Latest Videos

തുടർ ഭരണമോ? ഭരണ മാറ്റമോ? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി, മുൾമുനയിൽ കേരളം

By Web TeamFirst Published May 1, 2021, 1:36 PM IST
Highlights

മഹാമാരിയുടെ ആശങ്കക്കിടെയും കേരളത്തിൻറെ മുക്കിലും മൂലയിലും ഉയരുന്നത് ഒരൊറ്റ ചോദ്യം മാത്രം. ആരാകും ഇനി അധികാരത്തിലെത്തുക. 

തിരുവനന്തപുരം: ജനവിധി അറിയാൻ മണിക്കൂറുകൾ ശേഷിക്കേ മഹാമാരിയുടെ ആശങ്കക്കിടെയും കേരളത്തിൻറെ മുക്കിലും മൂലയിലും ഉയരുന്നത് ഒരൊറ്റ ചോദ്യം മാത്രം. ആരാകും ഇനി അധികാരത്തിലെത്തുക. മാറിമാറി ഭരണമെന്ന കേരളത്തിൻറെ രാഷ്ട്രീയചരിത്രം വഴിമാറാൻ ഇനി മണിക്കൂറുകൾ മാത്രമെന്നാണ് ഇടത് ക്യാമ്പിൽ നിന്നുളള പ്രതികരണം. ഭരണത്തുടർച്ച ഉറപ്പെന്ന് പറയുന്ന എൽഡിഎഫ്, സീറ്റുകളുടെ എണ്ണം നൂറ് വരെ കടക്കാമെന്നും പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ്-സീഫോർ പോസ്റ്റ് പോൾ സർവ്വെ പ്രവചനം 77 മുതൽ 86 വരെ സീറ്റുമായി ഇടതിന് ഭരണത്തുടർച്ചയാണ്. ചെങ്കൊടി പാറുമെന്ന് തന്നെ ബഹൂഭൂരിപക്ഷം സർവ്വെകളും പറഞ്ഞതോടെ രണ്ടാം പിണറായി സർക്കാറിലാരൊക്കെ എന്ന ചർച്ചകൾ വരെ ഇടത് കേന്ദ്രങ്ങളിലുയരുന്നു.

തിങ്കളാഴ്ച പിണറായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വരെയുളള്ള റിപ്പോർട്ടുകൾ ഉണ്ടെങ്കിലും മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ ഇത് തള്ളുന്നു. നാലിന് ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് കഴിഞ്ഞേ അധികാരമേൽക്കൽ നടപടിയുണ്ടാകൂ. ആഹ്ളാദം അണപൊട്ടുമ്പോഴും ചില സർവ്വെകൾ ഇടതിന് നൽകുന്ന ഏറ്റവും ചുരുങ്ങിയ നമ്പർ 75 ൽ താഴെയാണ് . ഇഞ്ചോടിച്ച് പോരുള്ള 20 ഇടങ്ങളിലെ ഫലം മറിയുമോ എന്ന ആശങ്കയും ഇടത് നേതാക്കൾക്ക് ഉള്ളിൽ ഇല്ലാതില്ല. 

ജനങ്ങളെ കയ്യുയർത്തി അഭിസംബോധന ചെയ്യുന്ന ചിത്രമാണ് ഇന്നലെ മുതൽ രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കവർ ഫോട്ടോ. സർവ്വെകളെ തള്ളുന്ന യുഡിഎഫ് നേതൃത്വം പറയുന്നത് ഈ ചിത്രം തന്നെ ഭരണമാറ്റത്തിൻറെ സൂചനയെന്ന്. 75 നും 80നും ഇടക്ക് സീറ്റെന്ന കണക്കിൽ ഇപ്പോഴും ഉറപ്പിക്കുന്നു യുഡിഎഫ്. പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും യുഡിഎഫ് അവകാശപ്പെടുന്ന ഭരണവിരുദ്ധവികാരം ഒരു സർവ്വെയിലും പ്രകടമാകാത്തതിൻറെ നൈരാശ്യം നേതാക്കൾക്കുള്ളിലുണ്ട്. .

പത്തിലേറെ വിരിയുന്ന താമരകളാണ് ബിജെപി സ്വപ്നം. പക്ഷെ കയ്യിലുള്ള നേമത്തെ സർവ്വെ ഫലങ്ങൾ ഉണ്ടാക്കുന്ന ഞെട്ടലിലാണ് പാർട്ടി. 15 ലേറെ സ്ഥലങ്ങളിലെ കടുത്ത ത്രികോണപ്പോരിലാണ് എല്ലാ പ്രതീക്ഷകളും. സീറ്റും ശതമാനവുമെല്ലാം കെ.സുരേന്ദ്രനും ബിജെപിക്കും അതി നിർണ്ണായകമാകും.

click me!