മമത-തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോര് മുറുകുന്നു; മമതക്കെതിരെ "അമ്മായി" പരിഹാസവുമായി ബിജെപി

By Web TeamFirst Published Feb 27, 2021, 1:49 PM IST
Highlights

അടിക്കടി കലാപം, ജനജീവിതം ദുരിതത്തില്‍ അമ്മായി പുറത്ത് പോകൂയെന്ന പാരഡി ഗാനവുമായാണ് ബിജെപി മമതക്കെതിരെ പുതിയ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്.

കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മമത ബാനര്‍ജിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള പോര് മുറുകുന്നു. എട്ട് ഘട്ടമായി വോട്ടെടുപ്പ് പ്രഖ്യാപിച്ച കമ്മീഷനെ മമത വിമര്‍ശിച്ചതിന് പിന്നാലെ  ആദ്യഘട്ട വോട്ടെടുപ്പിലെ ക്രമീകരണങ്ങള്‍ അറിയിക്കാത്തതില്‍ കമ്മീഷന്‍ അന്ത്യശാസനം നല്‍കി. മോദിയുടെയും, അമിത്ഷായുടെയും നിര്‍ദ്ദേശപ്രകാരമാണ് പശ്ചിമബംഗാളില്‍ എട്ട് ഘട്ടമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപിക്ക് കമ്മീഷന്‍ കുട പിടിച്ചിരിക്കുകയാണെന്നുമാണ് മമത ബാനര്‍ജി പറഞ്ഞത്.

പിന്നാലെ  ബംഗാളിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന കമ്മീഷന്‍ യോഗം ഉദ്യോഗസ്ഥര്‍ക്ക് ശാസന നല്‍കുക വഴി സര്‍ക്കാരിനെതിരെയും പരോക്ഷ വിമര്‍ശനമുയര്‍ത്തി. പ്രശ്നബാധിത മേഖലകള്‍ സംബന്ധിച്ചും, ആയുധങ്ങള്‍ക്ക് ലൈസന്‍സ് ഉള്ളവരെ കുറിച്ചും, അധിക ബൂത്തുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം മുന്‍പിലുള്ളപ്പോഴും നല്‍കിയിട്ടില്ല. വീഴ്ചയില്‍ അതൃപ്തിയറിയിച്ച കമ്മീഷന്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍  ആവശ്യപ്പെട്ടിരിക്കുകയാണ്. കമ്മീഷനോട് സര്‍ക്കാര്‍ ബോധപൂര്‍വ്വം നിസഹകരിക്കുകയാണെന്നാണ് ആക്ഷേപം.

അടിക്കടി കലാപം, ജനജീവിതം ദുരിതത്തില്‍ അമ്മായി പുറത്ത് പോകൂയെന്ന പാരഡി ഗാനവുമായാണ് ബിജെപി മമതക്കെതിരെ പുതിയ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. ബംഗാള്‍ പുത്രിയെന്ന മമതയുടെ സ്വയം വിശേഷണത്തെ, ബംഗാളിന് പുത്രിയെയാണ് വേണ്ടതെന്നും അമ്മായിയെ അല്ലെന്നുമുള്ള പരിഹാസത്തോടെയാണ് ബിജെപി നേരിടുന്നത്. അതേ സമയം കോണ്‍ഗ്രസ് ഇടത് സഖ്യത്തിന്‍റെ ആദ്യറാലി നാളെ കൊല്‍ക്കത്തയില്‍ നടക്കും. സീതാറാം യെച്ചൂരിക്കൊപ്പം രാഹുല്‍ഗാന്ധിയേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുല്‍ റാലിയില്‍ പങ്കെടുക്കുമോയെന്ന് വ്യക്തമായിട്ടില്ല.

click me!