നേമത്ത് സംഭവിച്ചത്, ലതിക സുഭാഷിന്റെ പ്രതിഷേധം, സോളാർ കേസ്; ഉമ്മൻചാണ്ടിക്ക് പറയാനുള്ളത്...

By Web TeamFirst Published Mar 15, 2021, 5:18 PM IST
Highlights

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോരാട്ടത്തിന് കേരളം കച്ച മുറുക്കി ഇറങ്ങിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ​ദിവസങ്ങൾ മാത്രം. സ്ഥാനാർത്ഥികൾ ഓരോരുത്തരായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു തുടങ്ങി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ നിരവധി വിവാദങ്ങൾക്കും അപ്രതീക്ഷിത പ്രതിഷേധങ്ങൾക്കുമാണ് കേരളം വേദിയായത്. കേരള രാഷ്ട്രീയ ചരിത്രം ഇന്നു വരെ കണ്ടിട്ടില്ലാത്ത പ്രതിഷേധവും ഈ തെരഞ്ഞെടുപ്പ് കാലത്താണ് സംഭവിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസിന്റെ മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖം

തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്കുള്ള യാത്രയിലാണ്. ഉമ്മൻചാണ്ടി തിരിച്ചു പുതുപ്പള്ളിയിലേക്ക് വരുമോ എന്ന് നിരവധി പേർക്ക് ആശങ്കയുണ്ടായിരുന്നു? 

നേമത്ത് ഏതെങ്കിലും മുതിർന്ന നേതാക്കൾ മത്സരിക്കണമെന്നൊരു നിർദ്ദേശം വന്ന സമയത്ത് അതിന് പലരും സന്നദ്ധരായി, കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. അത് സംബന്ധിച്ചുള്ള വാർത്തകളൊക്കെ പ്രാധാന്യത്തോടെ വരികയും ചെയ്തു. ആ സമയത്ത് പുതുപ്പളളിയിലുള്ളവർ അവിടെത്തന്നെ നിൽക്കണമെന്നൊരു ആ​ഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ച് അവിടെത്തന്നെ നിൽക്കുന്നതിന് അനുമതി കിട്ടി. അങ്ങനെ നാളെ നോമിനേഷൻ കൊടുക്കും. 

പുതുപ്പള്ളി വിട്ട് ഉമ്മൻ ചാണ്ടി നേമത്തേയ്ക്ക് വരുമെന്ന് വിശ്വസിക്കാൻ ആർക്കും സാധിച്ചിരുന്നില്ല. സത്യത്തിൽ  നേമത്തേക്ക് വരാൻ ഒരു നീക്കമുണ്ടാകുകയും ഉമ്മൻചാണ്ടി അത് സമ്മതിക്കുകയും ചെയ്തിരുന്നോ? 

അങ്ങനെയൊരു നിർദ്ദേശം വന്നു. പലരും അതിനോട് പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. അക്കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. പുതുപ്പള്ളിയിൽ നിന്നാണ് എന്റെ മുഴുവൻ പൊതുപ്രവർത്തനത്തിന്റെ ആരംഭവും.  എന്റെ പ്രവർത്തനമേഖല അവിടമാണ്. ആ സാഹചര്യത്തിൽ പുതുപ്പള്ളിയിലുള്ള സഹപ്രവർത്തകരും സുഹൃത്തുക്കളുമൊക്കെ അതിന് അനുകൂലമല്ലാത്തൊരു സമീപനമാണ് സ്വീകരിച്ചത്. അത് തള്ളിക്കളയാൻ എനിക്ക് സാധിക്കാതെ വന്നു. അതാണ് സത്യം. 

വേണ്ടി വന്നാൽ നേമത്ത് മത്സരിക്കാൻ രമേശ് ചെന്നിത്തലയും സന്നദ്ധത പ്രകടിപ്പിച്ചിരുന്നോ?
എന്നെ സംബന്ധിച്ച് ഞാനെടുത്ത തീരുമാനങ്ങളെല്ലാം ഞാൻ സ്വന്തമായിട്ടെടുത്ത തീരുമാനങ്ങളാണ്. അതിൽ മറ്റാരുടെയും പങ്കും പങ്കാളിത്തവും ഇല്ല. രമേശും ആ അഭിപ്രായം പറഞ്ഞിരുന്നു. 

