വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ഇടതിന് മേൽക്കൈ; 80 ഇടത്ത് എൽഡിഎഫ്, മൂന്നിടത്ത് എൻഡിഎയും മുന്നിൽ

By Web TeamFirst Published May 2, 2021, 9:27 AM IST
Highlights

തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പദ്മജ വേണു​ഗോപാലും ഉദുമയിൽ സിപിഎം സ്ഥാനാർത്ഥി സിഎച്ച് കുഞ്ഞമ്പുവും ആദ്യ ലീഡെടുത്തു

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൽഡിഎഫിന് മേൽക്കൈ. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണിയത്. അതിൽ 80 ഇടത്ത് എൽഡിഎഫും 57 ഇടത്ത് യു‍ഡിഎഫും മൂന്നിടത്ത് എൻഡിഎയുമാണ് മുന്നിൽ. കോഴിക്കോട് സൗത്ത്, പാലക്കാട്, നേമം സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്.

പല മണ്ഡലത്തിലും വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങി. തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പദ്മജ വേണു​ഗോപാലും ഉദുമയിൽ സിപിഎം സ്ഥാനാർത്ഥി സിഎച്ച് കുഞ്ഞമ്പുവും ആദ്യ ലീഡെടുത്തു. ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ഒഴികെ മറ്റെല്ലായിടത്തും എൽഡിഎഫാണ് മുന്നിൽ. 

പാലായിൽ യുഡിഎഫ് മേഖലകളിൽ ജോസ് കെ മാണി മുന്നേറുന്നുണ്ട്. ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ആറിടത്തും എൽഡിഎഫാണ് മുന്നിൽ. മൂന്നിടത്താണ് യുഡിഎഫ് മുന്നിലുള്ളത്. വടകരയിൽ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ 1733 വോട്ടിന് കെകെ രമ മുന്നിലാണ്. തിരുവനന്തപുരത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും എൽഡിഎഫാണ് മുന്നിൽ.

കൊട്ടാരക്കരയിൽ ഡിക്ലറേഷൻ ഫോമിലെ നമ്പറും പോസ്റ്റൽ ബാലറ്റിലെ നമ്പറുകളും തമ്മിൽ വ്യത്യാസമെന്ന് ആക്ഷേപം ഉയർന്നു. കണ്ണൂർ ജില്ലയിലെ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായിയുടെ ലീഡ് 500ലേക്ക് ഉയർന്നു. കല്യാശ്ശേരിയിലും മട്ടന്നൂരും പയ്യന്നൂരും എൽഡിഎഫിൻ്റെ മികച്ച മുന്നേറ്റം തുടരുകയാണ്. 

മഞ്ചേരിയിൽ യുഡിഎഫ് ഭരിക്കുന്ന തൃക്കലങ്ങോട് പഞ്ചായത്തിൽ എൽഡിഎഫാണ് മുന്നിൽ. ഇടുക്കി ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫും രണ്ടിടത്ത് യുഡിഎഫുമാണ് ആദ്യ ഒരു മണിക്കൂർ അവസാനിച്ചപ്പോൾ മുന്നിലെത്തിയത്.  കണ്ണൂരിൽ യുഡിഎഫിന്റെ ഉറച്ച കോട്ടയായ പേരാവൂരിൽ എൽഡിഎഫ് മുന്നേറുന്നുണ്ട്. ശക്തമായ പോരാട്ടം നടന്ന അഴീക്കോട് ലീഡ് നില മാറിമറിയുകയാണ്. പാലക്കാട് മണ്ഡലത്തിൽ ഇ ശ്രീധരൻ മികച്ച ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്. തൃത്താലയിൽ എംബി രാജേഷാണ് മുന്നിലുള്ളത്. തൃപ്പൂണിത്തുറയിൽ കെ ബാബുവാണ് മുന്നിൽ. 

click me!