സീറ്റിലും വോട്ടിലും എൻഡിഎ നിലപാട് നിര്‍ണ്ണായകമാകും; നടന്നത് ത്രികോണ മത്സരം എന്ന് കെ സുരേന്ദ്രൻ

By Web TeamFirst Published Apr 7, 2021, 1:55 PM IST
Highlights

ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമിച്ചു. നേമത്ത് കുമ്മനത്തെ തോൽപ്പിച്ച് കെ മുരളീധരനെ ജയിപ്പിക്കാനായിരുന്നു തീരുമാനമെന്ന് കെ സുരേന്ദ്രൻ

കാസര്‍കോട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്നത് ശക്തമായ ത്രികോണ മത്സരം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമിച്ചു. നേമത്ത് കുമ്മനത്തെ തോൽപ്പിച്ച് കെ മുരളീധരനെ ജയിപ്പിക്കാനായിരുന്നു തീരുമാനം. ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത് അതിനുള്ള തെളിവാണ്. എന്നാൽ എല്ലാറ്റിനേയും എൻഡിഎ അതിജീവിച്ചെന്നും മുന്നണികൾക്ക് കിട്ടുന്ന സീറ്റിലും വോട്ടിലും നിര്‍ണ്ണായകം എൻഡിഎ നിലപാട് തന്നെയായിരിക്കും എന്നും കെ സുരേന്ദ്രൻ കാസര്‍കോട്ട് പറഞ്ഞു. 

ജനം ആര്‍ക്കും ബ്ലാങ്ക്ചെക്ക് നൽകിയിട്ടില്ല. ആരേയും ഏകപക്ഷീയമായി വാഴാനും വോട്ടര്‍മാര്‍ അനുവദിക്കില്ല. പല മണ്ഡലങ്ങളിലും തീവ്ര നിലപാടുള്ള സംഘടനകളാണ് സിപിഎമ്മിനേയും ഇടതുമുന്നണിയേയും പിന്തുണച്ചതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. മുസ്ലീം വോട്ട് കിട്ടാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും പരക്കംപായുകയായിരുന്നു. 

മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ പരസ്യമായി വോട്ട് ചോദിച്ചയാളാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്തും കാസര്‍കോടും ഇത്തവണ ബിജെപി വിജയിക്കും. ഇരു മുന്നണികൾക്കും ഇത്തവണ നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടാകില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

click me!