പക്ഷേ മുരളീധരനെപ്പോലെയുള്ള ചില നേതാക്കൾ പറഞ്ഞത് മനപൂർവ്വം പ്രശ്നമുണ്ടാക്കുകയാണ്, ഉമ്മൻചാണ്ടിയെ അവിടെ നിന്ന് നീക്കുക എന്നത് ചിലരുടെ ആസൂത്രിത നീക്കമാണ് എന്നാണ്. അങ്ങനെ സംശയിക്കുന്നുണ്ടോ?
അത് ഒട്ടും ശരിയല്ല. അക്കാര്യത്തിൽ പൂർണ്ണ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. മറ്റാരുടെയും മേൽ ആരോപിക്കുന്നത് ശരിയല്ല. അതിന്റെ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. 

സ്ഥാനാർത്ഥിപ്പട്ടികയിൽ അമ്പത് ശതമാനത്തിലേറെ പുതുമുഖങ്ങൾ, യുവാക്കൾ, സ്ത്രീകൾ ഇവരൊക്കെയുള്ള പട്ടികയായിരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അങ്ങനെയൊരു പട്ടിക തന്നെയാണ് പുറത്തു വന്നത്. എന്നാൽ നിർഭാ​ഗ്യവശാൽ മഹിളാ കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധം ചർച്ചകളെ മറ്റൊരു ദിശയിലേക്ക് എത്തിച്ചിരിക്കുകയാണ്. നിങ്ങൾക്കൊക്കെ അറിയാമായിരുന്നോ ഇവർ ഈ രീതിയിൽ പ്രതിഷധിച്ചേക്കുമെന്ന്?

ശ്രീമതി ലതിക സുഭാഷിന് ഒരു സീറ്റ് കിട്ടേണ്ടത് ആവശ്യമാണ്, കൊടുക്കാൻ പാർട്ടി തയ്യാറാണ്, അക്കാര്യത്തിലൊന്നും ഒരു സംശയവുമില്ല. പക്ഷേ അവരെടുത്ത ഒരു നിലപാട് തന്നെയാണ് അവർക്ക് ബുദ്ധിമുട്ടായത്. അത് അവർ തന്നെ സമ്മതിച്ചു. ഒരു സെക്കന്റ് ആൾട്ടർനേറ്റീവ് പറഞ്ഞില്ല എന്ന് അവർ തന്നെ പറഞ്ഞു. അവർ ചോദിച്ചത് ഏറ്റുമാനൂർ മണ്ഡലമാണ്. അത് പി ജെ ജോസഫ്, മുന്നണിയിലെ മൂന്നാമത്തെ പാർട്ടിയായ കേരള കോൺ​ഗ്രസ് ആവശ്യപ്പെട്ട, ഏറ്റവുമധികം  ആവശ്യപ്പെട്ട സീറ്റായിരുന്നു. അത് കിട്ടുമോ എന്ന് സംശയമുണ്ടായിരുന്നത് കൊണ്ട് അതിനുള്ള സാധ്യതകളെക്കുറിച്ച് അവരോട് സംസാരിച്ചു. പക്ഷേ അവർ അതല്ലാതെ മറ്റൊരു സീറ്റിൽ മത്സരിക്കില്ല എന്ന് ശക്തമായ നിലപാടെടുത്തു. സംസ്ഥാന സംഘടന പ്രസിഡന്റുമാർക്ക് സീറ്റ് കൊടുക്കുക എന്നുള്ളത് കോൺ​ഗ്രസിലെ ഒരു പാരമ്പര്യമാണ്. 

കെഎസ്‍യു പ്രസിഡന്റ് കെ എം അഭിജിത്ത്, അദ്ദേഹം ചോദിച്ച ഒന്നാമത്തെ സീറ്റ് അദ്ദേഹത്തിന് കൊടുക്കാൻ സാധിക്കാതെ വന്നു. അപ്പോൾ അദ്ദേഹം രണ്ടാമത്തെ ഓപ്ഷൻ തന്നു. അപ്പോൾ രണ്ടാമത്തെ ഓപ്ഷൻ കൊടുക്കാൻ സാധിച്ചു. ഇത് രണ്ടാമത്തെ ഓപ്ഷനില്ല എന്ന് മാത്രമല്ല, പറയുന്ന സീററ് ഒരു ഘടക കക്ഷിക്ക് കൊടുത്ത സീറ്റുമാണ്. കോൺ​ഗ്രസിനകത്തെ ഓപ്ഷനാണെങ്കിൽ അത് മാറ്റിക്കൂടെ എന്ന് വേണമെങ്കിൽ ചിന്തിക്കാം. ഇത് അങ്ങനെ ചിന്തിക്കാൻ പറ്റാത്ത വിധത്തിലുള്ള സീറ്റായിരുന്നു. അതുകൊണ്ട് സംഭവിച്ച സം​ഗതിയാണ്. ഞാൻ ഡെൽഹിയിൽ നിന്ന് എല്ലാ തീരുമാനവും കഴിഞ്ഞ് തിരിച്ച് പുതുപ്പള്ളിയിൽ വന്ന അവസരത്തിലാണ് എന്നോട് വേറൊരു നിയോജക മണ്ഡലത്തിന്റെ പേര് ആദ്യമായിട്ട് പറയുന്നത് . അപ്പോഴത്തേക്ക് തീരുമാനങ്ങളെല്ലാം ആയിക്കഴിഞ്ഞു. 

