'വിഭാഗീയത അവസാനിച്ചിട്ടില്ല, ഐസക്കിന് സീറ്റ് നിഷേധിച്ചതിൽ ഉത്തരവാദിത്തം പിണറായിക്ക്': ബർലിൻ കുഞ്ഞനന്തൻ നായ‍ർ

By Web TeamFirst Published Mar 10, 2021, 7:56 AM IST
Highlights

പി ജയരാജനെ ഒഴിവാക്കിയതിൽ വലിയ അമർഷമുണ്ട്. പാർട്ടിക്കായി ത്യാഗം ചെയ്തയാളെ ഒഴിവാക്കുന്നത് ശരിയല്ല. അദ്ദേഹത്തെ ഒഴിവാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചതാരാണെന്നും അദ്ദേഹം ചോദിച്ചു. 

കണ്ണൂർ: ധനമന്ത്രി തോമസ് ഐസകിന് സീറ്റ് നിഷേധിച്ചതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായ‍ർ. സിപിഎമ്മിനകത്തെ വിഭാഗീയത അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്. പി ജയരാജനും ജി സുധാകരനും ഉൾപെടെയുള്ള പ്രമുഖരെ തഴഞ്ഞതുകൊണ്ട് പാർട്ടിക്ക് ഇത്തവണ വോട്ടുകൾ നഷ്ടമാകും. പക്ഷെ പിണറായി സർക്കാരിന്റെ ഭരണ മികവിൽ എൽഡിഎഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പി ജയരാജനെ ഒഴിവാക്കിയതിൽ വലിയ അമർഷമുണ്ട്. പാർട്ടിക്കായി ത്യാഗം ചെയ്തയാളെ ഒഴിവാക്കുന്നത് ശരിയല്ല. അദ്ദേഹത്തെ ഒഴിവാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചതാരാണെന്നും അദ്ദേഹം ചോദിച്ചു. അഴിമതി തൊട്ടുതീണ്ടാത്ത നേതാവാണ് ജി സുധാകരൻ. അദ്ദേഹത്തെയും ഒഴിവാക്കി. ഐസക്ക് ഏറ്റവും നല്ല ധനമന്ത്രിയാണ്. ഒഴിവാക്കരുതെന്ന് കോടിയേരിയെ അടക്കം ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു'.

സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ ജില്ലാകമ്മിറ്റി പറയുന്നതാണ് പരിഗണിക്കേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായിയുടെ സമ്മതവും അനുമതിയുമില്ലാതെ ആരും സ്ഥാനാർത്ഥിയാകില്ല. സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ചതിനാലാണ് പ്രതിഷേധം തെരുവിലെത്തിയത്. ഐസക്കിനെ തട്ടിയതിന്റെ  ഉത്തരവാദിത്തം പിണറായിക്കാണെന്നാണ് തോന്നുന്നത്. വിഭാഗീയത നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് ഇത് കാണിക്കുന്നതെന്നും ബർലിൻ കുഞ്ഞനന്തൻ നായ‍ർ സൂചിപ്പിച്ചു. പരസ്യമായി മാപ്പ് പറഞ്ഞിട്ടും പിണറായി കാണാൻ എത്താത്തതിൽ നിരാശയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!