
തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ കലാപം. ആലപ്പുഴ ഡിസിസി അധ്യക്ഷൻ എം ലിജുവും, വയനാട് ഡിസിസി ജനറൽ സെക്രട്ടറി എം ജി ബിജുവും രാജി വച്ചു. സതീശൻ പാച്ചേനിയും രാജി സന്നദ്ധത അറിയിച്ചു. ആലപ്പുഴ ജില്ലയിലെ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ലിജുവിന്റെ രാജി. മാനന്തവാടിയിൽ പി കെ ജയലക്ഷ്മിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് എം ജി ബിജുവിന്റെ രാജി. മാനന്തവാടി മണ്ഡലത്തിന്റെ ചുമതല എം ജി ബിജുവിനായിരുന്നു.
ആലപ്പുഴയിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് ഉണ്ടായത്. ഒമ്പത് സീറ്റുകളുള്ള ജില്ലയിൽ കോൺഗ്രസ് ജയിച്ചത് പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട് മാത്രം. എം ലിജു തന്നെ മത്സരിച്ച അമ്പലപ്പുഴയിൽ 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാർത്ഥി എച്ച് സലാം വിജയിച്ചത്. 2016 തെരഞ്ഞെടുപ്പിലും ഹരിപ്പാട് മാത്രമായിരുന്നു കോൺഗ്രസിന് കിട്ടിയത് എന്നാൽ 2019 ലോകസഭ തെരഞ്ഞെടുപ്പിൽ ആരിഫ് ജയിച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ ഷാനിമോൾ ഉസ്മാൻ ജയിച്ചിരുന്നു. ഇക്കുറി അരൂർ വീണ്ടും ഇടത് പക്ഷത്തേക്ക് ചാഞ്ഞു. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കായംകുളത്ത് യുവ നേതാവ് അരിത ബാബുവും പരാജയപ്പെട്ടു.
ജി സുധാകരനെയും ഐസക്കനെയും മാറ്റി നിർത്തി സിപിഎം തെരഞ്ഞെടുപ്പിന് നേരിട്ടപ്പോൾ ഇടത് പാളയത്തിലെ അതൃപ്തി മുതലെടുക്കാമെന്ന് കോൺഗ്രസ് കണക്ക്കൂട്ടിയിരുന്നു. എന്നാൽ ഈ പ്രതീക്ഷ അസ്ഥാനത്തായി.
കോൺഗ്രസ് സംഘടനാ സംവിധാനം ദുർബലപ്പെട്ടെന്ന് ജോസഫ് വാഴക്കൻ കോട്ടയത്ത് പ്രതികരിച്ചു. പ്രാദേശിക നേതൃത്വത്തെ വിശ്വസിക്കാതെ ഇനി മുന്നോട്ട് പോകരുതെന്നും പ്രാദേശിക വികാരം മനസിലാക്കണമന്നും പറഞ്ഞ വാഴക്കൻ മേൽ തട്ടിൽ നിന്ന് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന പ്രവണത മാറണമെന്ന് ആവശ്യപ്പെട്ടു.
ജനവിധിയെ ബഹുമാനപൂർവം അംഗീകരിക്കുന്നുവെന്നും ഒരു ജനവിധിയും സ്ഥിരമല്ലെന്നുമായിരുന്നു രാവിലെ മുതിർന്ന നേതാവ് എ കെ ആൻ്റണി പ്രതികരിച്ചത്. 1967-ൽ കോൺഗ്രസ് അംഗസംഖ്യ 9 ആയി ചുരുങ്ങിയെന്ന് ഓർമ്മിപ്പിച്ച ആൻ്റണി അന്ന് തിരിച്ചു വരാൻ നടത്തിയത് പോലുള്ള ഊർജ്ജിത നീക്കം ഉണ്ടാകണമെന്നാണ് ആവശ്യപ്പെടുന്നത്.