വൈപ്പിനായിരുന്നോ അവർ ആവശ്യപ്പെട്ടത്? 
ഒരു സീറ്റ് ഏതായാലും അവർ ആവശ്യപ്പെട്ടു. സാധ്യതകളെക്കുറിച്ച് ചോദിച്ചു. 

കാഞ്ഞിരപ്പള്ളി വേണോ എന്ന് ഉമ്മൻചാണ്ടി ചോദിച്ചതായി അവർ പറയുന്നുണ്ട്? 
കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറുമാണ് കോൺ​ഗ്രസിന് കേരള കോൺ​ഗ്രസിൽ നിന്ന് വിട്ടുകിട്ടിയ നിയോജക മണ്ഡലങ്ങൾ. അതൊക്കെ ചോദിക്കുകയാണെങ്കിൽ ഞങ്ങൾക്കൊന്ന് ആലോചിക്കാമായിരുന്നു. കൊടുക്കാൻ എനിക്ക് ഒറ്റക്ക് പറയാൻ പറ്റുന്ന കാര്യമല്ല. എന്നാൽ പരി​ഗണിക്കാൻ സാധിക്കുമായിരുന്നു. പക്ഷേ അതിനും തയ്യാറായില്ല. തയ്യാറായത് എല്ലാ തീരുമാനങ്ങളും കഴിഞ്ഞ് ഡെല്ലിയിൽ നിന്ന് പുതുപ്പള്ളി വീട്ടിൽ ഞാനെത്തിയപ്പോഴാണ് അവരിങ്ങനെയൊരു കാര്യം പറയുന്നത്. അപ്പോഴത്തേക്കും ഞങ്ങളുടെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് കാര്യങ്ങൾ പോയിക്കഴിഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഒരു നിർഭാ​ഗ്യകരമായ സ്ഥിതിയാണ് ഉണ്ടായത്. ആരെയും കുറ്റപ്പെടുത്തുകയല്ല, ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ലതിക സുഭാഷിന് മാറി നിൽക്കാൻ ഒക്കുകയില്ല. അവർ അൽപ്പമൊരു ഫ്ലക്സിബിലിറ്റി പാർട്ടി നേതൃത്വത്തിന് തന്നിരുന്നുവെങ്കിൽ അത് തീർക്കാമായിരുന്നു. 

കോൺ​ഗ്രസിലെ മുന്നണിക്കകത്ത് ചോദിക്കന്ന സീറ്റ് കിട്ടുക എന്ന് പ്രത്യേകമായ ഒരു സാഹചര്യമായിരിക്കും. പലപ്പോഴും അങ്ങോട്ടോ ഇങ്ങോട്ടോ മാറേണ്ടി വന്നേക്കും. എത്രയോ നേതാക്കൾ, വ്യത്യസ്തമായ സീറ്റുകളിൽ, ആദ്യം ആ​ഗ്രഹിച്ചതും കിട്ടിയതുമായ സീറ്റുകൾ വച്ചു നോക്കുമ്പോൾ വളരെയധികം വ്യത്യാസം വന്നിട്ടുണ്ട്. ആ ഒരു കാര്യം ഉൾക്കൊണ്ടില്ല എന്നതാണ് ഇവിടെ പ്രശ്നമായത്. അത് ഏറ്റവും നിർഭാ​ഗ്യകരമായിപ്പോയി. 

