കുറ്റ്യാടിയിൽ പ്രതിഷേധിച്ചത് സിപിഎം പ്രവർത്തകർ തന്നെ; അവരെ കാര്യം ബോധ്യപ്പെടുത്തും; പി മോഹനൻ

By Web TeamFirst Published Mar 8, 2021, 9:17 PM IST
Highlights

സിപിഎം പ്രതിനിധി മൽസരിക്കണമെന്ന പൊതു വികാരം കുറ്റ്യാടിയിലെ പ്രവർത്തകരിലുണ്ട് എന്നത് വസ്തുതയാണ്. ഇതിൻ്റെ ഭാഗമായാണ് കുറച്ച് സിപിഎം അനുഭാവികൾ പ്രകടനം നടത്തിയത്. 

കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് കുറ്റ്യാടിയിൽ നിരത്തിലിറങ്ങിയത് സിപിഎം സഖാക്കൾ തന്നെയാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു. സിപിഎം പ്രതിനിധി മൽസരിക്കണമെന്ന പൊതു വികാരം കുറ്റ്യാടിയിലെ പ്രവർത്തകരിലുണ്ട് എന്നത് വസ്തുതയാണ്. ഇതിൻ്റെ ഭാഗമായാണ് കുറച്ച് സിപിഎം അനുഭാവികൾ പ്രകടനം നടത്തിയത്. അവരെ കാര്യം ബോധ്യപ്പെടുത്തി പൊതുധാരയിലേക്ക് കൊണ്ടു വരുമെന്നും മോഹനൻ പറഞ്ഞു. 

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നൽകാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതിഷേധവുമായിട്ടാണ് കുറ്റ്യാടിയിൽ സിപിഎം പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയത്. വര്‍ഷങ്ങളായി സിപിഎം മത്സരിച്ചു പോരുന്ന സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നൽകാൻ തീരുമാനിച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. 

കഴിഞ്ഞ ദിവസവും ഇതേചൊല്ലി പ്രവര്‍ത്തകര്‍ നേതാക്കളെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കൂടി കഴിഞ്ഞതോടെ പ്രതിഷേധം അണപൊട്ടുകയായിരുന്നു. കോഴിക്കോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കെ.പി.കുഞ്ഞമ്മദ് മാസ്റ്ററെയാണ് നേരത്തെ സിപിഎം ഇവിടെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നത്. എന്നാൽ ചര്‍ച്ചകളുടെ അവസാന ഘട്ടത്തിൽ ഈ സീറ്റ് ജോസ് വിഭാഗത്തിന് നൽകുകയായിരുന്നു. ആദ്യഘട്ടത്തിൽ തിരുവമ്പാടി സീറ്റാണ് ജോസ് മാണി വിഭാഗത്തിന് നൽകാൻ പാര്‍ട്ടി ആലോചിച്ചിരുന്നത്. 

തിരുവമ്പാടി ഒഴിവാക്കി നീണ്ടകാലമായി സിപിഎം ജയിച്ചു പോന്നിരുന്ന സീറ്റ് വിട്ടു കൊടുത്തതിന് പിന്നിൽ പാര്‍ട്ടിക്കുള്ളിലെ ചില കളികളാണ് എന്ന വിമര്‍ശനം പ്രവര്‍ത്തകര്‍ക്കുണ്ട്. കെ.പി.കുഞ്ഞമ്മദ് മാസ്റ്ററെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നീക്കമെന്നാണ് അവർ കരുതുന്നത്. കുറ്റ്യാടിയിലെ പ്രതിഷേധം പരിഹരിക്കാൻ കഴിഞ്ഞ ദിവസം ഏരിയ കമ്മിറ്റിയിൽ ​യോ​ഗം ചേർന്നിരുന്നു. കുറ്റ്യാടി സീറ്റ് വിട്ടു കൊടുത്താൽ സീറ്റ് നഷ്ടപ്പെടാനും സമീപ മണ്ഡലങ്ങളിലും പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കാനും അതു കാരണമാകുമെന്ന് കീഴ്ഘടകങ്ങളിലെ നേതാക്കൾ യോ​ഗത്തെ അറിയിച്ചിരുന്നുവെന്നാണ് സൂചന. 
 

click me!