കുണ്ടറയിൽ അട്ടിമറി? ഇടത് പ്രതീക്ഷ കൈവിട്ട് ചവറയും കരുനാഗപ്പള്ളിയും

Published : Apr 30, 2021, 07:43 PM ISTUpdated : Apr 30, 2021, 07:58 PM IST
കുണ്ടറയിൽ അട്ടിമറി? ഇടത് പ്രതീക്ഷ കൈവിട്ട് ചവറയും  കരുനാഗപ്പള്ളിയും

Synopsis

ഫിഷറീസ് മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജെ മേഴ്സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയിലെ തെരഞ്ഞെടുപ്പ് ഇത്തവണ അത്ര അനായാസമായിരുന്നില്ല ഇടതുമുന്നണിക്ക്

തിരുവനന്തപുരം:  ഓരോ തെരഞ്ഞെടുപ്പിലും ഓരോ തരത്തിലാണ് കൊല്ലത്തിന്റെ ജനവിധി. നിയമസഭാ തെരഞ്ഞെടുപ്പിൽ പക്ഷെ ആകെ ചുവന്ന് കിടക്കുന്നതാണ് പതിവ്. ആഴക്കടൽ മത്സ്യബന്ധന കരാർ അടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടുക്ക് അലയടിച്ച  വിവാദങ്ങൾ ഒരു പക്ഷെ ഏറെ പ്രതിഫലിക്കുന്നതും കൊല്ലത്തിന്റെ തീരദേശ മേഖല പങ്കിടുന്ന മണ്ഡലങ്ങളിലായിരിക്കും. കൂട്ടത്തിൽ ഏറെ ശ്രദ്ധേയമാണ് കുണ്ടറയിലെ മത്സരം. 

ഫിഷറീസ് മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജെ മേഴ്സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയിലെ തെരഞ്ഞെടുപ്പ് ഇത്തവണ അത്ര അനായാസമായിരുന്നില്ല ഇടതുമുന്നണിക്ക്. പലരെ പ്രതീക്ഷിച്ചെങ്കിലും അവസാന ലാപ്പിൽ പിസി വിഷ്ണുനാഥിന്റെ വരവോടെ കുണ്ടറയിലെ യുഡിഎഫ് ക്യാമ്പ് കനത്ത മത്സരം കാഴ്ചവക്കാൻ തന്നെ തയ്യാറെടുത്തു.  വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച് യുഡിഎഫ് പ്രചാരണ വേദികളിൽ കണ്ട ആവേശം അതേ പടി വോട്ടായാലും അത്ഭുതപ്പെടാനില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സി ഫോർ പോസ്റ്റ് പോൾ സർവെ ഫലം പറയുന്നത്. കുണ്ടറയിൽ ഇത്തവണ മുൻതൂക്കം പിസി വിഷ്ണുനാഥിനാണ്.

വിജയൻ പിള്ളയൂടെ വേർപാടോടെ എംഎൽഎ സ്ഥാനം കഴിഞ്ഞ ഒരു വർഷമായി ഒഴിഞ്ഞു കിടന്ന ചവറയിൽ ആർഎസ്പിക്കിത്തവണ അഭിമാനപ്പോരാട്ടമാണ്. ആർഎസ്പിയുടെ ഈറ്റില്ലമാണ് ചവറ. 2014 ൽ ആർ എസ് പി ഇടത് മുന്നണി വിടുകയും പിന്നീട് യു ഡി എഫിനൊപ്പം ചേരുകയും ചെയ്തപ്പോൾ  എൽ.ഡി.എഫിന് നഷ്ടമായ മണ്ഡലം എൻ. വിജയൻപിള്ളയിലൂടെയാണ് പാർട്ടി തിരിച്ച് പിടിച്ചത്. ചവറയിലെ ആധിപത്യത്തിന് അടിവരയിടാൻ ഷിബു ബേബി ജോൺ തന്നെ യാണ് മത്സര രംഗത്ത്. കൊല്ലത്താകെയുള്ള ഇടത് തരംഗം ചവറയിൽ വോട്ടാക്കാമെന്ന പ്രതീക്ഷയിൽ ഇടത് മുന്നണി രംഗത്ത് ഇറക്കിയത് വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത്ത് വിജയനെ. വാശിയേറിയ മത്സരം നടന്ന ചവറയിൽ പക്ഷെ ഇത്തവണ യുഡിഎഫ് ജയിച്ച് കയറുമെന്നാണ് സർവെ പറയുന്നത്. 

പിടിച്ചെടുക്കാനും നിലനിർത്താനും ഉള്ള പോരാട്ടം നടന്ന കരുനാഗപ്പള്ളിയിലും കാര്യങ്ങൾ വ്യത്യസ്തമല്ല. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ ആർ രാമചന്ദ്രന് 69,902 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമതെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി സിആർ മഹേഷിന് 68,143 വോട്ടുകളും ലഭിച്ചു. ബിഡിജെഎസിന്റെ വി സദാശിവന് 19,115 വോട്ടുകളാണ് ലഭിച്ചത്. സിപിഐക്ക് മേൽകൈയ്യുള്ള മണ്ഡലംകൂടിയാണ് കരുന്ഗപ്പള്ളി.  ആർ രാമചന്ദ്രനും സിആർ മഹേഷും തമ്മിലെ പോരാട്ടത്തിലും മുൻതൂക്കം ഇത്തവണ യുഡിഎഫിനാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവെ പറയുന്നത്.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021