ഇനിയും ആറ് സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്? അവിടെ ലതികാ സുഭാഷിനെ പരി​ഗണിക്കുമോ?
ചോയിസ് വളരെ കുറഞ്ഞു. സാധ്യതകൾ വളരെ കുറഞ്ഞു. തീരുമാനിക്കാനുള്ള സീറ്റുകൾ എന്ന് പറയുന്നത് സാധാരണ രീതിയിലുള്ള വേക്കന്റ് ആയ സീറ്റുകളൊന്നുമല്ല. അത് പല നേതാക്കളും കോൺ​ഗ്രസിന്റെ പ്രതിനിധികളും മത്സരിക്കാൻ താത്പര്യം കാണിച്ചിട്ട് അത് സംബന്ധിച്ച ഏത് സീറ്റ് ആർക്ക് എന്നുളളത് തീരുമാനിക്കാനുള്ള കാര്യങ്ങളാണ്. അതിനകത്ത് സ്വാതന്ത്ര്യം എടുക്കുന്നതിനുള്ള പരിമിതിയുണ്ട്.

ഉദാഹരണത്തിന് വട്ടിയൂർക്കാവ്. നേരത്തെ കെ മുരളീധരനായിരുന്നു. അവിടെ മത്സരിച്ചിട്ട് കോൺ​ഗ്രസ് ജയിച്ചതുമില്ല. അത് വേണമെങ്കിൽ അവർക്ക് കൊടുത്തുകൂടെ? 

അതിൽ വേറെയും പല പേരുകൾ വന്നിട്ട് അത് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ചോയിസ്, അതിന്റെ സാധ്യതകൾ എത്രമാത്രമുണ്ടെന്ന് എനിക്ക് തീർത്തറിയില്ല. അത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായിട്ട് ആലോചിക്കേണ്ട സം​ഗതിയാണ്. 

അതായത് നിലവിൽ അവർക്ക് സീറ്റില്ല?
ഇപ്പോഴത്തെ നിലയിൽ ഒരു  സീറ്റ് കണ്ടെത്തുക എന്ന് പറയുന്നത് ബുദ്ധിമുട്ടിലേക്ക് എത്തി. നമുക്ക് സ്വാതന്ത്ര്യമുള്ളൊരു സമയമുണ്ടായിരുന്നു. തീരുമാനം എടുക്കാനുള്ള അവസരമുണ്ടായിരുന്ന സാഹചര്യവുമുണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടതിന് ശേഷമാണ് ഏറ്റുമാനൂര് ഒഴിച്ചൊരു മണ്ഡലത്തിൽ മത്സരിക്കാമെന്നുള്ള ഒരഭിപ്രായം വന്നത്. 

അവർ ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് കേൾക്കുന്നു. യുഡിഎഫ്, എൽഡിഎഫുമായി നല്ലൊരു പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ ഒരു മഹിളാ കോൺ​ഗ്രസ് അധ്യക്ഷ തന്നെ വിമതയായി വരുന്ന സ്ഥിതി വരുമോ? 
അങ്ങനെ വരില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. കാരണം സാഹചര്യങ്ങളെല്ലാം അവർക്കറിയാം, അവർ തന്നെ പറഞ്ഞിട്ടുണ്ട്, ഏറ്റുമാനൂർ അല്ലാതെ ഒരു സീറ്റ് അവർ ആവശ്യപ്പെട്ടിരുന്നില്ല എന്ന്. ആ ഒരു സാഹചര്യത്തിൽ, പാർട്ടിക്ക് ഒരു തീരുമാനമെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ബുദ്ധിമുട്ടേറിയ ഒരു തീരുമാനം അവർ എടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. 

നേമത്തേക്ക് കെ മുരളീധരൻ വരുന്നു. നേരത്തെ വോട്ടുകച്ചവടമാണ്, ബിജെപി കോൺ​ഗ്രസ് ഒത്തുതീർപ്പാണ് എന്നൊക്കെയാണ് സിപിഎം നേതാക്കൾ പറഞ്ഞുകൊണ്ടിരുന്നത്. മുഖ്യമന്ത്രി തന്നെ പറഞ്ഞു കൊണ്ടിരുന്നത്. അവിടെ ശക്തമായ പോരാട്ടത്തിന് തീരുമാനിക്കുക വഴി അത്തരം ആരോപണങ്ങളൊക്കെ ഇല്ലാതാകുകയാണോ? 

