കോൺഗ്രസ് മടുത്തെന്ന് താൻ പറഞ്ഞിട്ടില്ല, പിസി ചാക്കോ ഇല്ലാത്ത കാര്യം പറയരുത്: കെ സുധാകരൻ

By Web TeamFirst Published Mar 17, 2021, 2:11 PM IST
Highlights

ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പിസി ചാക്കോ കോൺഗ്രസിനകത്ത് സുധാകരൻ അടക്കമുള്ള നേതാക്കൾ അസംതൃപ്തരാണെന്ന് പറഞ്ഞത്

കണ്ണൂർ: കോൺഗ്രസ് മടുത്തെന്ന് താൻ പറഞ്ഞതായി പിസി ചാക്കോ വാർത്താസമ്മേളനത്തിൽ പറഞ്ഞത് തെറ്റാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി. കോൺഗ്രസ് മടുത്തെന്ന് താൻ പിസി ചാക്കോയോട് പറഞ്ഞിട്ടില്ല. പാർട്ടിക്കകത്തെ പോരായ്‌മകൾ സാധാരണയായി സംസാരിക്കാറുണ്ട്. എന്നാൽ ഈ അടുത്ത ദിവസങ്ങളിലൊന്നും പിസി ചാക്കോയോട് സംസാരിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് പിസി ചാക്കോ ഇങ്ങനെയൊരു പ്രസ്ഥാവന നടത്തിയത് എന്നറിയില്ല. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ പരിഹരിക്കും. പിസി ചാക്കോയെ പോലുള്ള ആളുകൾ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എൻസിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ലെന്നും സുധാകരൻ പറഞ്ഞു.

ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പിസി ചാക്കോ കോൺഗ്രസിനകത്ത് സുധാകരൻ അടക്കമുള്ള നേതാക്കൾ അസംതൃപ്തരാണെന്ന് പറഞ്ഞത്. 'തന്റെ രാജിയെ സാധൂകരിക്കുന്ന സംഭവങ്ങളാണ് പിന്നീട് കോൺഗ്രസിലുണ്ടായത്. കെ സുധാകരന് കോൺഗ്രസിൽ തുടർന്ന് പ്രവർത്തിക്കാൻ താൽപര്യമില്ലെന്ന് തന്നോട് പറഞ്ഞു. സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന അരഡസൻ നേതാക്കൾ വരും ദിവസങ്ങളിൽ എൻസിപിയിൽ ചേരും. തന്റെ രാജി പലർക്കും കോൺഗ്രസ് വിടാൻ പ്രേരണയാകും. തകരുന്ന പളുങ്ക് പാത്രം പോലെയാണ് കോൺഗ്രസ്. സ്ഥാനാർത്ഥി നിർണയത്തിലെ ഗ്രൂപ്പ് വീതംവെപ്പിൽ കെ സുധാകരൻ കടുത്ത അസ്വസ്ഥതയിലാണ്. കോൺഗ്രസിന് ഇപ്പോൾ ഹൈക്കമാന്റില്ല. ഹൈക്കമാന്റ് പറഞ്ഞാൽ കേൾക്കുന്ന കാലം മാറി. കെസി വേണുഗോപാൽ വിചാരിച്ചാൽ കോൺഗ്രസിൽ എന്തെങ്കിലും നടക്കുമെന്ന് കരുതുന്നില്ല. കേരളത്തിൽ ശബരിമല ചർച്ചയാക്കുന്നത് ആശയ ദാരിദ്ര്യം മൂലമാണ്. ധർമ്മടത്ത് മത്സരിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിക്ക്  അവിടെ മത്സരിക്കാൻ താൽപര്യമില്ലെന്നും' പിസി ചാക്കോ പറഞ്ഞു.

click me!