ, കോടിയേരി മടങ്ങിയെത്തുമോ, അതോ പുതിയ സെക്രട്ടറി വരുമോ, താങ്കള്‍ തുടരുമോ, ചോദ്യങ്ങള്‍ അങ്ങനെ നിരവധി ഉയരുന്നുണ്ട്...

അത് പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ അല്ലെ. അതിനെക്കുറിച്ച് പാര്‍ട്ടി തീരുമാനിക്കും. ഇതില്‍ സിപിഐഎം എന്നു പറയുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും പാവപ്പെട്ടവരുടെയും ഒരു പാര്‍ട്ടിയാണ്. അത് അങ്ങനെ സംഘടനാപരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളാരും വ്യക്തിപരമായി ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരല്ല.

അപ്പോള്‍ സമ്മേളന കാലയളവില്‍ താങ്കള്‍ സെക്രട്ടറിയായി തുടരും  ?

അത് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടിക്ക് ഒരു ധാരണയുണ്ടാവും. എങ്ങനെയാണ് പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകണം എന്നത് സംബന്ധിച്ച് ധാരണയുണ്ടാകും.അതിന്റെ ഭാഗമായിട്ട് തീരുമാനങ്ങള്‍ വരും. അതിനെക്കുറിച്ചാലോചിച്ച് നമ്മള്‍ വെറുതെ സമയം കളയേണ്ട.

Follow Us:
Download App:
  • android
  • ios