'കേന്ദ്ര ഏജൻസികളെ ദുരുപയോ​ഗം ചെയ്യുന്നു, ജനാധിപത്യം തകർക്കുന്നു'; മോദി സർക്കാരിനെതിരെ ഖാർ​ഗെ

By Web TeamFirst Published Apr 3, 2021, 1:00 PM IST
Highlights

മോദിസർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നു. ഇങ്ങനെ ജനാധിപത്യത്തെ തകർക്കുകയാണ് കേന്ദ്രസർക്കാരെന്നും ഖാർ​ഗെ ആരോപിച്ചു.
 

തിരുവനന്തപുരം: ജനാധിപത്യം സംരക്ഷിക്കാത്ത ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺ​ഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർ​ഗെ. മോദിസർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നു. ഇങ്ങനെ ജനാധിപത്യത്തെ തകർക്കുകയാണ് കേന്ദ്രസർക്കാരെന്നും ഖാർ​ഗെ ആരോപിച്ചു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നതിന്റെ ഉദാഹരണമാണ് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ വീട്ടിലെ റെയ്ഡ്. അസമിൽ തെരഞ്ഞെടുപ്പ് യന്ത്രം ബി ജെ പി സ്ഥാനാർത്ഥിയുടെ വണ്ടിയിൽ കണ്ടെത്തിയത് ജനാധിപത്യം തകർക്കുന്നതിന്റെ ഉദാഹരണമാണ്. ഇഡിയും സിബിഐയും ഉൾപ്പടെയുള്ള എല്ലാ കേന്ദ്ര ഏജൻസികളെയും ഉപയോഗിക്കുകയാണ് കേന്ദ്രസർക്കാർ എന്നും ഖാർ​ഗെ അഭിപ്രായപ്പെട്ടു.

ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്‍റെ വീട്ടിൽ ഇന്നലെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. സ്റ്റാലിന്‍റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ  വീട്ടിലാണ് ആദായനികുതി റെയ്ഡ് നടന്നത്. മരുമകൻ ശബരിശന്‍റെ സ്ഥാപനങ്ങളിൽ അടക്കം ഒരേ സമയം നാലിടങ്ങളിലായിട്ടായിരുന്നു പരിശോധന. എം കെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന നടന്നു. പരിശോധന 12 മണിക്കൂർ നീണ്ടു. ഇന്ന് ഡിഎംകെ നേതാവും തമിഴ് സിനിമാ നിർമ്മാതാവുമായ ജയമുരുകന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ്  റെയ്ഡ് നടത്തി. ചെന്നെെയിൽ വിവിധ ഇടങ്ങളിലായി നടക്കുന്ന പരിശോധന ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. നിരന്തരമായി നടക്കുന്ന ഇത്തരം പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാണ്. ആദായ നികുതി റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് നീക്കമെന്നാണ് ഡിഎംകെ പ്രതികരണം. റെയ്ഡ് രാഷ്ട്രീയപ്രേരിതമാണ്. ഇത്തരം നീക്കം വിലപ്പോവില്ലെന്നും  ഡിഎംകെ പ്രതികരിച്ചു. 
 

click me!