തീർച്ചയായിട്ടും. അങ്ങനെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. അത് ഒരുവിധത്തിലും നടന്നിട്ടുളള കാര്യങ്ങളല്ല. പക്ഷേ എന്നാലും എന്തും പ്രചരിപ്പിക്കാൻ സമർത്ഥരായ മാർക്സിസ്റ്റ് പാർട്ടി ഇത് പ്രചരിപ്പിച്ചു കൊണ്ടിരിക്കും. തിരുവനന്തപുരത്ത് പറഞ്ഞാൽ ഇവിടെയുളളവർക്ക് അറിയാം നടക്കില്ലെന്ന്. പക്ഷേ കണ്ണൂരൂം തലശ്ശേരിയിലും പറഞ്ഞാലോ? ചിലപ്പോൾ വിശ്വസിക്കും. എന്ന് മാത്രമല്ല, ബിജെപിയെ ശക്തമായി  എതിർക്കുന്ന ഇന്ത്യയിലെ പാർട്ടി ഇന്ത്യൻ നാഷണൽ കോൺ​ഗ്രസാണ്. മാർക്സിസ്റ്റ് പാ‍ർട്ടി ഇന്ന് ബിജെപിക്കെതിരെ പറയുന്നുണ്ടല്ലോ. 74 ലെ തെരഞ്ഞെടുപ്പിൽ അവർ ഒന്നിച്ച് മത്സരിച്ചവരാണ്. 89 ൽ രാജീവ് ​ഗാന്ധിയെ അധികാരത്തിൽ നിന്ന് താഴെയിറക്കി, വീണ്ടും അധികാരത്തിൽ കയറാൻ വേണ്ടി മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും ഒന്നിച്ച് നിന്ന് പ്രവർത്തിച്ചവരാണ്. ഒന്നാം യുപിഎ ​ഗവൺമെന്റിനെ താഴെയിറക്കാൻ ബിജെപിയൊടൊപ്പം ചേർന്ന് എല്ലാ തന്ത്രങ്ങളും പയറ്റിയവരാണ് മാർക്സിസ്റ്റ് പാർട്ടി. അവർക്ക് ബിജെപിയെക്കുറിച്ച്, അവരോടുള്ള എതിർപ്പിനെക്കുറിച്ച് എന്തു പറയാനാണ്? എന്നിട്ട് കോൺ​ഗ്രസിനെ കുറ്റപ്പെടുത്തുന്നു. കോൺ​ഗ്രസ് ഒരു കാലത്തും ബിജെപിയുമായി കോംപ്രമൈസ് ചെയ്തിട്ടില്ല. ഇനി കോംപ്രമൈസ് ചെയ്യുകയുമില്ല. 

പക്ഷേ ഒരുപാട് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നു. കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവെച്ച് ബിജെപിയിൽ ചേരുന്നു. മറ്റ് പല നേതാക്കളും കോൺ​ഗ്രസിൽ നിന്ന് രാജി വെക്കുന്നു. അവരൊക്കെ നാളെ പോയേക്കാം? 

മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് പോയിട്ടില്ലേ? പോകുന്നില്ലേ? ഇവിടെ ബിജെപി കളിക്കുന്ന രാഷ്ട്രീയെന്താ? അധികാരത്തിന്റെയും സമ്പത്തിന്റെ രാഷ്ട്രീയം കളിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തെ അപഹസിക്കുകയാണ്. പരിഹസിക്കുകയാണ്. അവരോട് യോജിക്കാൻ നിവൃത്തിയില്ല. പക്ഷേ അധികാരത്തിന്റെയും സമ്പത്തിന്റെയും സ്വാധീനത്തിൽ ഈ രാജ്യത്ത് എന്തും ചെയ്യാം എന്ന ഒരു ശൈലി ഉണ്ടാക്കാണ് ഇന്ന് നരേന്ദ്ര മോഡി  ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനെ സർവ്വശക്തിയുമെടുത്ത് കോൺ​ഗ്രസ് നേരിടും. 

മുരളീധരൻ നേമത്ത് മത്സരിക്കുന്നു. ഒരു ടഫ് സീറ്റിൽ ബിജെപിയിൽ നിന്ന് സീറ്റ് പിടിച്ചെടുക്കാനുള്ള മത്സരത്തിലാണ്. നേമത്ത് വിജയിക്കാൻ കഴിഞ്ഞാൽ മുരളീധരന്‍ നേതൃനിരയിൽ പ്രധാനപ്പെട്ട ഒരാളായി മാറുമോ? 

മുരളീധരൻ കോൺ​ഗ്രസിന്റെ മുൻനിരയിലുള്ള ഒരു നേതാവ് തന്നെയാണ്. അതിന് നേമത്തെ മത്സരവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. അദ്ദേഹം കോൺ​ഗ്രസിന്റെ നേതൃനിരയിലുള്ള നേതാവാണ്. അദ്ദേഹം വളരെയേറെ സംഭാവനകൾ കോൺ​ഗ്രസിന് നൽകിയിട്ടുണ്ട്. ഇന്നും നൽകുന്നുണ്ട്. അദ്ദേഹത്തെക്കുറിച്ച് എല്ലാവർക്കും നല്ല മതിപ്പാണുള്ളത്.

