ബിജെപി സ്ഥാനാർത്ഥി പട്ടിക മാർച്ച് 12ന് പുറത്തിറക്കിയേക്കും; കൂടുതൽ സീറ്റുകൾ ഏറ്റെടുക്കും

By Web TeamFirst Published Feb 28, 2021, 7:57 PM IST
Highlights

യാത്രക്കിടയിൽ സ്ഥാനാ‍ർഥിപട്ടിക കൂടി തയാറാക്കേണ്ട അവസ്ഥയിലാണ് കെ സുരേന്ദ്രനും കൂട്ടരും. യുഡിഎഫും എൽഡിഎഫും ഈയാഴ്ച പകുതിയോടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തും എന്ന് കേട്ടതോടെയാണ് എൻഡിഎയുടെ ചങ്കിടിപ്പ് കൂടിയത്. 

കൊച്ചി: സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥി പട്ടിക അടുത്ത മാസം 12ന് ഔദ്യേഗികമായി പ്രഖ്യാപിച്ചേക്കും. കരട് പട്ടിക പത്തിന് മുമ്പ് കേന്ദ്രപാര്‍ലമെന്‍ററി ബോര്‍ഡിന് കൈമാറുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ തവണ ബി‍ഡിജെഎസ് മൽസരിച്ച ഏതാനും മണ്ഡലങ്ങൾ കൂടി ഇത്തവണ ബിജെപി ഏറ്റെടുക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ഏഴിനെന്ന പ്രധാനമന്ത്രിയുടെ വാക്ക് വിശ്വസിച്ച ബിജെപിക്ക് കിട്ടിയ പണി ചെറുതല്ല. സുരേന്ദ്രന്‍റെ വിജയയാത്രയ്ക്ക് ശേഷം സ്ഥാനാ‍ർഥിപട്ടിക എന്ന തീരുമാനം പൊളി‍ഞ്ഞു. യാത്രക്കിടയിൽ സ്ഥാനാ‍ർഥിപട്ടിക കൂടി തയാറാക്കേണ്ട അവസ്ഥയിലാണ് കെ സുരേന്ദ്രനും കൂട്ടരും. യുഡിഎഫും എൽഡിഎഫും ഈയാഴ്ച പകുതിയോടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തും എന്ന് കേട്ടതോടെയാണ് എൻഡിഎയുടെ ചങ്കിടിപ്പ് കൂടിയത്. 

ബിജെപി മണ്ഡലം, ജില്ല തല സാധ്യതാ പട്ടിക അടുത്ത വ്യാഴാഴ്ചക്കകം നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം. വിജയ സാധ്യതയുണ്ടെന്ന് ബിജെപി കരുതുന്ന പതിനഞ്ച് എ പ്ലസ് മണ്ഡ‍ലങ്ങളുടെയെങ്കിലും കാര്യത്തിൽ കൂടുതൽ ധാരണയുണ്ടാക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്. ഇതിനിടെ ഘടകകക്ഷികളുമായുളള ചർച്ചയും പൂർത്തിയാക്കണം. 

2016ൽ ബിജെപി 98 മണ്ഡലങ്ങളിലും ബി‍ഡിജെഎസ് 36 മണ്ഡലങ്ങളിലുമാണ് മൽസരിച്ചത്. ഇതിനിടെ രണ്ട് തവണ പൊട്ടിപ്പിളർന്ന ബിഡിജെഎസിനെ പണ്ടത്തേതു പോലെ കാര്യമായി പരിഗണിക്കേണ്ടെന്നാണ് ധാരണ. അവരിൽ നിന്ന് ഏറ്റെടുക്കുന്ന ഏതാനും സീറ്റുകളിൽകൂടി ബിജെപി മൽസരിക്കും. ഒപ്പം മറ്റു ഘടകക്ഷികളുമായിക്കൂടി ധാരണയുണ്ടാക്കണം. പി സി ജോർജിന്‍റെ പാർട്ടി എത്തുന്നത് കൂടി കണക്കാക്കിയാവും എൻഡിഎയിലെ സീറ്റ് വീതം വയ്പ്പ്. 

click me!