ആലപ്പുഴയിൽ സിറ്റിം​ഗ് എംഎൽഎമാർതന്നെ പോരിനിറങ്ങട്ടെയെന്ന് സിപിഎം; വിഭാ​ഗീയ നീക്കങ്ങളിൽ ആശങ്കയും

By Web TeamFirst Published Feb 11, 2021, 8:23 PM IST
Highlights

ഐസകും സുധാകരനും അല്ലാതെ ആലപ്പുഴയിലും അമ്പലപ്പുഴയിലും മറ്റൊരു പേരും നേതൃത്വത്തിന് മുന്നിലില്ല. ചെങ്ങന്നൂരിൽ സജി ചെറിയാൻ വീണ്ടും ജനവിധി തേടും. രണ്ട് തവണ വിജയിച്ച ആർ. രാജേഷിന് മാവേലിക്കരയിൽ വീണ്ടും അവസരം നൽകാനാണ് ആലോചന.

ആലപ്പുഴ: ആലപ്പുഴയി‌ൽ സിറ്റിംഗ് എംഎൽഎമാർക്ക് വീണ്ടും അവസരം നൽകാൻ സിപിഎം. മന്ത്രിമാരെ ഉൾപ്പടെ മാറ്റേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. എന്നാൽ കായംകുളം, മാവേലിക്കര മണ്ഡലങ്ങളിൽ പാർട്ടിക്കുള്ളിലെ വിഭാഗീയ നീക്കങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

തുർച്ചയായി നാല് തവണ വിജയിച്ച മന്ത്രി തോമസ് ഐസക്, ഏഴാം അങ്കത്തിനൊരുങ്ങുന്ന മന്ത്രി ജി സുധാകരൻ എന്നിങ്ങനെ ജില്ലയിലെ സിറ്റിംഗ് എംഎൽഎമാർക്കെല്ലാം ഒരവസരം കൂടി നൽകാനാണ് സിപിഎം തീരുമാനം. ഐസകും സുധാകരനും അല്ലാതെ ആലപ്പുഴയിലും അമ്പലപ്പുഴയിലും മറ്റൊരു പേരും നേതൃത്വത്തിന് മുന്നിലില്ല. ചെങ്ങന്നൂരിൽ സജി ചെറിയാൻ വീണ്ടും ജനവിധി തേടും. രണ്ട് തവണ വിജയിച്ച ആർ. രാജേഷിന് മാവേലിക്കരയിൽ വീണ്ടും അവസരം നൽകാനാണ് ആലോചന. എന്നാൽ പ്രാദേശികമായി ഒരുവിഭാഗം നേതാക്കൾക്ക് ഇതിൽ  ശക്തമായ എതിർപ്പുണ്ട്. 

തദ്ദേശതെരഞ്ഞെടുപ്പിൽ പോലും മാവേലിക്കരയിൽ വിഭാഗീയ പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. കായംകുളത്ത് യു. പ്രതിഭയ്ക്ക് വീണ്ടും അവസരം നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ താൽപര്യം. എന്നാൽ മുതിർന്ന നേതാക്കളായ കെ.എച്ച്.ബാബുജാനും എൻ. ശിവദാസനും സീറ്റിനായി രംഗത്തുണ്ട്. എംഎൽഎയും ഒരുവിഭാഗം നേതാക്കളുമായുള്ള പോര് കായംകുളത്ത് രൂക്ഷമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പോലും എംഎൽഎയ്ക്ക് എതിരെ വിമർശനം ഉയർന്നു. ഉപതെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ അരൂർ സീറ്റിൽ ഇനിയും സ്ഥാനാർഥിയെ തീരുമാനിക്കാൻ സിപിഎമ്മിനായിട്ടില്ല. സീറ്റിനായി പലരും മുഖ്യമന്ത്രിയെ വരെ സമീപിച്ചിട്ടുണ്ട്. എന്നാൽ അരൂരിലെ സംഘടനാ പ്രശ്നങ്ങൾ ആദ്യം പരിഹരിക്കാനായിരുന്നു മറുപടി. ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ അടുത്താഴ്ച പിണറായി വിജയൻ വീണ്ടും ആലപ്പുഴയിലെത്തും.
 

click me!