വോട്ടെണ്ണല്‍: ചൊവ്വാഴ്ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഒഴിക്കണമെന്ന് ഡിജിപി

By Web TeamFirst Published May 1, 2021, 9:52 PM IST
Highlights

പ്രശ്നബാധിത പ്രദേശങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.  

തിരുവനന്തപുരം: വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവി മാരോടും ആവശ്യപ്പെട്ടു.

ജില്ലാ പൊലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുളള ഫീല്‍ഡ് ഓഫീസര്‍മാര്‍ നാളെ മുതല്‍ പൊലീസ് നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും.  പ്രശ്നബാധിത പ്രദേശങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.  

പ്രധാന സ്ഥലങ്ങളില്‍ പൊലീസിന്‍റെ അര്‍ബന്‍ കമാന്‍റോ വിഭാഗത്തിന്‍റെ സേവനം ലഭ്യമാക്കാന്‍ ഭീകര വിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി ക്ക് നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ പ്രാബല്യമുണ്ടായിരിക്കും.

കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ഈ നിയന്ത്രണങ്ങളെക്കുറിച്ച് സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും മറ്റും ബോധവാന്‍മാരാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.
 
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും  കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ

click me!