സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പ്, രാജ്യത്ത് 89,129 പുതിയ കൊവിഡ് കേസുകൾ

By Web TeamFirst Published Apr 3, 2021, 10:34 AM IST
Highlights

നിലവിൽ 1.23 കോടി രോഗികളാണ് രാജ്യത്തുള്ളത്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ബ്രസീലിനും അമേരിക്കയ്ക്കും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ദില്ലി: രാജ്യത്ത് പുതുതായി 89,129 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണ് രാജ്യത്തുണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധന ഉണ്ടായ സാഹചര്യത്തിൽ രണ്ടാം ലോക്ക്ഡൗണിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. 

സെപ്റ്റംബർ 20-ന് രാജ്യത്ത് 92,605 കേസുകളാണ് റജിസ്റ്റർ ചെയ്തത്. അതിന് ശേഷം ഇത്രയധികം കൊവിഡ് രോഗികൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരളം, ഛത്തീസ്ഗഢ്, ചണ്ഡീഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി അതീവഗുരുതരമാണ്. രോഗികളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനയുണ്ടായ സാഹചര്യത്തിൽ വെള്ളിയാഴ്ച കേന്ദ്രസർക്കാർ സാഹചര്യങ്ങൾ വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ചിരുന്നു. ഈ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് കേസുകളിൽ 90 ശതമാനവും ഉള്ളത്. 

മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 47,827 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. മാർച്ച് 2020-ന് ശേഷം മഹാരാഷ്ട്രയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്തതിലെ ഏറ്റവുമുയർന്ന കണക്കാണിത്. മുംബൈയിൽ മാത്രം ഇന്നലെ 8648 കേസുകൾ റിപ്പോർട്ട് ചെയ്തു. വാണിജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവുമുയർന്ന കണക്ക്.

കേസുകൾ ഇങ്ങനെ കുത്തനെ കൂടിയാൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. നിർണായകമായ ഘട്ടമാണിത്. പണമാണോ ആരോഗ്യമാണോ വലുത്? അടുത്ത 48 മണിക്കൂർ നി‍ർണായകമാണെന്ന് ഉദ്ധവ് താക്കറെ പറയുന്നു. 

പുനെയിൽ ഒരാഴ്ചത്തേക്ക് 12 മണിക്കൂർ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അർദ്ധരാത്രി മുതൽ അടുത്ത ഒരാഴ്ചത്തേക്കാണ് കർഫ്യൂ. പുനെയിൽ ഇന്നലെ മാത്രം പുതുതായി 9086 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

ദില്ലിയിലും കേസുകൾ കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം 3594 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരളത്തിലും തമിഴ്നാട്ടിലും ഇന്നലെ 2798, 3290 കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. 

click me!