'തൃപ്പൂണിത്തുറയിൽ കെ ബാബു വേണം'; രാജി ഭീഷണിയുമായി ഡിസിസി ജനറൽ സെക്രട്ടറിമാർ

By Web TeamFirst Published Mar 13, 2021, 12:48 PM IST
Highlights

ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ വേണുഗോപാൽ, പി കെ സുരേഷ് എന്നിവരുടേതാണ് രാജി ഭീഷണി മുഴക്കിയത്. കെ ബാബുവിന് തൃപ്പൂണിത്തുറയിൽ സീറ്റ് നൽകണമെന്നാണ് ഇവരുടെ ആവശ്യം. 

കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിച്ചില്ലെങ്കിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറിമാർ. ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ വേണുഗോപാൽ, പി കെ സുരേഷ് എന്നിവരുടേതാണ് രാജി ഭീഷണി മുഴക്കിയത്. കെ ബാബുവിന് തൃപ്പൂണിത്തുറയിൽ സീറ്റ് നൽകണമെന്നാണ് ഇവരുടെ ആവശ്യം. 

മുൻ എംഎൽഎ എന്ന നിലയിൽ ബാബുവാണ് സ്വീകാര്യനെന്നും സൗമിനി ജെയിന് തൃപ്പൂണിത്തുറയുമായി ബന്ധമില്ലെന്നും ഡിസിസി ജനറൽ സെക്രട്ടറിമാർ കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ബാബുവിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചില്ലെങ്കിൽ കൂട്ടരാജിയുണ്ടാകുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ആർ വേണുഗോപാൽ അറിയിച്ചു. ബിജെപിയുടെ വളർച്ചയാണ് തൃപ്പൂണിത്തുറയിൽ കോൺഗ്രസ് ഭയക്കുന്നതെന്നും സ്വരാജിനെ പാർട്ടിക്ക് പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

കോൺഗ്രസിന്റെ വോട്ട് ബിജെപിക്ക് ചോരാതിരിക്കണമെങ്കിൽ കെ ബാബു തന്നെ മത്സരിക്കണം. ബാബുവിന് സീറ്റില്ലെങ്കിൽ രണ്ട് ഡിസിസി സെക്രട്ടറിമാരും നിയോജകം മണ്ഡലം ചെയർമാനും ആറ് മണ്ഡലം പ്രസിഡൻ്റുമാരും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കുമെന്നും ആർ വേണുഗോപാൽ പറഞ്ഞു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തൃപ്പൂണിത്തുറയിൽ ബൂത്ത് പ്രസിഡൻറുമാർ യോഗം ചേരും.

click me!