നേമം മുരളീധരൻ പിടിച്ചെടുത്താൽ ഒരുപക്ഷേ കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുരളീധരൻ മാറുമോ? 
കോൺ​ഗ്രസിന്റെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് ഹൈക്കമാന്റ് ആണ്. ഹൈക്കമാന്റ് വന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായി സംസാരിച്ച ശേഷം അവരെടുക്കുന്ന തീരുമാനമാണ്. അക്കാര്യത്തിൽ കോൺ​ഗ്രസിനകത്ത് ഒരു ഭിന്നതയോ തർക്കമോ ഇന്നുവരെ ഉണ്ടായിട്ടില്ല. ഇനിയുമുണ്ടാകില്ല. 

ഘടകകക്ഷി അടക്കം ഉമ്മൻചാണ്ടിയുടെ നേതൃത്വം കുറെനാളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. അത് ഈ പ്രചാരണത്തിന്റെ ഘട്ടത്തിൽ നേതൃത്വം ഏൽപിച്ചതിലൂടെ യാഥാർത്ഥ്യമായിരിക്കുകയാണ്. ഉമ്മൻ ചാണ്ടി നയിച്ചാലേ യുഡിഎഫ് അധികാരത്തിൽ വരൂ എന്നൊരു വിശ്വാസം ഘ ടക കക്ഷികൾക്കെങ്കിലുമുണ്ടെന്ന് തോന്നുന്നു?

അതൊക്കെ തെറ്റായ വ്യാഖ്യാനമാണ്. ഇപ്പോൾ ഉണ്ടാക്കിയെന്ന് പറയുന്ന കമ്മറ്റി, എന്ന് പറയുന്നത് ഒരു കൂട്ടായ നേതൃത്വം പ്രചരണ രം​ഗത്ത് ഉണ്ടാകണം. അതൊരു വ്യക്തിക്ക് കിട്ടിയ അം​ഗീകാരമല്ല. ഒരു ജോയന്റ് ലീഡർഷിപ്പ് എന്നൊരു ആശയമാണ്. ഒരു കൂട്ടായ്മയാകണം പ്രചരണ രം​ഗത്ത് കോൺ​ഗ്രസിനെ നയിക്കേണ്ടത് എന്ന ഹൈക്കമാന്റിന്റെ പ്രതികരണമാണ്. ഒരു വ്യക്തിക്കല്ല, ഒരു കൂട്ടായ്മക്കാണ് ഹൈക്കമാന്റ് നേതൃത്വം നൽകിയിട്ടുള്ളത്. മറ്റുള്ളതിനൊന്നും അടിസ്ഥാനമില്ല. അതൊക്കെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഹൈക്കമാന്റ് തീരുമാനിക്കും. ഈ പ്രവർത്തനങ്ങളിലെല്ലാം മുരളീധരനടക്കമുള്ള  എല്ലാ നേതാക്കളുടയും പങ്കാളിത്തമുണ്ട്. അത് പൂർണ്ണമായും പ്രയോജനപ്പെടുത്തി കൂടുതൽ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിൽ ജയിച്ചു വരാനാണ് കോൺ​ഗ്രസും യുഡിഎഫും ശ്രമിക്കുന്നത്. 

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ ശേഷം ആദ്യത്തെ തവണ പാർട്ടിയിലും എ ​ഗ്രൂപ്പിന് കൂടുതൽ സ്വാധീനമുണ്ടായിരുന്നു. പക്ഷേ ഇത്തവണ സ്ഥാനാർത്ഥി നിർണ്ണയത്തിൽ എ ​ഗ്രൂപ്പിലെ പല നേതാക്കളെയും വിചാരിച്ചത് പോലെ അക്കോമെഡേറ്റ് ചെയ്യാൻ കഴി‍ഞ്ഞിട്ടില്ല എന്ന് തോന്നുന്നുണ്ടോ? ഈ സ്ഥാനാർത്ഥി നിർണ്ണയത്തിലൂടെ എ ​ഗ്രൂപ്പിന് നഷ്ടമാണോ ഉണ്ടായിട്ടുള്ളത്?

