രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചന മ്ലേഛം, സംയമനം പാലിക്കുന്നു; ചെന്നിത്തല മിണ്ടിയില്ലെന്നും ജി സുധാകരൻ

By Web TeamFirst Published Mar 21, 2021, 3:41 PM IST
Highlights

സംഭവത്തെ വിമർശിക്കാതിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അടക്കം വിമർശിച്ചുകൊണ്ടായിരുന്നു ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ മന്ത്രി സംസാരിച്ചത്

ആലപ്പുഴ: പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചസ്പതി നടത്തിയ പുഷ്പാർച്ചയനെ നിശിതമായി വിമർശിച്ച് മന്ത്രി ജി സുധാകരൻ. ഏറ്റവും മ്ലേച്ഛവും നീചവുമായ കാര്യമാണ്. വെടിയേൽക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ വാരിക്കുന്തവുമായി പൊരുതാൻ ഇറങ്ങിയത്. രാജവാഴ്ചക്കെതിരെ കേരളത്തെ ഇന്ത്യയുടെ ഭാഗമാക്കാൻ വേണ്ടി നടത്തിയ പോരാട്ടമാണത്. സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷിത്വം വഹിച്ച ഒരാളെങ്കിലും ബിജെപിക്ക് കേരളത്തിലുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

സംഭവത്തെ വിമർശിക്കാതിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അടക്കം വിമർശിച്ചുകൊണ്ടായിരുന്നു ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ മന്ത്രി സംസാരിച്ചത്. 'തത്വദീക്ഷയില്ലാത്ത പ്രതിപക്ഷങ്ങളാണ് കേരളത്തിൽ. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ കയറി ഒരു സ്ഥാനാർത്ഥി വിദ്വാൻ പുഷ്പാർച്ചന നടത്തി. ഇനിയും നടത്തുമെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് കാലം അല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ഞങ്ങൾ സംയമനം പാലിക്കുന്നു. ഏറ്റവും മ്ലേച്ഛവും നീചവുമായ കാര്യമായിരുന്നു ഇത്. കോൺഗ്രസ് ഒരു ചെറുവിരൽ അനക്കിയില്ല, പ്രതിഷേധിച്ചില്ല. ശരിയോ തെറ്റോയെന്ന് ചെന്നിത്തല സാർ മിണ്ടിയിട്ടില്ല. ബിജെപി നേതാക്കളുടെ അഭിപ്രായം പിബി അംഗം എസ്ആർപി ചോദിച്ചു. ആരും ഒരക്ഷരം മിണ്ടിയിട്ടില്ല.' 

'ബിജെപി സ്ഥാനാർത്ഥിക്ക് ഇത് എന്താണെന്ന് അറിയാമോ? രാജവാഴ്ച അവസാനിപ്പിക്കുന്നത് ബിജെപിക്ക് ചിന്തിക്കാൻ കഴിയുമോ. ഉത്തരേന്ത്യയിൽ രാജവാഴ്ചയെ പിന്തുണക്കുന്നവരാണ് ബിജെപി. കേരളത്തിൽ രാജവാഴ്ച നടക്കില്ല. അറിഞ്ഞുകൊണ്ട് തന്നെയാണ് തിരുവിതാംകൂറിലെ ജനം പൊരുതിയത്. ആരും തിരിഞ്ഞോടിയിട്ടില്ല. നെഞ്ചിലാണ് അവർക്ക് വെടിയേറ്റത്. കൂടുതൽ പറയുന്നില്ല. പാപ്പരത്വമാണ് ബിജെപി സ്ഥാനാർത്ഥിയുടെ പ്രവർത്തി. സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വഹിച്ച ഒരാളുണ്ടോ ബിജെപിക്ക് കേരളത്തിൽ? രാജവാഴ്ചയ്ക്കെതിരെ ഇന്ത്യയുടെ ഭാഗമായി കേരളത്തെ മാറ്റാൻ പോരാടിയവരാണവർ. അതിനേക്കുറിച്ച് ചിന്തിക്കാൻ ബിജെപിക്കാവില്ല.

ജാലിയൻ വാലാബാഗിൽ എന്തിന് പോയെന്ന് ഇയാൾ ചോദിക്കുമോ? മഹാത്മാ ഗാന്ധിയല്ലേ കൊണ്ടുപോയത് എന്ന് എന്താണ് പറയാത്തത്? അതുകൂടി പറയണം. വർഗീയ കലാപം നടത്തുന്ന, തലവെട്ടിക്കൊണ്ടു പോകുന്ന രാഷ്ട്രീയമാണ് നല്ലതെന്ന അഭിപ്രായമാണ് ഇവർക്ക്. ബിജെപി കേരളത്തിൽ അധികാരത്തിന്റെ ഏഴയലത്ത് എത്തില്ല. അവസരം കിട്ടിയാൽ ഇവർ എന്ത് ചെയ്യുമെന്നതിന്റെ സൂചനയാണിത്.'

'യുഡിഎഫ് അധികാരത്തിൽ വരില്ല. വികസന കാര്യത്തിൽ ഇടതുപക്ഷത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. കൃത്യമായ മതസൗഹാർദ്ദ സമീപനമുണ്ട്. സമുദായ സൗഹാർദ്ദം നിറഞ്ഞ് നിൽക്കുകയാണ് കേരളത്തിൽ. വർഗീയ കലാപത്തിന് ആരും ധൈര്യപ്പെടില്ല. ധൈര്യപ്പെട്ടാൽ അപ്പോൾ അവസാനിപ്പിക്കും. അതിന് ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കും. ന്യൂനപക്ഷത്തിന് പൂർണ സംരക്ഷണമാണ് കഴിഞ്ഞ അഞ്ച് വർഷം കിട്ടിയത്. അവരുടെ രോമത്തിൽ തൊടാൻ ആർക്കും കഴിഞ്ഞിട്ടില്ല. അത് നടക്കില്ല. ഭൂരിപക്ഷ - ന്യൂനപക്ഷ വ്യത്യാസമില്ല. എല്ലാവരും ഒന്നാണ്. ഒറ്റക്കെട്ടായാണ് കേരളത്തിൽ ജീവിക്കുന്നത്,' എന്നും അദ്ദേഹം പറഞ്ഞു.

click me!