
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തെന്ന ആരോപണവുമായി കോൺഗ്രസ് സ്ഥാനാർത്ഥികൾ. തിരുവനന്തപുരം സെൻട്രലിലെ കോൺഗ്രസ് സ്ഥാനാർത്ഥി വിഎസ് ശിവകുമാറും വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി വീണ എസ് നായരുമാണ് ആരോപണം ഉന്നയിച്ചത്. ഗുരുതര ആൾമാറാട്ടമാണ് നടന്നിരിക്കുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ 8400 വ്യാജ വോട്ടുകളും തിരുവനന്തപുരം സെൻട്രലിൽ 7600 വ്യാജ വോട്ടുകളും നേമത്ത് 6360 വ്യാജവോട്ടുകളും ഉണ്ടെന്ന് ഇവർ പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി വേണമെന്ന് വിഎസ് ശിവകുമാർ ആവശ്യപ്പെട്ടു. വ്യാജ വോട്ടുകൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും വ്യക്തമായ രേഖകൾ കൈവശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ ഇല്ലാത്ത ആൾമാറാട്ടമാണിതെന്നും വോട്ടർമാർ അറിയാതെയാണ് വോട്ടുകൾ ചേർത്തിരിക്കുന്നതെന്നും ഇരുവരും പറഞ്ഞു.