'ശബരിമല അടഞ്ഞ അധ്യായം'; അന്തിമവിധി വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്ന് കാനം രാജേന്ദ്രൻ

By Web TeamFirst Published Mar 18, 2021, 1:07 PM IST
Highlights

ബിജെപിയിലേക്കുള്ള സിപിഐ നേതാക്കളുടെ പോക്ക് സ്ഥാനാർത്ഥിത്വം കിട്ടാത്തതിനാലാണെന്നും കാനം രാജേന്ദ്രൻ. ഇത് അവസരവാദ രാഷ്ട്രീയമാണെന്ന് കാനം വിമര്‍ശിച്ചു. 

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻഎസ്എസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരെ കാത്തിരിക്കുകയാണ് മര്യാദയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ശബരിമല അടഞ്ഞ അധ്യായമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. പ്രശ്നം ഇപ്പോൾ ചിലരുടെ മനസിൽ മാത്രമാണ്. ശബരിമല വിഷയത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ കൊടുത്ത സത്യവാങ്മൂലത്തെ എതിർക്കുന്ന ഒന്നും ഇടത് സർക്കാർ കൊടുത്തിട്ടില്ല. ശബരിമല കടകംപള്ളി സുരേന്ദ്രൻ അല്ല വിവാദമുണ്ടാക്കിയത്. കോൺഗ്രസാണ് ചർച്ചയാക്കിയതെന്നും കാനം കൂട്ടിച്ചേര്‍ത്തു. അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കണം അതാണ് മര്യാദയെന്നും എന്‍എസ്എസിന്‍റെ ചോദ്യത്തിന് കാനം മറുപടി നല്‍കി.

പ്രതിപക്ഷത്തിന് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. ഓർഡർ കൊടുത്തിട്ടേ ഉള്ളൂ. നേമത്ത് കഴിഞ്ഞ തവണ ഒഴുകിപ്പോയ യുഡിഎഫ് വോട്ട് ചിറകെട്ടാനുള്ള ശ്രമം നല്ലത്. അത് എല്‍ഡിഎഫിന് ഗുണം ചെയ്യും. ബിജെപിയിലേക്കുള്ള സിപിഐ നേതാക്കളുടെ പോക്ക് സ്ഥാനാർത്ഥിത്വം കിട്ടാത്തതിനാലാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഇത് അവസരവാദ രാഷ്ട്രീയമാണെന്ന് കാനം രാജേന്ദ്രൻ വിമര്‍ശിച്ചു. സ്വർണ്ണക്കടത്ത് കേസ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം എവിടെയെത്തിയെന്നും കാനം ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് കേസിൽ എന്തെങ്കിലുമൊക്കെ കാട്ടി സർക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു. 

click me!