ബിജെപിയിലേക്ക് പോകാൻ ശ്രമിച്ചത് ജോസ്; തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരള കോൺഗ്രസ് എം തകരുമെന്ന് പി ജെ ജോസഫ്

By Web TeamFirst Published Mar 20, 2021, 12:46 PM IST
Highlights

പാലാ ഉപതെരഞ്ഞെടുപ്പിൽ കെ എം മാണിയുടെ മകളെ മത്സരിപ്പിക്കാതിരുന്നത് ജോസ് കെ മാണി തന്നെയാണെന്നും പി ജെ ജോസഫ്  ആരോപിക്കുന്നു. മകൾ മത്സരിച്ചിരുന്നെങ്കിൽ അന്ന് പാർട്ടി ചിഹ്നം അനുവദിക്കുമായിരുന്നുവെന്നാണ് അവകാശവാദം. 

തൊടുപുഴ: ബിജെപിയിലേക്ക് പോകാൻ ശ്രമിച്ചത് ജോസ് കെ മാണിയാണെന്ന് പി ജെ ജോസഫ്. ബിജെപിയുമായി ഒരിക്കലും ചർച്ച നടത്തിയിട്ടില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. ലതിക ഏറ്റമാനൂർ സീറ്റ് ചോദിച്ചത് ന്യായമല്ലെന്നും ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഒരിക്കലും ബിജെപിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ഉറപ്പിച്ച് പറയുന്ന പി ജോസഫ് നിലവിലെ ലയനത്തിന് മുൻകൈ എടുത്തത് പി സി തോമസ് ആണെന്നും വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എം തകരുമെന്നാണ് ജോസഫിന്റെ അവകാശവാദം. ജയിക്കുമെന്ന് ഉറപ്പുള്ള ഒരു സീറ്റും ജോസ് പക്ഷത്തിനില്ലെന്നും ജോസിനൊപ്പമുള്ള നല്ല നേതാക്കളെ സ്വീകരിക്കുമെന്നും പി ജെ ജോസഫ് പറയുന്നു. 

ലതിക ജോസഫ് ഏറ്റുമാനൂർ ചോദിച്ചത് ന്യായമല്ലെന്നാണ് പി ജെ ജോസഫിന്റെ അഭിപ്രായം. ഏറ്റുമാനൂരിന് പകരം മൂവാറ്റുപുഴയെന്ന ചർച്ചയുണ്ടായിട്ടില്ലെന്നും പി ജെ പറയുന്നു. 

പാലാ ഉപതെരഞ്ഞെടുപ്പിൽ കെ എം മാണിയുടെ മകളെ മത്സരിപ്പിക്കാതിരുന്നത് ജോസ് കെ മാണി തന്നെയാണെന്നും പി ജെ ജോസഫ്  ആരോപിക്കുന്നു. മകൾ മത്സരിച്ചിരുന്നെങ്കിൽ അന്ന് പാർട്ടി ചിഹ്നം അനുവദിക്കുമായിരുന്നുവെന്നാണ് ജോസഫിന്റെ അവകാശവാദം. 

റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കുമെന്ന എൽഡിഎഫ് പ്രഖ്യാപനത്തെ പറ്റി ചോദിച്ചപ്പോൾ റബ്ബറിന് 250 രൂപ താങ്ങുവില ആദ്യം പ്രഖ്യാപിച്ചത് യുഡിഎഫാണെന്നും എൽഡിഎഫ് പ്രകടനപത്രിക ആവത്തനം മാത്രമെന്നുമായിരുന്നു പ്രതികരണം. 

click me!