Asianet News MalayalamAsianet News Malayalam

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം

ലൊയോള എൽപി സ്കൂളിലെ ബൂത്തിലാണ് എ എൻ രാധാകൃഷ്ണൻ ആദ്യം എത്തിയത്. രാവിലെ എടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്തിയ ശേഷമാണ് എ എൻ രാധാകൃഷ്ണൻ സ്കൂളിലെത്തിയത്. 

Thrikkakkara By Election A N Radhakrishnan And Police Face To Face
Author
Thrikkakara, First Published May 31, 2022, 8:18 AM IST

കൊച്ചി: തൃക്കാക്കരയിൽ പോളിംഗ് ബൂത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം. ലൊയോള എൽപി സ്കൂളിലെ ബൂത്തിലെത്തിയ എ എൻ രാധാകൃഷ്ണൻ ഇതിന് സമീപത്ത് വച്ച് മാധ്യമങ്ങളെ കണ്ടതോടെയാണ് പൊലീസ് ഇടപെട്ടത്. പുറത്ത് വച്ചേ മാധ്യമങ്ങളെ കാണാൻ പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ തർക്കമായി. തർക്കം മൂത്തപ്പോൾ 'വേണമെങ്കിൽ നിങ്ങൾ കേസെടുത്തോ', എന്നായി സ്ഥാനാർത്ഥി. 

ലൊയോള എൽപി സ്കൂളിലെ ബൂത്തിലാണ് എ എൻ രാധാകൃഷ്ണൻ ആദ്യം എത്തിയത്. രാവിലെ എടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ എത്തിയ ശേഷമാണ് എ എൻ രാധാകൃഷ്ണൻ സ്കൂളിലെത്തിയത്. എ എൻ രാധാകൃഷ്ണന് തൃക്കാക്കരയിൽ വോട്ടില്ല. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് അദ്ദേഹം. 

ബൂത്തിന് ഇരുന്നൂറ് മീറ്ററെങ്കിലും അകലത്തേ മാധ്യമങ്ങളെയും ക്യാമറകളെയും അനുവദിക്കാനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്. രാഷ്ട്രീയകാര്യങ്ങളെല്ലാം വിശദീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ബൂത്തിന് തൊട്ടടുത്ത് അനുവദിക്കാനാകില്ല എന്ന നിലപാടിലാണ് പൊലീസ്. 

നഗരമണ്ഡലമായ തൃക്കാക്കരയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്‍റി 20 പത്ത് ശതമാനത്തോളം വോട്ട് പിടിച്ചുവെന്നത് ശ്രദ്ധേയമാണ്. ബിജെപിക്കും സമാനമായ വോട്ട് ശതമാനം തന്നെയേ നേടാനായുള്ളൂ. അതിനാൽ ട്വന്‍റി 20-ക്ക് പോയ വോട്ടുകൾ എങ്ങനെയെങ്കിലും സ്വന്തം പാളയത്തിലെത്തിക്കാനാകുമോ എന്നാണ് ബിജെപി ശ്രമിക്കുന്നത്. ഇതൊക്കെ പറയുമ്പോഴും  ഇരട്ടനീതി ഉയര്‍ത്തി അന്തിമ ഘട്ടത്തില്‍ പി. സി. ജോര്‍ജിനെ ഇറക്കി ബിജെപി നടത്തിയ പ്രചാരണം വോട്ടുകള്‍ എങ്ങിനെ മാറ്റിമറിക്കുമെന്ന കാര്യത്തില്‍ ഇരുമുന്നണികള്‍ക്കും ഒരു പോലെ ആശങ്കയുമുണ്ട്.

'പി സി ജോർജ് യേശുവിനെപ്പോലെ ക്രൂശിക്കപ്പെട്ടയാൾ'

ബിജെപി അട്ടിമറി വിജയം നേടുമെന്നാണ് എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കുന്നത്. രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് എ എൻ രാധാകൃഷ്ണൻ വിജയപ്രതീക്ഷ പങ്കുവച്ചത്. അതേസമയം, പി സി ജോർജ് വിഷയം ഇന്ന് രാവിലെയും സ്ഥാനാർത്ഥി ഉന്നയിച്ചു. ഭീകരവാദികൾക്കൊപ്പമാണ് പിണറായി വിജയനും വി ഡി സതീശനും. പി സി ജോർജ് യേശുവിനെപ്പോലെ ക്രൂശിക്കപ്പെട്ടയാളാണെന്നും, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മാത്രമാണ് പിണറായി അറസ്റ്റ് ചെയ്യാൻ നിർദേശിക്കുന്നതെന്നും രാധാകൃഷ്ണൻ ആരോപിക്കുന്നു. 

ലൊയോള എൽപി സ്കൂളിലെ ദൃശ്യങ്ങൾ കാണാം:

Follow Us:
Download App:
  • android
  • ios