
പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പിൽ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാൻ ആഞ്ഞു ശ്രമിക്കുന്നതിനിടെ കോന്നിയിൽ കോൺഗ്രസിലെ പൊട്ടിത്തെറി കൂടുതൽ ഗുരുതരമാകുന്നു. അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ എഐസിസി നേതാക്കൾക്ക് ഒരു വിഭാഗം നേതാക്കൾ കത്തയച്ചു. റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് കത്തിലെ ആവശ്യം. ഡിസിസി ഭാരവാഹികളടക്കം 17 പേർ ഒപ്പിട്ടാണ് കത്ത് സോണിയ ഗാന്ധി, താരിഖ് അൻവർ, കെ സി വേണുഗോപാൽ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കാണ് അയച്ചത്. മണ്ഡലത്തിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്ന ആവശ്യവും കത്തിലുണ്ട്.
അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ കഴിഞ്ഞദിവസം, മണ്ഡലത്തിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന്റെ ബിനാമിയാണ് റോബിൻ പീറ്ററെന്നുമാണ് പോസ്റ്ററിലെ ആരോപണം. സോളാർ കേസ് വന്നപ്പോൾ യജമാനെ സംരക്ഷിക്കുകയും കേസിൽ കുടുങ്ങാതിരിക്കാൻ മാസങ്ങളോളം വിദേശത്ത് ഒളിവിൽ കഴിഞ്ഞതും കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നവരെ തോൽപ്പിക്കാൻ ശ്രമിച്ചതുമാണോ റോബിൻ പീറ്ററിന് മത്സരിക്കാനുള്ള യോഗ്യതയെന്നാണ് പോസ്റ്ററിലൂടെ ഒരു വിഭാഗം ചോദിക്കുന്നത്.
എഐസിസി നടത്തിയ സർവേയിലടക്കം റോബിൻ പീറ്റർക്ക് ജയസാധ്യത കൽപ്പിച്ചതാണ് ഒരു വിഭാഗത്തെ ചൊടുപ്പിച്ചതെന്നും സൂചനയുണ്ട്. ജില്ലയിലെ താക്കോൽ സ്ഥാനത്തിരിക്കുന്ന എ ഗ്രൂപ്പ് നേതാവിന്റെ രഹസ്യ പിന്തുണയോടെ കഴിഞ്ഞ ദിവസം മണ്ഡലത്തിൽ നിന്നുള്ള രണ്ട് ഡിസിസി ജനറൽ സെക്രട്ടറിമാർ പരസ്യമായി റോബിൻ പീറ്റർക്കെതിരെ രംഗത്ത് വന്നിരുന്നു. അന്ന് അവർ ഉന്നയിച്ച ആരോപണങ്ങൾ തന്നെയാണ് പോസ്റ്ററിലും ഇപ്പോൾ കത്തിലുമുള്ളത്.