'കരഞ്ഞത് പ്രവർത്തകരുടെ സ്നേഹം കണ്ട്'; നാടകമെന്ന് മനുഷ്യത്വമുള്ളവരാരും പറയില്ലെന്ന് ബിന്ദു കൃഷ്ണ

By Web TeamFirst Published Mar 14, 2021, 10:12 AM IST
Highlights

കൊല്ലത്ത് ബിന്ദു കൃഷ്ണ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ബിന്ദു പൊട്ടിക്കരഞ്ഞത്. കൊല്ലം ഡിസിസി ഓഫീസിലാണ് ഇന്നലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 

കൊല്ലം: പ്രവർത്തകരുടെ സ്നേഹം കണ്ടാണ് കരഞ്ഞതെന്ന് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. കരച്ചിൽ നാടകമാണെന്ന് മനുഷ്യത്വമുള്ളവരാരും പറയില്ലെന്ന് ബിന്ദു കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഷ്ണുനാഥുമായി പ്രശ്നങ്ങളില്ലെന്ന് കുണ്ടറയിൽ വിഷ്ണുവിൻ്റെ വിജയം ഉറപ്പാണെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. 

കൊല്ലത്ത് ബിന്ദു കൃഷ്ണ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ബിന്ദു പൊട്ടിക്കരഞ്ഞത്. കൊല്ലം ഡിസിസി ഓഫീസിലാണ് ഇന്നലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കൊല്ലത്തെ സ്ഥാനാര്‍ത്ഥിയായി ബിന്ദു കൃഷ്ണയെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭൂരിഭാഗം ബ്ലോക്ക് മണ്ഡലം പ്രസിഡൻ്റുമാരും യോഗത്തിൽ പറഞ്ഞിരുന്നു. ബിന്ദുവിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡൻറുമാരും മുഴുവൻ മണ്ഡലം പ്രസിഡൻറുമാരും ഇന്നലെ രാജിവച്ചിരുന്നു. 

കൊല്ലം സീറ്റിൽ വിഷ്ണുനാഥിനെയാണ് എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുന്നത്. ബിന്ദുവിനെ ഐ ഗ്രൂപ്പും പിന്തുണയ്ക്കുന്നുണ്ട്. വിശ്വസ്തനായ വിഷ്ണുനാഥിന് സീറ്റ് ഉറപ്പിക്കാനായി കനത്ത സമ്മര്‍ദ്ദമാണ് ഉമ്മൻ ചാണ്ടി ചെലുത്തുന്നത്. ഇതേ തുടര്‍ന്ന് കുണ്ടറ സീറ്റിൽ മത്സരിക്കാൻ ചെന്നിത്തല ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. എന്നാൽ നാല് കൊല്ലത്തോളമായി താൻ കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും കൊല്ലത്ത് അല്ലാതെ വേറൊരു സീറ്റിലും താൻ മത്സരിക്കാനില്ലെന്നുമുള്ള നിലപാടിലാണ് ബിന്ദു കൃഷ്ണ. 

click me!