കെസി ജോസഫിന് കാഞ്ഞിരപ്പള്ളി? കൊല്ലത്ത് ബിന്ദു കൃഷ്ണ? എംപിമാരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുമോ കോൺഗ്രസ്

By Web TeamFirst Published Mar 9, 2021, 11:03 AM IST
Highlights

കെ മുരളീധരൻ സ്ക്രീനിംഗ് കമ്മറ്റി യോഗത്തിൽ നിന്നും വിട്ടുനിന്നു. പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പുതുതായി പറയാൻ ഒന്നുമില്ലെന്നുമാണ് മുരളീധരന്റെ പ്രതികരണം. 

ദില്ലി: കോൺഗ്രസ് സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്കുള്ള ചർച്ചകളും നീക്കങ്ങളും ദില്ലിയിൽ പുരോഗമിക്കുന്നു. സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും കോൺഗ്രസ് അന്തിമ പട്ടിക തയ്യാറാക്കുക. ഇരിക്കൂർ ഇനി വേണ്ടെന്ന കടുംപിടുത്തവുമായി നിൽക്കുന്ന കെസി ജോസഫിനെ കാഞ്ഞിരപ്പള്ളിയിൽ പരിഗണിച്ചേക്കും. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കെസി ജോസഫിന് വേണ്ടി അദ്ദേഹം ശക്തമായി യോഗങ്ങളിൽ വാദിച്ചതായാണ് വിവരം. അതേ സമയം കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പരിഗണയിലുണ്ട്. കൊട്ടാരക്കരയിലും വട്ടിയൂർകാവിലും പിസി വിഷ്ണുനാഥിന്റെ പേര് പരിഗണിക്കുന്നു. വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറും മൂവാറ്റുപുഴ  ജോസഫ് വാഴക്കനും പരിഗണനയ്ക്കുണ്ട്. 

സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും കോൺഗ്രസ് അന്തിമ പട്ടിക തയ്യാറാക്കുക. ഇതനുസരിച്ച് കോൺഗ്രസ് എംപിമാർ തങ്ങളുടെ നിർദ്ദേശങ്ങൾ സ്ക്രീനിംഗ് കമ്മിറ്റിയ്ക്ക് മുന്നിൽ വ്യക്തമാക്കിയതായാണ് വിവരം. എന്നാൽ കെ മുരളീധരൻ സ്ക്രീനിംഗ് കമ്മറ്റി യോഗത്തിൽ നിന്നും വിട്ടുനിന്നു. പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പുതുതായി പറയാൻ ഒന്നുമില്ലെന്നുമാണ് മുരളീധരന്റെ പ്രതികരണം. 

പത്തനാപുരം നിയോജക മണ്ഡലത്തിൽ ശരണ്യ മനോജിനായി കൊടിക്കുന്നിൽ സുരേഷ് നിർദ്ദേശം മുന്നോട്ട് വെച്ചു. കെ.ബി.ഗണേഷ്കുമാറിനെതിരെ മത്സരിപ്പിക്കാൻ ഏറ്റവും അനുയോജ്യനെന്ന നിലയിലാണ് ശരണ്യ മനോജിന്റെ പേര് നിർദ്ദേശിച്ചതെന്നാണ് വിവരം. ബാലകൃഷ്ണപിള്ളയുടെ ബന്ധുവായ മനോജിന് ജയസാധ്യത ഉണ്ടെന്നാണ് കൊടിക്കുന്നിൽ സ്ക്രീനിംഗ് കമ്മറ്റി യോഗത്തിൽ വ്യക്തമാക്കിയത്. 

കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പ്രദേശിക തലത്തിൽ ഉയർന്ന തർക്കങ്ങളും എതിർപ്പുകളും തള്ളി കോന്നിയിൽ റോബിൻ പീറ്ററിനായി അടൂർ പ്രകാശ് എംപി ഇടപെട്ടു. കോന്നി ഉപതെരഞ്ഞെടുപ്പിൽ തന്റെ നിർദ്ദേശം തള്ളിയതാണ് കോൺഗ്രസിന് തിരിച്ചടിയായതെന്നും കോന്നിയിൽ റോബിൻ പീറ്ററിനെ പരിഗണിക്കണമെന്നുമുള്ള നിർദ്ദേശം അടൂർ പ്രകാശ് മുന്നോട്ട് വെച്ചതായാണ് വിവരം. സ്ക്രീനിംഗ് കമ്മിറ്റി മുൻപാകെയാണ് സ്ഥലം എംപി കൂടിയല്ലാത്ത അടൂർ പ്രകാശിന്റെ നിർദ്ദേശം. 

തൃശൂരിൽ മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പദ്മജയെ മത്സരിപ്പിക്കണമെന്ന് ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതേ സമയം കാസർകോട്ട് രാജ് മോഹൻ ഉണ്ണിത്താൻ ആരെയും നിർദേശിച്ചിട്ടില്ല. കാസർകോട്ടെ സ്ഥാനാർത്ഥികളെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തീരുമാനിക്കട്ടെയെന്ന നിലപാടാണ് സ്ക്രീനിംഗ് കമ്മിറ്റിക്ക് മുന്നിൽ ഉണ്ണിത്താൻ സ്വീകരിച്ചത്. 

click me!