Latest Videos

മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർത്ഥി കെ സുന്ദര പത്രിക പിൻവലിച്ചു; കെ സുരേന്ദ്രന് പിന്തുണ

By Web TeamFirst Published Mar 22, 2021, 12:44 PM IST
Highlights

ഇന്നലെ മുതൽ സുന്ദരയെ കാണാനില്ലെന്നും ബി ജെ പിക്കാർ സുന്ദരയെ ഭീഷണിപ്പെടുത്തിയെന്നും ബിഎസ്പി നേതാക്കൾ ബദിയടുക്ക പൊലീസിൽ പരാതി നൽകിയിരുന്നു

കാസർകോട്: ഒരു  ദിവസം ഇരുട്ടി വെളുത്തപ്പോഴേക്കും ബി എസ് പി സ്ഥാനാർത്ഥി ബിജെപിയിലെത്തി. മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർത്ഥി കെ സുന്ദര പത്രിക പിൻവലിച്ച്, ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത് കൊണ്ടാണ് പത്രിക പിൻവലിക്കുന്നതെന്നും ഭീഷണിയോ സാമ്പത്തികമായുള്ള പ്രലോഭനമോ ഉണ്ടായിട്ടില്ലെന്നും കെ സുന്ദര പറഞ്ഞു. മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ 89 വോട്ടിന് തോറ്റ 2016ലെ തെരഞ്ഞെടുപ്പിൽ 462 വോട്ടുകളാണ് കെ സുന്ദരക്ക് കിട്ടിയത്.

സംസ്ഥാന സമിതി അംഗം സുരേഷ് കുമാർ ഷെട്ടിയുടെ നേതൃത്വത്തിൽ ജോഡുകല്ലിലെ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ കെ സുന്ദരക്ക് സ്വീകരണം നൽകി. കെ സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ള കെ സുന്ദര 2016ലെ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 462 വോട്ടുകൾ നേടിയിരുന്നു.  89 വോട്ടുകൾക്ക് മാത്രം കെ സുരേന്ദ്രൻ പരാജയപ്പെട്ടതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കെ സുന്ദര പിടിച്ച വോട്ടുകളാണെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തൽ. ഇത്തവണ ആ ഭീഷണി ഒഴിവാക്കാനുള്ള ബിജെപി കരുനീക്കമാണ് ഫലം കണ്ടത്.

ഇന്നലെ മുതൽ സുന്ദരയെ കാണാനില്ലെന്നും ബി ജെ പിക്കാർ സുന്ദരയെ ഭീഷണിപ്പെടുത്തിയെന്നും ബിഎസ്പി നേതാക്കൾ ബദിയടുക്ക പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഭീഷണിയില്ലെന്ന് സുന്ദര തന്നെ പറഞ്ഞതോടെ പൊലീസ് കേസെടുത്തിരുന്നില്ല.

click me!