'തിരുവമ്പാടി ജോസിന് നല്‍കി കുറ്റ്യാടി ഏറ്റെടുക്കണം'; കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം

By Web TeamFirst Published Mar 7, 2021, 12:59 PM IST
Highlights

കുറ്റ്യാടി സീറ്റ് കേരള കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാനുളള സംസ്ഥാന സമിതി നിര്‍ദ്ദേശം വന്നതിന് പിന്നാലെ കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും എതിര്‍പ്പ് പരസ്യമായിരുന്നു.

കോഴിക്കോട്: കുറ്റ്യാടി സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാനുളള നിര്‍ദ്ദേശത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തം. കുറ്റ്യാടി സീറ്റ് ഏറ്റെടുത്ത് പകരം തിരുവമ്പാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കണമെന്ന ആവശ്യം ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലും ചര്‍ച്ചയായി. അതേസമയം തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കാണിച്ച് നിയോജക മണ്ഡലത്തിലെ ഏഴ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റുമാര്‍ പ്രതിപക്ഷ നേതാവിന് കത്തയച്ചു. 

തിരുവമ്പാടി മണ്ഡലം കേരള കോണ്‍ഗ്രസിനും സ്വീകര്യമാണ് എന്നിരിക്കെ കുറ്റ്യാടി മണ്ഡലം വിട്ടുകൊടുക്കുന്നത് ഒരു വിഭാഗം നേതാക്കളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയെന്നും വിമര്‍ശനമുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ഇന്ന് വടകരയില്‍ ചേരുന്ന യോഗത്തില്‍ പ്രവര്‍ത്തകര്‍ എതിര്‍പ്പ് പരസ്യമാക്കാനും സാധ്യതയുണ്ട്.

കുറ്റ്യാടി സീറ്റ് കേരള കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാനുളള സംസ്ഥാന സമിതി നിര്‍ദ്ദേശം വന്നതിന് പിന്നാലെ കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും എതിര്‍പ്പ് പരസ്യമായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ തുടക്കമിട്ട പ്രതിഷേധം ഇനിയും തണുത്തിട്ടില്ല. കുറ്റ്യാടി വിട്ടുകൊടുക്കുന്നത് പാര്‍ട്ടിയെ ബലി കൊടുക്കുന്നതിന് തുല്യമെന്ന തരത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കമന്‍റുകള്‍.

കുറ്റ്യാടിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ചിലര്‍ പോസ്റ്ററുകളും പുറത്തിറക്കി. 2016ല്‍ നിസാര വോട്ടുകള്‍ക്ക് കെവിട്ട കുറ്റ്യാടി മണ്ഡലം കുഞ്ഞമ്മദ് കുട്ടിയെ ഇറക്കിയാല്‍ തിരികെ പിടിക്കാമെന്നാണ് താഴെതട്ടില്‍ നിന്നുയരുന്ന നിര്‍ദ്ദേശം. 

അതേസമയം സിപിഎം മത്സരിക്കുന്ന കൊയിലാണ്ടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലും സഥാനാര്‍ത്ഥികളെച്ചൊല്ലി തര്‍ക്കങ്ങളുണ്ട്. കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീലയുടെയും പി. സതീദേവിയുടെയും പേരിനൊപ്പം പ്രാദേശിക നേതാവ് അശ്വിനീ ദേവിന്‍റെ പേരും പരിഗണനയിലുണ്ട്. നോര്‍ത്തില്‍ പ്രദീപ് കുമാറിനു പകരം തോട്ടത്തില്‍ രവീന്ദ്രനെ ഇറക്കുന്നതിലും ഒരു വിഭാഗം ജില്ലാ നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

click me!