ഏറ്റുമാനൂരിനെച്ചൊല്ലി യുഡിഎഫില്‍ കലഹം; 'ജോസഫിന് സീറ്റ് നല്‍കിയാല്‍ നിസഹകരണം', വിമര്‍ശനവുമായി ലതിക

By Web TeamFirst Published Mar 7, 2021, 10:34 AM IST
Highlights

കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കിട്ടാൻ ഏറ്റുമാനൂര്‍ വിട്ട് കൊടുത്തത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി എതിര്‍ക്കുന്നു. ലതികാ സുഭാഷാണ് ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് പരിഗണിച്ച സ്ഥാനാര്‍ത്ഥി. 

കോട്ടയം: ഏറ്റുമാനൂരിനെച്ചൊല്ലി യുഡിഎഫില്‍ കലഹം. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനെ അനുനയിപ്പിക്കാൻ ഏറ്റുമാനൂര്‍ വിട്ട് നല്‍കിയത് കോട്ടയത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സീറ്റ് ജോസഫ് പക്ഷത്തിന് വിട്ടുകൊടുത്താല്‍ കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിസഹകരിക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു. 

കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കിട്ടാൻ ഏറ്റുമാനൂര്‍ വിട്ട് കൊടുത്തത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി എതിര്‍ക്കുന്നു. ലതികാ സുഭാഷാണ് ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് പരിഗണിച്ച സ്ഥാനാര്‍ത്ഥി. ചെറിയ തോതില്‍ അവര്‍ പ്രചാരണം തുടങ്ങുകയും ചെയ്തു. ഏറ്റുമാനൂരില്ലെങ്കില്‍ കാഞ്ഞിരപ്പള്ളിയിലേക്ക് ലതികയെ പരിഗണിച്ചെങ്കിലും കെസി ജോസഫ് അവിടെ പിടിമുറുക്കി. ഇതിനെ തുടര്‍ന്നാണ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ലതിക രംഗത്ത് എത്തിയത്. 

ഏറ്റുമാനൂര്‍ ജനിച്ച് വളര്‍ന്ന നാടാണ്, തനിക്ക് അവിടെ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ലതിക പറഞ്ഞു. ഏറ്റുമാനൂര്‍ കിട്ടിയിരുന്നെങ്കില്‍ സന്തോഷമായിരുന്നു. തന്‍റെ പേര് മണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ്. ഇനി ഒരു സീറ്റും നേതൃത്വത്തോട് ആവശ്യപ്പെടില്ലെന്നും ലതിക പറഞ്ഞു.

ഏറ്റുമാനൂര്‍ വിട്ട് കൊടുക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം ഡിസിസി ഓഫീസ് ഉപരോധിച്ചിരുന്നു. പ്രഖ്യാപനം വന്നാല്‍ ശക്തമായ നിസഹകരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍. അതേസമയം മണ്ഡലത്തിലെ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി പ്രിൻസ് ലൂക്കോസ് പ്രചാരണം തുടങ്ങി.


 

click me!