
പാലക്കാട്: മന്ത്രി എ കെ ബാലന് പകരം തരൂർ നിയമസഭാ മണ്ഡലത്തിൽ ഭാര്യ ഡോ കെ പി ജമീലയെ മത്സരിപ്പിക്കാൻ ആലോചന. ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകും. ബാലന്റെ നാല് ടേം പൂർത്തിയായ സാഹചര്യത്തിലാണ് നീക്കം. 2011 മുതൽ എ കെ ബാലനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മുൻ ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ജമീല. നിലവിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയാണ്.
2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് തരൂർ മണ്ഡലം നിലവിൽ വരുന്നത്. പട്ടിക ജാതി സംവരണ മണ്ഡലമായ തരൂർ സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ്. ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന തരൂരിൽ നിന്ന് 2011ൽ പാലക്കാട് ജില്ലയിലെ എറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയായിരുന്നു എ കെ ബാലന്റെ വിജയം. 2016ൽ 23,068 വോട്ടായിരുന്നു ബാലന്റെ ഭൂരിപക്ഷം.