കഴക്കൂട്ടം തെരഞ്ഞെടുത്തത് വിശ്വാസ സമൂഹത്തെ വഞ്ചിച്ച കടകംപളളിയെ നേരിടാന്‍: ശോഭാ സുരേന്ദ്രൻ

By Web TeamFirst Published Mar 18, 2021, 8:19 PM IST
Highlights

ശബരിമല വിഷയം സജീവമായി ഉയര്‍ത്തിയാണ് ശോഭാ പ്രചാരണത്തിലേക്ക് ഇറങ്ങുന്നത്. ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയത് കാര്യവട്ടം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാണ്. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴക്കൂട്ടം നിയോജക മണ്ഡലം തെരഞ്ഞെടുത്തത് വിശ്വാസ സമൂഹത്തെ വഞ്ചിച്ച കടകംപളളി സുരേന്ദ്രനെ നേരിടാനാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രൻ. ശബരിമല വിഷയം സജീവമായി ഉയര്‍ത്തിയാണ് ശോഭാ പ്രചാരണത്തിലേക്ക് ഇറങ്ങുന്നത്. ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയത് കാര്യവട്ടം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാണ്. അണികൾ ശരണം വിളിച്ചാണ് ശോഭാ സുരേന്ദ്രനെ സ്വീകരിച്ചത്.

ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിലെ സത്യവാങ്മൂലം തിരുത്താൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്ന് ശോഭാ സുരേന്ദ്രന്‍  ചോദിക്കുന്നു. കേരളത്തിലെ എല്ലാ ബി ജെ പി നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്ന് ശോഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സജീവ പ്രവര്‍ത്തനത്തില്‍ നിന്നും എട്ട് മാസം മാത്രമാണ് മാറിനിന്നത്. 33 വർഷത്തെ പ്രവർത്തന പരിചയമുണ്ട് തനിക്കെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അതേ സമയം ശബരിമല തൊടാതെ വികസനം ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് ഇടത് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻറെ പ്രതികരണം.

ഗ്രൂപ്പ് പോരിനും അനിശ്ചിതത്വത്തിനൊടുവിലാണ് ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്. വി മുരളീധരന്‍ വിഭാഗം അവഗണിച്ചിട്ടും സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞതോടെ പാര്‍ട്ടിക്കുള്ളില്‍ കരുത്ത് തെളിയിച്ചാണ് ശോഭ ഇറങ്ങുന്നത്. കഴക്കൂട്ടത്ത് ഇത്തവണ ശക്തമായ ത്രികോണ പോരാട്ടമെന്ന് കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കുന്നു. അഞ്ച് വര്‍ഷം കൊണ്ട് ആറായിരം വോട്ടില്‍ നിന്നും  42000ത്തിലേക്കുള്ള വോട്ടുവളര്‍ച്ചയാണ് ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെക്കാളും പതിനാലായിരം വോട്ടിന്റെ മേല്‍ക്കൈ മണ്ഡലത്തില്‍ എല്‍ഡിഎഫിനുണ്ട്.

click me!