ആലപ്പുഴയിൽ കോൺഗ്രസിന് വെല്ലുവിളിയായി ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി നിർണയം

By Web TeamFirst Published Feb 13, 2021, 8:10 PM IST
Highlights

മുൻ എംഎൽഎ പിസി വിഷ്ണുനാഥിനോട് മത്സരിക്കാൻ ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കൊല്ലം ജില്ലയിലേക്കാണ് വിഷ്ണുനാഥിന്‍റെ നോട്ടം

ആലപ്പുഴ: ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ ചെങ്ങന്നൂരിലെ സ്ഥാനാർഥി നിർണയമാണ് കോൺഗ്രസിന് വെല്ലുവിളിയാകുന്നത്. സാമുദായിക, ഗ്രൂപ്പ് സമവാക്യങ്ങൾ നോക്കി ഒരു പേരിലേക്കെത്താൻ നേതാക്കൾക്ക് കഴിയുന്നില്ല. പൊതുസമ്മതരെ കൊണ്ടുവരുന്നതിനോട് പ്രാദേശികമായി എതിർപ്പുമുണ്ട്.

ഹരിപ്പാട് രമേശ് ചെന്നിത്തല, അരൂരിൽ ഷാനിമോൾ ഉസ്മാൻ, കായംകുളത്ത് അഡ്വ. എം. ലിജു, മാവേലിക്കരയിൽ കെ.കെ. ഷാജു, ചേർത്തലയിൽ അഡ‍്വ. എസ്. ശരത് , ആലപ്പുഴയിൽ ഡോ. കെ.എസ്. മനോജ്, അമ്പലപ്പുഴയിൽ എ.എ. ഷുക്കൂറോ, എ.ആർ. കണ്ണനോ എന്നിങ്ങനെയാണ് സ്ഥാനാർത്ഥി പട്ടിക. കുട്ടനാട് ജോസഫ് വിഭാഗത്തിലെ അഡ്വ. ജേക്കബ് എബ്രഹാം തന്നെ മത്സരിക്കും. ചെങ്ങന്നൂരിന്‍റെ കാര്യത്തിലാണ് ആകെ ആശയക്കുഴപ്പം. മുൻ എംഎൽഎ പിസി വിഷ്ണുനാഥിനോട് മത്സരിക്കാൻ ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കൊല്ലം ജില്ലയിലേക്കാണ് വിഷ്ണുനാഥിന്‍റെ നോട്ടം. എ ഗ്രൂപ്പിന്‍റെ സീറ്റാണ് ചെങ്ങന്നൂർ. ചാണ്ടി ഉമ്മൻ, എം. മുരളി, എബി കുര്യക്കോസ് തുടങ്ങി പേരുകൾ പലതുണ്ട് പരിഗണനയിൽ.

ബിജെപിക്ക് ആധിപത്യമുള്ള മണ്ഡലമാണ് ചെങ്ങന്നൂർ. സാമുദായിക ഘടകങ്ങൾ നോക്കി സ്ഥാനാർത്ഥി വന്നാൽ സജി ചെറിയാനെ വീഴ്ത്തി ജയിച്ചു കയറാമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നത്. സീറ്റ് ഐ ഗ്രൂപ്പിന് നൽകി കെപിസിസി ജനറൽ സെക്രട്ടറി ബാബു പ്രസാദിനെ പോലെ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര 15 നാണ് ജില്ലയിലെത്തുന്നത്. യാത്രക്കിടെ ചർച്ച നടത്തി സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനാണ് ശ്രമം.

click me!