കൊടകരയ്ക്ക് മുമ്പ് സേലം കൊങ്കണാപുരത്തും ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കവർച്ച, കുറ്റപത്രം

By Web TeamFirst Published Jul 24, 2021, 11:47 AM IST
Highlights

കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി അനധികൃതമായി ബിജെപി കൊണ്ടുവന്ന പണമാണിതെന്നാണ് കുറ്റപത്രത്തിലെ പരാമർശം. മാർച്ച് ആറിനായിരുന്നു ഈ കവർച്ച. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന പണമാണിത്. നാല് കോടി നാൽപ്പത് ലക്ഷം രൂപയാണ് അന്ന് കവർന്നത്. 

കൊച്ചി: കൊടകരയ്ക്ക് മുമ്പും ബിജെപി കൊണ്ടുവന്ന പണം കവർന്നതായി പൊലീസ്. സേലം കൊങ്കണാപുരത്ത് വച്ചായിരുന്നു ഈ കവർച്ച. കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി അനധികൃതമായി ബിജെപി കൊണ്ടുവന്ന പണമാണിതെന്നാണ് കുറ്റപത്രത്തിലെ പരാമർശം. മാർച്ച് ആറിനായിരുന്നു ഈ കവർച്ച. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന പണമാണിത്. നാല് കോടി നാൽപ്പത് ലക്ഷം രൂപയാണ് അന്ന് കവർന്നത്. കൊടകരക്കേസിലെ സാക്ഷിയും പ്രധാനപരാതിക്കാരനുമായ ധർമരാജന്‍റെ അടുത്ത ബന്ധുവിനായിരുന്നു പണം കൊണ്ടുവരാനുള്ള ചുമതലയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 

കൊടകര കവർച്ച പുറത്തുവന്നതിന് പിന്നാലെ ഇതേക്കുറിച്ചന്വേഷിച്ച സംഘം ഇരിഞ്ഞാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ്, ഈ 'കൊടകര മോഡൽ' കവർച്ചയുടെ വിവരങ്ങളുള്ളത്. കൊടകരയിൽ കവർന്നത് മൂന്നരക്കോടി രൂപയാണെങ്കിൽ സേലം കൊങ്കണാപുരത്ത് കവർന്നത് നാല് കോടി നാൽപ്പത് ലക്ഷം രൂപയാണെന്നാണ് ധർമരാജൻ മൊഴി നൽകിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റപത്രത്തിൽ പൊലീസ് ഈ കവർച്ചയുടെ വിശദാംശങ്ങൾ നൽകിയിരിക്കുന്നത്. ഇത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. 

ധർമരാജൻ നൽകിയ വിശദാംശങ്ങളനുസരിച്ച് സംഭവം നടന്നത് ഇങ്ങനെയാണ്: മാർച്ച് ആറിനാണ് ബെംഗളുരുവിൽ നിന്ന് നാല് കോടി നാൽപ്പത് ലക്ഷം രൂപയുമായി ധർമരാജന്‍റെ ഒരു അടുത്ത ബന്ധു കേരളത്തിലേക്ക് വരുന്നത്. ധർമരാജന്‍റെ ഈ ബന്ധു പൈലറ്റ് പോലെ ഒരു വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. എന്നാൽ പണം സൂക്ഷിച്ച വാഹനം ഓടിച്ചിരുന്നത്, കൂത്തുപറമ്പ് സ്വദേശി അഷ്റഫ് എന്നയാളാണ്. KL 14 C 1414 എന്ന നമ്പറുള്ള വാഹനത്തിലായിരുന്നു ഈ പണം കൊണ്ടുവന്നത്. കാസർകോട് റജിസ്ട്രേഷനുള്ള ഈ വാഹനം സേലം കൊങ്കണാപുരത്ത് എത്തിയപ്പോൾ, മറ്റൊരു വാഹനം വന്ന് തടയുകയും ഈ പണം തട്ടിക്കൊണ്ടുപോവുകയും ചെയ്തു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. 

ഈ വാഹനം പിന്നീട് കൊങ്കണാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഈ വാഹനം ഇപ്പോഴും കൊങ്കണാപുരം പൊലീസ് സ്റ്റേഷനടുത്ത് റോഡിൽ കിടപ്പുണ്ടെന്ന് സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് പരാതിയില്ലാത്തതിനാൽ ഇതുവരെ ഇക്കാര്യത്തിൽ കേസെടുത്തിട്ടില്ല സംസ്ഥാനപൊലീസ്. 

കവർച്ചയ്ക്ക് പിന്നിൽ അഷ്റഫ് തന്നെ

ഈ കവർച്ചയ്ക്ക് പിന്നിൽ പണം കൊണ്ടുവന്ന കൂത്തുപറമ്പ് സ്വദേശി അഷ്റഫ് തന്നെയെന്ന് പിന്നീട് വ്യക്തമായി. അഷ്റഫ് വിവരം ചോർത്തി നൽകിയായിരിക്കണം, ഈ പണം കവർച്ച ചെയ്യപ്പെട്ടത്. പണം നഷ്ടപ്പെട്ട കാര്യം ധർമരാജൻ സംസ്ഥാനത്തെ ചില ബിജെപി നേതാക്കളെ അറിയിച്ചിരുന്നു. ഇവർ ഇടപെട്ടതോടെ ഇതിൽ ഒരു കോടി രൂപ അഷ്റഫ് തന്നെ ധർമരാജന് കോഴിക്കോട് വച്ച് കൈമാറി. 

ഈ പണം വന്നതെവിടെ നിന്ന്?

ബിജെപിയുടെ ബംഗലൂരുവിലെ ചില കേന്ദ്രങ്ങളായിരുന്നു പണം കൈമാറിയതെന്ന് കൊടകര കേസ് അന്വേഷിച്ച പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് തുടർച്ചയായിട്ടായിരുന്നു കൊടകരയിൽ ഏപ്രിൽ മൂന്നിന് നടന്ന കവർച്ചയെന്നാണ് കണ്ടെത്തൽ.

click me!