നഷ്ടമെന്ന രീതിയിൽ പറയാൻ സാധിക്കില്ല. പക്ഷേ ഒന്ന് രണ്ട് ജില്ലകളിൽ ഉണ്ടായിട്ടുള്ള ചില തീരുമാനങ്ങൾ അത് കോൺ​ഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പൊതുവെ സ്വീകരിക്കുന്ന ആ സമനില, സമന്വയത്തിന്റേതായ ഒരു സാഹചര്യം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ഒരു സംശയം. അതിന്റേതായ ചില പ്രതിഷേധങ്ങളും കാര്യങ്ങളും നടക്കുന്നുണ്ട്. അതെങ്ങനെ പരിഹരിക്കാൻ പറ്റും എന്ന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 

ഉമ്മൻചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ അനുയായിയാണ് കെ സി ജോസഫ്. മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ഉമ്മൻചാണ്ടിക്കെതിരെ എന്ത് ആരോപണമുണ്ടായാലും വിമർശനമുണ്ടായാലും മന്ത്രിയെന്നുള്ള പദവി പോലും മറന്ന് പ്രതികരിക്കുന്ന ആളാണ് അദ്ദേഹം.  പക്ഷേ അദ്ദേഹത്തിന് ഇത്തവണ സീറ്റില്ല. കെ ബാബുവിന്റെ സീറ്റിനായി ഉമ്മൻ ചാണ്ടി വളരെയധികം വിയർപ്പൊഴുക്കിയെന്ന് ഞങ്ങളുടെ ദില്ലി റിപ്പോർട്ടർ പറയുന്നു. കെസി ജോസഫിനെപ്പോലെയുള്ള വിശ്വസ്തർക്ക് സീറ്റ് കിട്ടാത്ത സാഹചര്യമുണ്ടോ? 

കെ സി ജോസഫ് കോൺ​ഗ്രസിന്റെ സമുന്നത നേതാക്കളിൽ ഒരാളാണ്. അദ്ദേഹത്തിന് സീറ്റ് ആ​ഗ്രഹിക്കുന്നെങ്കിൽ അത് കിട്ടേണ്ടതായിട്ടുണ്ട്. യാതൊരു സംശയവുമില്ല. അദ്ദേഹം തുടർച്ചയായി മത്സരിച്ച് വിജയിച്ചിട്ടുള്ള ഇരിക്കൂർ നിയോജകമണ്ഡലം ഇപ്രാവശ്യം മത്സരിക്കുന്നില്ലെന്ന് വച്ചു. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. അങ്ങനെ വച്ച സാഹചര്യത്തിൽ മറ്റൊരു സീറ്റിന് എന്തെങ്കിലും സാധ്യതകളുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തത്. അത് നടന്നിട്ടില്ല, പക്ഷേ ജോസഫ് എംഎൽഎ ആയാലും അല്ലെങ്കിലും കോൺ​ഗ്രസിന്റെ സമുന്നതനായ നേതാവാണ്. അദ്ദേഹത്തിന്റെ സജീവമായ സാന്നിദ്ധ്യം കോൺ​ഗ്രസ് നേതൃത്വത്തിൽ തുടർന്നും ഉണ്ടാകും. യാതൊരു സംശയവുമില്ല. 

തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ ആരോപണം വീണ്ടും എടുത്തിടാൻ സാധ്യതയുണ്ട്. കാരണം അസാധാരണമാം വിധം അത് സിബിഐക്ക് കൈമാറി. ഈ സർക്കാരും പൊലീസും അന്വേഷണ സംവിധാനങ്ങളുമൊക്കെ അഞ്ചുവർഷത്തോളം അന്വേഷിച്ചിട്ടും അവർക്ക് കേസെടുക്കാൻ കഴി‍ഞ്ഞില്ല. ഇപ്പോൾ സിബിഐയ്ക്ക് വിടുന്നു. ഈ തെരഞ്ഞെടുപ്പിൽ വീണ്ടും അത് വിഷയമാകാൻ സാധ്യതയുണ്ടോ?

