സ്വാമി അയ്യപ്പനടക്കം എല്ലാ ദൈവങ്ങളും എൽഡിഎഫ് സർക്കാരിനൊപ്പം: മുഖ്യമന്ത്രി

By Web TeamFirst Published Apr 6, 2021, 8:37 AM IST
Highlights

സുകുമാരൻ നായർ ഒരിക്കലും സർക്കാരിനെതിരെ പറയില്ല. അദ്ദേഹംഅയ്യപ്പ വിശ്വാസിയാണ്. അയ്യപ്പനും ബാക്കി ജനങ്ങളുടെ എല്ലാ ആരാധനാ മൂർത്തികളും ഈ സർക്കാരിനൊപ്പമാണ്.  

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. പിണറായി ഹൈസ്കൂളിലെത്തിയാണ് മുഖ്യമന്ത്രിയും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്. കെ കെ രാഗേഷ് എംപിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പിണറായിയിലെ വീട്ടിൽ നിന്നും കാൽനടയായാണ് മുഖ്യമന്ത്രിയും ഭാര്യയും പോളിംഗ് ബൂത്തിൽ എത്തിയത്. 

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 

സുകുമാരൻ നായർ ഒരിക്കലും സർക്കാരിനെതിരെ പറയില്ല. അദ്ദേഹം അയ്യപ്പ വിശ്വാസിയാണ്. അയ്യപ്പനും ബാക്കി ജനങ്ങളുടെ എല്ലാ ആരാധനാ മൂർത്തികളും ഈ സർക്കാരിനൊപ്പമാണ്.  എല്ലാ മതവിശ്വാസികളേയും ജനങ്ങളേയും സംരക്ഷിച്ചത് നിർത്തിയത് ഈ സർക്കാരാണ്. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്കൊപ്പമാണ് എല്ലാ കാലത്തും എല്ലാ ദേവഗണങ്ങളും - മുഖ്യമന്ത്രി പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനസമാധാനം തരുന്ന സർക്കാർ അധികാരത്തിൽ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രാവിലെ വോട്ട് ചെയ്ത ശേഷം പറഞ്ഞിരുന്നു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും ഒന്നും ജനം മുഖവിലയ്ക്ക് എടുത്തില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടപോലെ തന്നെ എല്ലാ അപവാദപ്രചരണങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശേഷം ഇതേവരെ സ്വീകരിച്ചത്. അതിന് തുടർച്ചയായുള്ള അന്തിമവിധിയാണ് ജനം ഇന്ന് രേഖപ്പെടുത്തുക.

കേരളത്തിൽ 2016 മുതൽ എൽഡിഎഫ് സർക്കാർ ഏതൊക്കെ പ്രവർത്തനങ്ങൾ നടത്തിയോ എല്ലാത്തിലും ഒപ്പം ജനവുമുണ്ടായിരുന്നു. ജനങ്ങളാണ് ഈ സർക്കാരിൻ്റെ കൂടെ എല്ലാ കാലത്തും അണിനിരന്നത്. ആ ജനങ്ങൾ തങ്ങളുടെ വിധിയാണ് രേഖപ്പെടുത്താൻ പോകുന്നത്. ഒരു സംശയവും വേണ്ട എൽഡിഎഫിന് ചരിത്രവിജയം ജനം സമ്മാനിക്കും. തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിൽ എന്തൊക്കെ ശ്രമിച്ചോ അതൊക്കെ തന്നെയാണ് ബിജെപിയും യുഡിഎഫും ഇപ്പോഴും പയറ്റി നോക്കിയത്. 

കരുതിവച്ചതൊക്കെ പുറത്തെടുക്കാൻ സാധിച്ചോ എന്നറിയില്ല. ഏതിനേയും നേരിടാൻ ജനം സന്നദ്ധമായിരുന്നു ആ ജനത്തിന് മുന്നിൽ ഒന്നും വിലപ്പോവില്ല എന്ന തിരിച്ചറിവുണ്ടായോ എന്നെനിക്ക് പറയാൻ പറ്റില്ല. നേമത്തെ ബിജെപി അക്കൌണ്ട് എന്തായാലും ക്ലോസ് ചെയ്യും പക്ഷേ വേറെ എവിടെയെങ്കിലും യുഡിഎഫ് അവർക്ക് വോട്ടു മറിക്കുമോ എന്നെനിക്ക് അറിയില്ല. ഞാൻ ചില കാര്യങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യത്തിലും അന്തിമവിധി പ്രഖ്യാപിക്കാൻ യോഗ്യരാണ് ജനങ്ങൾ. ഈ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു വലിയ വിവാദമായി വന്നിട്ടില്ല. അതൊക്കെ തദ്ദേശതെരഞ്ഞെടുപ്പിലാണ് ചർച്ചയായി വന്നത്. 

എൽഡിഎഫിനെ അങ്ങോട്ട് തകർത്തു കളയാം എന്നായിരുന്നു അവരുടെ ധാരണ അതൊക്കെ ജനം തിരുത്തി. ധർമ്മടത്ത് എന്ത് നാടകവും കളിക്കാൻ ചിലർ തയ്യാറായിരുന്നു. ഞാൻ ജനിച്ചു വളർന്ന നാടാണിത്. ആരെങ്കിലും വന്ന് ഒരു പ്രത്യേക സീൻ ഉണ്ടാക്കാൻ ശ്രമിച്ചാൽ അതൊന്നും ഇവിടെ വില പോവാൻ സാധിക്കില്ല.

സുകുമാരൻ നായർ ഒരിക്കലും സർക്കാരിനെതിരെ പറയില്ല. അദ്ദേഹംഅയ്യപ്പ വിശ്വാസിയാണ്. അയ്യപ്പനും ബാക്കി ജനങ്ങളുടെ എല്ലാ ആരാധനാ മൂർത്തികളും ഈ സർക്കാരിനൊപ്പമാണ്.  എല്ലാ മതവിശ്വാസികളേയും ജനങ്ങളേയും സംരക്ഷിച്ചത് നിർത്തിയത് ഈ സർക്കാരാണ്. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്കൊപ്പമാണ് എല്ലാ കാലത്തും എല്ലാ ദേവഗണങ്ങളും. 

ഒന്നിനൊന്ന് മെച്ചപ്പെട്ട തെരഞ്ഞെടുപ്പ് റാലികളായിരുന്നു എല്ലായിടത്തും. കഴിഞ്ഞ തവണയിലും കൂടുതൽ സീറ്റുകൾ ഇക്കുറി എൽഡിഎഫ് നേടും തുടർഭരണത്തിൻ്റെ കാര്യത്തിൽ പൊതുജനം തീരുമാനം എടുത്തു കഴിഞ്ഞു. അതിൻ്റെ പ്രകടനമാണ് പൊതുപരിപാടികളിൽ കണ്ടത്. അതിൻ്റെ സീൻ കുത്തലാണ് ഇന്ന് നടക്കുക. 
 

click me!