കേരളത്തിലെ മാധ്യമങ്ങൾ പിണറായി ഭക്തന്മാ‍ർ, ബിജെപിയിൽ പ്രശ്നങ്ങളെന്ന് വരുത്തിത്തീ‍ർക്കാൻ ശ്രമം: കെ സുരേന്ദ്രൻ

By Web TeamFirst Published Mar 31, 2021, 4:16 PM IST
Highlights

ബിജെപിയും എൻഡിഎയും കേരളത്തിൽ ഉയ‍ർന്നു വരുന്നതിനെ എതിർക്കുന്നവർ ആ തരത്തിൽ പ്രചാരണം നടത്തുകയാണ്

തിരുവനന്തപുരം: കേരളത്തിലെ പരമ്പരാ​ഗത രാഷ്ട്രീയ സംവിധാനം മാറണം എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പുതിയ കേരളം വേണം. എന്നാൽ മാധ്യമങ്ങൾക്ക് ബിജെപി കേരളത്തിൽ അധികാരത്തിൽ വരുന്നതിനോട് താത്പര്യമില്ല. കേരളത്തിലെ മാധ്യമങ്ങളെല്ലാം പിണറായി ഭക്തന്മാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിഷ്പക്ഷ നിരീക്ഷകൻമാ‍ർക്ക് പോലും ബിജെപി വരുന്നതിനോട് താത്പര്യമില്ല. ബിജെപിയും എൻഡിഎയും കേരളത്തിൽ ഉയ‍ർന്നു വരുന്നതിനെ എതിർക്കുന്നവർ ആ തരത്തിൽ പ്രചാരണം നടത്തുകയാണ്. എന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ അപ്രസക്തമാക്കി ബിജെപി കേറി വന്നു. നല്ല തയ്യാറെടുപ്പോടെയാണ് ഞങ്ങൾ മത്സരിക്കുന്നത്. മികച്ച മുന്നേറ്റം ഇക്കുറിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് നടത്തിയ ഒരു സർവേയിൽ സ്ഥാനാ‍ർത്ഥി നിർണയത്തിൽ ഏറ്റവും കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്ന പാർട്ടി ബിജെപിയാണെന്ന് കണ്ടു. ഞങ്ങളുടെ ഇടയിൽ യാതൊരു പ്രശ്നവുമില്ല. പക്ഷേ ഞങ്ങൾക്കിടയിൽ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീ‍ർക്കാൻ ശ്രമിക്കുകയാണ്. ഇവിടെ ഇടതുപക്ഷത്ത് എന്തൊക്കെ പ്രശ്നമുണ്ട്. അതൊന്നും എവിടെയും ചർച്ചയാവില്ല. മന്ത്രിസഭയിലെ രണ്ടാമനായ ഇപി ജയരാജൻ പറയുന്നത് ഇനി മത്സരിക്കാൻ സീറ്റ് കിട്ടിയാലും വേണ്ടെന്നാണ്. ഇങ്ങനെ എന്തൊക്കെ ഉണ്ടായി? അതൊന്നും പക്ഷേ എവിടെയും ചർച്ചയാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

click me!