പൗരത്വ ഭേദഗതിയെ ഒന്നിച്ചെതിർക്കുന്നതിൽ നിന്ന് പിന്മാറിയില്ലേ? യുഡിഎഫിനോട് പിണറായി, ബിജെപിക്കും വിമർശനം

By Web TeamFirst Published Mar 11, 2021, 8:07 PM IST
Highlights

" തെരഞ്ഞെടുപ്പ് വന്നപ്പോൾ കേന്ദ്ര ഏജൻസികൾ കിഫ്ബിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നു. എന്താണ് അന്വേഷിക്കാനുള്ളത്? കോൺഗ്രസും യുഡിഎഫും നാടിനെ തകർക്കാൻ ഒത്താശ ചെയ്ത് കൊടുക്കുകയാണ്, ഈ നീക്കം നാടിന് എതിരെയാണ്. "

കണ്ണൂർ: പൗരത്വ ഭേദഗതിയെ ഒന്നിച്ചെതിർക്കുന്നതിൽ നിന്ന്  കെപിസിസി പിന്മാറിയെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കെതിരെ എന്തെങ്കിലും പറയുന്ന കോൺഗ്രസിനെയോ യുഡിഎഫിനെയോ കാണാൻ കഴിയുന്നുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി വർഗ്ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്ന നിലപാടാണ് കേരളത്തിലെന്ന് അവകാശപ്പെട്ടു. ധർമ്മടം മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. 

ഓഖി വന്നപ്പോൾ പ്രത്യേക പാക്കേജ് വേണം എന്ന കേരളത്തിന്റെ ആവശ്യം കോൺഗ്രസ് നേതാക്കൾ എവിടെയും ഉന്നയിച്ചില്ലെന്നും പ്രളയത്തിൽ കേന്ദ്രത്തിൽ കിട്ടേണ്ട സഹായത്തിനായി അരയക്ഷരം കോൺഗ്രസ് മിണ്ടിയില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.  ലോകത്തിന്റെ മറ്റു ഭാഗത്ത് നിന്നുള്ള സഹായം കേന്ദ്രം തടഞ്ഞപ്പോഴും കോൺഗ്രസ് അരയക്ഷരം മിണ്ടിയില്ല, ഏതെങ്കിലും ദുരന്തഘട്ടത്തിൽ കേരളത്തിന് ഒപ്പം കോൺഗ്രസ് നിന്നോ എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. 

കിഫ്ബിയെ മുഖ്യമന്ത്രി ശക്തമായ ന്യായീകരിച്ചു. കിഫ്ബിയെ കോൺഗ്രസും യുഡിഎഫും എതിർത്തു, തെരഞ്ഞെടുപ്പ് വന്നപ്പോൾ കേന്ദ്ര ഏജൻസികൾ കിഫ്ബിക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നു. എന്താണ് അന്വേഷിക്കാനുള്ളത്? കോൺഗ്രസും യുഡിഎഫും നാടിനെ തകർക്കാൻ ഒത്താശ ചെയ്ത് കൊടുക്കുകയാണ്, ഈ നീക്കം നാടിന് എതിരെയാണ്. 

ലൈഫ് മിഷനെക്കുറിച്ചന്വേഷിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ കണ്ണുകടിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 

 

click me!