മാണി സി കാപ്പൻ ജനങ്ങളോട് കാണിച്ചത് നീതികേട്; എൽഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവിൽ ഇല്ലെന്നും ശശീന്ദ്രൻ

By Web TeamFirst Published Feb 13, 2021, 9:29 AM IST
Highlights

എൽഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവിൽ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുൻപ് കാപ്പൻ എടുത്ത നിലപാട് അനുചിതമാണെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.

കോഴിക്കോട്: എൽ ഡി എഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നു എന്ന മാണി സി കാപ്പൻ്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎൽഎ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്ന് എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവിൽ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുൻപ് കാപ്പൻ എടുത്ത നിലപാട് അനുചിതമാണെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.

തന്നോട് സംസാരിക്കാതെ ദേശീയ നേതൃത്വം രാഷ്ട്രീയ തീരുമാനം എടുക്കില്ല. കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കും മുൻപ് കാപ്പൻ കാണിച്ചത്  അനുചിത പ്രവർത്തിയാണ്. കാപ്പൻ്റെ ഇപ്പോഴത്തെ പ്രവൃത്തി കാണുമ്പോൾ അദ്ദേഹം നേരത്തെ യുഡിഎഫുമായി ധാരണ ഉണ്ടാക്കി എന്ന് വ്യക്തമാണ്. യു ഡി എഫിൽ സീറ്റ് ഉറപ്പിച്ച ശേഷമാണ് കാപ്പൻ പ്രശ്നം തുടങ്ങിയത്. രാഷ്ട്രീയ കാരണങ്ങളാലാണ് താൻ എൽഡിഎഫിന് ഒപ്പം നിൽക്കുന്നത്. ദേശീയ നേതൃത്വത്തിൻ്റെ നിലപാടും അതാണ്.

തൻ്റെ കൂടെ ആളുണ്ടെന്ന അവകാശവാദം കാണാൻ പോകുന്ന പൂരമാണ്. ഇക്കാര്യം ജില്ലാ പ്രസിഡണ്ടുമാരോട് അന്വേഷിച്ചാൽ അറിയാം. എൻസിപിയിലെ ചില ജില്ലാ കമ്മിറ്റികൾ ഒഴികെ എല്ലാവരും  എൽഡിഎഫിനൊപ്പമാണ്. ഇത് മാധ്യമ പ്രവർത്തകർക്ക്  പരിശോധിക്കാം. ഒരാൾ പോയാലും പാർട്ടിക്ക് ക്ഷീണമാണ്. പിളരുന്തോറും വളരും എന്ന് പറഞ്ഞത് കെ എം മാണി മാത്രമാണ്. കാപ്പൻ പാർട്ടി വിട്ടത് വേദന ഉണ്ടാക്കുന്ന കാര്യമാണ്. 

പാല വിട്ടുനൽകില്ല എന്ന് മുന്നണിയിൽ ഒരു ചർച്ച ഔദ്യോഗികമായോ അനൗദ്യോഗികമായോ നടന്നില്ല. കാപ്പന് ക്ഷമ വേണമായിരുന്നു. ദേശീയ നേതൃത്വതീരുമാനത്തിന് കാത്തിരുന്നില്ല. പാലാ സീറ്റിൽ എൽഡിഎഫിൻ്റെ അന്തിമ തീരുമാനത്തിനും കാത്തിരുന്നില്ല. കാപ്പൻ കാണിച്ചത് പാർട്ടി അച്ചടക്കത്തിനെതിരാണ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് കാപ്പൻ്റെ തീരുമാനം. അദ്ദേഹത്തെ ജയിപ്പിച്ച പ്രവർത്തകരെ വഞ്ചിച്ചു. ഇത് ഒരു നല്ല പ്രവർത്തകൻ്റെ പ്രവർത്തിയല്ല, രാഷ്ടീയ തീരുമാനവുമല്ല എന്നും എ കെ ശശീന്ദ്രൻ പ്രതികരിച്ചു. 

താൻ എൽഡിഎഫ് വിട്ട് യുഡിഎഫിൽ ഘടകക്ഷിയാകുമെന്ന് ഇന്ന് രാവിലെയാണ് മാണി സി കാപ്പൻ പ്രഖ്യാപിച്ചത്. എൻസിപി കേന്ദ്രനേതൃത്വം ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കും. ഘടകക്ഷിയായിട്ടായിരിക്കും താൻ യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയിൽ പങ്കെടുക്കുക എന്നും മാണി സി കാപ്പൻ പറഞ്ഞു.

കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കില്ല. പുതിയ പാർട്ടിയുണ്ടാക്കുന്ന കാര്യമൊക്കെ പിന്നിട് ആലോചിക്കേണ്ട കാര്യങ്ങളാണ്. ദേശീയ നേതൃത്വം ഒപ്പം നിൽക്കുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം. പാലായിലെ ജനങ്ങൾ തനിക്കൊപ്പം നിൽക്കും. 101 ശതമാനവും അക്കാര്യത്തിൽ വിശ്വാസമുണ്ട്. നാളത്തെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. ഏഴ്  ജില്ലാ പ്രസിഡന്റുമാരും ഒരു അഖിലേന്ത്യ സെക്രട്ടറിയും , 9 സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമുണ്ട്. ഇവരും നാളത്തെ  യാത്രയിൽ പങ്കെടുക്കുമെന്നും മാണി സി കാപ്പൻ അറിയിച്ചു.

Read Also: ഒടുവിൽ പ്രഖ്യാപനം വന്നു, മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു; യുഡിഎഫിൽ ഘടകക്ഷിയാകും...

 

click me!