
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനിടെ കുഴഞ്ഞുവീണ് അഞ്ച് പേർ സംസ്ഥാനത്ത് ഇന്ന് മരണമടഞ്ഞു. ആറന്മുള മണ്ഡലത്തിലെ വള്ളംകുളം സ്‌കൂളിൽ വോട്ട് ചെയ്യാൻ എത്തിയ ഗോപിനാഥ കുറുപ്പ്, കോട്ടയം എസ്എച്ച് മഠം സ്‌കൂളിലെ വോട്ടറായ അന്നമ്മ ദേവസ്യ, പാലക്കാട്ട് നെന്മാറയിൽ കാര്‍ത്ത്യായനി അമ്മ, മറയൂര്‍ പത്തടിപ്പാലം സ്വദേശി ഗോപിനാഥൻ നായര്‍ എന്നിവരാണ് പോളിങ് ബൂത്തിൽ കുഴഞ്ഞ് വീണ് മരിച്ചത്.
ഹരിപ്പാട് പതിയാങ്കരയിൽ എൽഡിഎഫ്-യുഡിഎഫ് സംഘര്‍ഷത്തിന് സാക്ഷിയായ വയോധികനും കുഴഞ്ഞു വീണു മരിച്ചു. മീനത്തേൽ പുതുവൽ ശാര്‍ങ്ധരൻ ആണ് മരിച്ചത്. മണിക്കുട്ടൻ എന്ന യുഡിഎഫ് പ്രവര്‍ത്തകനെ എൽഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നത് കണ്ടാണ് അയൽ വാസിയായ ശാര്‍ങ്ധരൻ കുഴഞ്ഞു വീണത്. ഒറ്റപ്പാലം പാലപ്പുറത്ത് വോട്ട് ചെയ്യാനെത്തിയ പാലപ്പുറം ഞാറകുളങ്ങര ഗംഗാധരൻ(75) മരിച്ചു.പാലപ്പുറം എ ജെ ബി സ്കൂളിലെ 160 ാം ബൂത്തിലാണ് വോട്ട് ചെയ്യാനെത്തിയത്. ഇതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
നെന്മാറയ്ക്കടുത്ത വിത്തനശ്ശേരി അപ്പുക്കുട്ടന്റെ ഭാര്യ കാർത്ത്യായനിയമ്മയാണ് പാലക്കാട് മരിച്ചത്. രാവിലെ 11 മണിയോടെ വോട്ടുചെയ്യാനെത്തിയ കാർത്യായനിയമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ നെന്മാറയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടയം എസ്എച്ച് മൗണ്ട് മഠം സ്കൂളിലെ 25 ആം നമ്പർ ബൂത്തിലാണ് അന്നമ്മ ദേവസ്യ കുഴഞ്ഞുവീണത്. ഹരിപ്പാട് തൃക്കുന്നപ്പുഴ പതിയാങ്കരയിൽ മണിക്കുട്ടൻ എന്ന യുഡിഎഫ് പ്രവർത്തകനെയാണ് എൽഡിഎഫ് പ്രവർത്തകർ വീടുകയറി മർദിച്ചത്. സംഘർഷം കണ്ടു നിന്നപ്പോഴാണ് മീനത്തേൽ പുതുവൽ ശാർങ്‌ധരൻ കുഴഞ്ഞുവീണ് മരിച്ചത്. മണിക്കുട്ടന്റെ അയൽവാസിയാണ് ശാർങ്ധരൻ. മറയൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ മൂന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങി സ്കൂൾ പരിസരത്ത് ഇരിക്കുന്നതിനിടയിലാണ് പത്തടിപ്പാലം സ്വദേശി ഗോപിനാഥൻ നായർ മരിച്ചത്.