യുഡിഎഫ് വോട്ട് ട്വന്റി20 നേടിയെങ്കിൽ അത് കോൺഗ്രസ്സിന്റെ കഴിവുകേട്; സാബു എം ജേക്കബ്ബ്

By Web TeamFirst Published May 3, 2021, 4:45 PM IST
Highlights

ട്വന്റി ട്വന്റി ക്ക് ഉണ്ടായത് വലിയ രാഷ്ട്രീയ വിജയമെന്ന് പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ്. എട്ട് മണ്ഡലങ്ങളിൽ  ബിജെപിയെ പിന്തള്ളി ജില്ലയിലെ 14 ശതമാനം വോട്ട് നേടാനായെന്നും അദ്ദേഹം പറഞ്ഞു. 

കൊച്ചി: കുന്നത്തുനാട്ടിൽ ജയിച്ചില്ലെങ്കിലു൦ ട്വന്റി ട്വന്റി ക്ക് ഉണ്ടായത് വലിയ രാഷ്ട്രീയ വിജയമെന്ന് പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ്. എട്ട് മണ്ഡലങ്ങളിൽ  ബിജെപിയെ പിന്തള്ളി ജില്ലയിലെ 14 ശതമാനം വോട്ട് നേടാനായെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ബി ടീമാണ് ട്വന്റി ട്വന്റി എന്ന പി ടി തോമസിന്റെ ആരോപണത്തോട്, യുഡിഎഫ് വോട്ട് ട്വന്റി ട്വന്റി നേടിയെങ്കിൽ അത് കോൺഗ്രസ്സിന്റെ കഴിവുകേട് എന്നായിരുന്നു സാബു എം ജേക്കബ്ബിന്റെ മറുപടി. 

കുന്നത്തുനാട്, കൊച്ചി,കോതമംഗലം,പെരുമ്പാവൂർ,വൈപ്പിൻ,മൂവാറ്റുപുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി മൂന്നാം സ്ഥാനത്തെത്തിയത്. എറണാകുളത്തും,തൃക്കാക്കരയിലും നാലാം സ്ഥാനം മാത്രമേ ലഭിച്ചുള്ളു. കൊച്ചിയിലും, കുന്നത്തുനാട്ടിലും എൽഡിഎഫ് വിജയത്തിന്  ട്വന്‍റി ട്വന്‍റി നേടിയ വോട്ടുകൾ നിർണായകമായി. 2815 ഓളം വോട്ടുകൾക്ക് വി പി സജീന്ദ്രനെ പി വി ശ്രീനിജൻ തോൽപിച്ചു.യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിക്ക് ട്വന്‍റി ട്വന്‍റി നേടിയ 41,890 വോട്ട് നിർണ്ണായകമായി. ശക്തികേന്ദ്രമായ വാഴക്കുളം മുതൽ യുഡിഎഫിന് ലീഡ് കുറഞ്ഞപ്പോൾ എൽഡിഎഫ് കേന്ദ്രങ്ങളിലായ വടവുകോട് പുത്തൻകുരിശ്,തിരുവാണിയൂർ പഞ്ചായത്തിലെ വോട്ട് കൃത്യമായി പെട്ടിയിൽ വീണു. അതേസമയം ട്വന്‍റി ട്വന്‍റിക്ക് കിഴക്കമ്പലം,കുന്നത്തുനാട്,ഐക്കരനാട്,മഴുവന്നൂർ തുടങ്ങി ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും പ്രതീക്ഷിച്ചത്ര വോട്ട് നേടാനായില്ല. തദ്ദേശതെരഞ്ഞെടുപ്പിനേക്കാൾ 2000 വോട്ട് കിഴക്കമ്പലത്ത് പോലും കുറഞ്ഞു. 

കൊച്ചിയിൽ ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥി ഷൈനി ആന്‍റണി 19,550 വോട്ട് നേടിയപ്പോൾ യുഡിഎഫിനുണ്ടായത് വലിയ തോൽവിയാണ് .കോൺഗ്രസ്സിന്‍റെ ടോണി ചമ്മണി എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ ജെ മാക്സിയോട് തോറ്റത് 14,079 വോട്ടുകൾക്ക്. പെരുമ്പാവൂരിൽ ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥി ചിത്ര സുകുമാരൻ 17,994 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ ഭൂരിപക്ഷം 2624 വോട്ടായി ചുരുങ്ങി.കോതമംഗലത്തും ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് 7978വോട്ട് നേടിയപ്പോൾ 6605 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷിബു തെക്കുപുറം എൽഡിഎഫിലെ ആന്‍റണി ജോണിനോട് തോറ്റു. തൃക്കാക്കരയിലും,എറണാകുളത്തും നാലാം സ്ഥാനത്താണെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം ഗണ്യമായി കുറക്കാൻ ട്വന്‍റി ട്വന്‍റിക്കായി.

Read Also: യു ഡി എഫ് ഗർത്തത്തിലേക്ക് പോകുമ്പോൾ ചവിട്ടാൻ ആഗ്രഹിക്കുന്നില്ല: പി ടി തോമസ്...

 

click me!