തൃശൂർ: ഇരിങ്ങാലക്കുടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമല്ലെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയും മുൻ തൃശ്ശൂർ മേയറുമായ ഡോ ആർ. ബിന്ദു. കഴിഞ്ഞ 30 വർഷങ്ങളായി പൊതുരംഗത്ത് സജീവമാണ്. എ.വിജയരാഘവന്റെ ഭാര്യയായതുകൊണ്ടല്ല സ്ഥാനാർത്ഥിത്വം ലഭിച്ചത്. അങ്ങനെ വിമർശനം വരുന്നത് പുരുഷാധിപത്യ ചിന്തയുടെ തുടർച്ചയാണെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ കുടുംബ ബന്ധങ്ങളും സുഹൃദ് ബന്ധങ്ങളും വിജയത്തിലേക്ക് നയിക്കുമെന്നും ബിന്ദു പ്രതീക്ഷ പ്രകടിപ്പിച്ചു.
നേരത്തെ പതിവ് രീതികളിൽ നിന്നും മാറി സിപിഎം നേതാക്കളായ വിജയരാഘവന്റെയും എകെ ബാലന്റെയും ഭാര്യമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നുവെന്നത് വലിയ വാർത്തയായിരുന്നു. ഇതിൽ എകെ ബാലന്റെ ഭാര്യ പികെ ജമീലയുടെ സ്ഥാനാർത്ഥിത്വമാണ് കൂടുതൽ എതിർപ്പുയർത്തിയത്. പ്രദേശിക തലത്തിൽ പോലും വിമർശനങ്ങളുയർന്നതോടെ പികെ ജമീലയെ സ്ഥാനാർത്ഥിയാക്കേണ്ടെന്ന് തീരുമാനിച്ച സിപിഎം, പൊതുരംഗത്ത് സജ്ജീവമായ ഡോ ആർ. ബിന്ദുവിന് സീറ്റ് നൽകാനും ധാരണയിലെത്തുകയായിരുന്നു.