ബിജെപിയുടെ പ്രചരണപ്പട എത്തുന്നു; മോദിയുടെ റാലി 30ന്, അമിത് ഷായും യോഗിയും കേരളത്തിലേക്ക്

By Web TeamFirst Published Mar 19, 2021, 4:41 PM IST
Highlights

പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഉൾപ്പടെയുള്ളവരാണ് ബിജെപി ഇറക്കുന്ന താര പ്രാചരകരുടെ പട്ടികയിൽ ഉള്ളത്. 

ദില്ലി:  സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ പ്രചാരണം പൊടിപൊടിക്കാൻ ബിജെപി.  ദേശീയതലത്തിൽ നിന്നുള്ള ബിജെപിയുടെ വൻ പ്രചരണപ്പടയാണ് കേരളത്തിലേക്ക് എത്തുന്നത്. ആദ്യ റാലിക്കായി 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. കേരളത്തിൽ രണ്ട് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഉൾപ്പടെയുള്ളവരാണ് ബിജെപി ഇറക്കുന്ന താര പ്രാചരകരുടെ പട്ടികയിൽ ഉള്ളത്. 

ഓരോ തവണയും വലിയ പ്രതീക്ഷവക്കുമ്പോഴും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.  വോട്ട് ശതമാനത്തിൽ വലിയ വര്‍ദ്ധനവ് പ്രതീക്ഷിക്കാത്തപ്പോഴും പത്ത് സീറ്റിൽ വരെ വിജയസാധ്യത എന്നാണ് ബിജെപി നടത്തിയ ആഭ്യന്തര സർവെയിൽ പറയുന്നത്. ചിലപ്പോൾ ഒരു സീറ്റും കിട്ടാത്ത സ്ഥിതിയും ഉണ്ടാകാം. വിജയസാധ്യത കണക്കാക്കുന്ന തെക്കൻ കേരളത്തിലും മലബാറിലുമാകും കൂടുതൽ ദേശീയ നേതാക്കൾ എത്തുക. ഈമാസം 30നും ഏപ്രിൽ 2നുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികൾ നടക്കും. നാല് റാലികളിൽ മോദി എത്തണമെന്ന ആവശ്യമാണ് സംസ്ഥാന നേതൃത്വത്തിന് ഉള്ളത്. 

മൂന്ന് റാലികളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തേക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, യു.പിമുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അദ്ധ്യക്ഷൻ ജെ.പി.നദ്ദ തുടങ്ങി വലിയ നിരതന്നെയാണ് കേരളത്തിലെ താരപ്രചാരകരുടെ പട്ടികയുള്ളത്. പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്ന സാഹചര്യത്തിൽ നാളെ മുതൽ കേരളത്തിലേക്ക് ദേശീയ നേതാക്കൾ എത്തിതുടങ്ങും.

click me!