വിഷയമാക്കാൻ മാർക്സിസ്റ്റ് പാർട്ടിക്ക് എങ്ങനെ സാധിക്കും? അഞ്ചു കൊല്ലം അവർക്ക് എല്ലാ അധികാരവും അവകാശവും ഉണ്ടായിട്ട് കേസന്വേഷണം എന്തുകൊണ്ട് മുന്നോട്ട് കൊണ്ടുപോയില്ല?  മൂന്നു പ്രാവശ്യം ഡിജിപിമാരെ മാറ്റിമാറ്റി വച്ച് അന്വേഷിക്കാൻ നോക്കി. ഒരാളും മുന്നോട്ട് കൊണ്ടുപോകാനുള്ള അനുവാദം കൊടുത്തില്ല. പിന്നെ അവർ ഈ പരാതിക്കാരിയുടെ ഒരു പുതിയ പരാതി എഴുതി മേടിച്ച് ഒരു എഫ് ഐആർ ഞാനടക്കമുള്ള രണ്ട് പേർക്കെതിരെ തയ്യാറാക്കി. ഞാൻ കോടതിയിൽ പോയില്ല. മുൻകൂർ ജാമ്യം എടുത്തില്ല, എഫ്ഐആർ കാൻസൽ ചെയ്യാൻ ശ്രമിച്ചില്ല. അതിന്റെ അർത്ഥമെന്താ? അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് ഏത് സമയത്തും എന്നെ അറസ്റ്റ് ചെയ്യാം. അങ്ങനെ സ്വാതന്ത്ര്യമുണ്ടായിട്ട് പോലും നടപടിയെടുക്കാൻ അവർക്ക്  സാധിച്ചില്ല. സിബിഐക്ക് വിട്ടത് തന്നെ അവരുടെ കഴിവു കേടല്ലേ? അതിനുള്ളിൽ എന്തെങ്കിലുമുണ്ട് എന്നവർ  വിശ്വസിക്കുന്നുണ്ടെങ്കിൽ കേരള പൊലീസിനുള്ള ഒരു കുറ്റപത്രമല്ലേ സിബിഐക്ക് പോയതിന്റെ അർത്ഥം? പ്രതികളെല്ലാം സ്ഥലത്തുണ്ട്. ആരും ഒളിവിലല്ല. എല്ലാ തെളിവുകളും രേഖകളും അവരുടെ കയ്യിലുണ്ട്. അത് പരിശോധിച്ച് നടപടിയെടുക്കേണ്ടതിന് അത് സാധിക്കാതെ വന്നു. അതൊരു വലിയ പരാജയമാണ്. 

സോളാറിന്റെ കാര്യത്തിൽ പറഞ്ഞു, അന്വഷിച്ചിട്ട് ഒന്നും കണ്ടെത്താൻ സാധിച്ചില്ല, ഒരു കേസു പോലും അവർക്ക് രജിസ്റ്റർ ചെയ്യാനും പറ്റിയില്ല. സമാനമായ സ്ഥിതിയാണോ സത്യത്തിൽ ഈ സർണ്ണക്കടത്തും ഡോളർകടത്തും സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ആരോപണങ്ങളുമൊക്കെ? 

അതൊക്കെ എന്താണെന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. മറ്റ് പലതും ആരോപണങ്ങളായിരുന്നു. ഇന്നിപ്പോൾ ആരോപണങ്ങൾക്കപ്പുറത്തേയ്ക്ക് യാഥാർത്ഥ്യങ്ങൾ, വസ്തുതകൾ അത് തെളിവുകൾ സഹിതം ആണ് വന്നിട്ടുള്ളത്. സംസ്ഥാന ​ഗവൺമെന്റ് തന്നെ നടപടിയെടുത്തില്ലേ? ​ഗവൺമെന്റ് ഉദ്യോ​ഗസ്ഥൻമാരെ സസ്പെന്റ് ചെയ്തില്ലേ? ഈ ​ഗവൺമെന്റ് തന്നെ വിശ്വസിക്കുന്നു അതിൽ ചില യാഥാർത്ഥ്യങ്ങളുണ്ട്. 

ആരോപണങ്ങളൊക്കെ വന്ന സമയത്ത് ഞാനൊരു ദൈവവിശ്വാസിയാണ് എന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. ഇപ്പോഴും അത് തന്നെയാണോ പറയുന്നത്? 

ഞാനൊരു ദൈവവിശ്വാസിയാണ്. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നമുക്കൊരു ദോഷവും വരില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷയും കിട്ടും. ഞാൻ അന്നും ഇന്നും എല്ലാം വിശ്വസിക്കുന്ന ഒരു കാര്യമാണ്. എന്റെ അനുഭവത്തിൽ ഈ പറഞ്ഞത് നൂറുശതമാനം ശരിയാണ്. 

ഈ തെരഞ്ഞെടുപ്പ് പിണറായി വിജയനും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള പോരാട്ടമാണോ? 
അല്ല. ഇത് യുഡിഎഫും എൽഡിഎഫും തമ്മിലുള്ള മത്സരമാണ്. അതിൽ യുഡിഎഫ് വിജയിക്കും

click me!